വിഷ്ണു അരവിന്ദ്
പശ്ചിമേഷ്യയിലെ ന്യൂനപക്ഷമായ ജൂത സമൂഹത്തെ ഒറ്റപ്പെടുത്താനും അക്രമിക്കുവാനും വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇസ്രായേലിലുണ്ടായ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ യുദ്ധവും. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന അജണ്ടയാണ് പാലസ്തീന്റെ ലക്ഷ്യം. ആയുധങ്ങള്‍ കൊണ്ടുള്ള അക്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ നയതന്ത്ര രംഗത്തും യുദ്ധത്തിന് സമാനമായ നീക്കങ്ങളാണ് പശ്ചിമേഷ്യയെ കേന്ദ്രമാക്കി അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്നത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ലബനന്‍, ഖത്തര്‍, സൗദി, ഇറാന്‍, ഇറാഖ് തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങള്‍ക്ക് പാലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന ആഗ്രഹം വര്‍ഷങ്ങളായുണ്ട്. ഇതിന്റെ ഭാഗമായി 1948, 1967, 1973 കാലഘട്ടത്തില്‍ ഇസ്രായേലിനെ ഈ രാജ്യങ്ങള്‍ സൈനികമായി അക്രമിച്ചു. എന്നാല്‍ വിവിധ സമാധാന ശ്രമങ്ങള്‍ക്കുശേഷം ഗാസ മുനമ്പില്‍ ഹമാസ് അധികാരത്തിലേറിയതുമുതല്‍ ഇന്നുവരെ നിരന്തരമായ ഭീകരാക്രമണമാണ് ഇസ്രായേല്‍ നേരിടുന്നത്. ഇതിന് ചില അറബ് രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. ഇസ്രായേലില്‍ നിന്നേറ്റ മുന്‍കാല പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ പരോക്ഷമായാണ് ഈ രാജ്യങ്ങള്‍ ഇസ്രായേല്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. എന്നാല്‍ എല്ലാ അറബ് രാജ്യങ്ങളും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് പറയുവാന്‍ സാധിക്കില്ല. കാരണം നിരവധി ശുഭസൂചകമായ മാറ്റങ്ങള്‍ അടുത്ത കാലത്തായി മേഖലയില്‍ വന്നു തുടങ്ങിയിരുന്നു.
ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്കുപരിയായി മേഖലയിലെ മറ്റ് രണ്ട് പ്രധാന ഘടകങ്ങള്‍ കൂടി ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. അതിലൊന്നാണ് അറേബ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്ന ശീതയുദ്ധം. ഇസ്ലാംമതത്തിലെ സുന്നി -ഷിയ സംഘര്‍ഷങ്ങളുടെ ഭാഗമായി സുന്നി രാജ്യമായ സൗദിയും ഷിയാ രാജ്യമായ ഇറാനുമാണ് ഈ ശീതയുദ്ധത്തിന്റെ മുന്നിലുള്ളത്. ഇതിനോട് ബന്ധമുള്ള രണ്ടാമത്തെ ഘടകം അമേരിക്കയുടെയും റഷ്യയുടെയും ഇടപെടലുകളാണ്. അമേരിക്കന്‍ സഖ്യ കക്ഷികളാണ് നിലവില്‍ സൗദിയും, ഇസ്രായേലും ഈജിപ്തും. എന്നാല്‍ ഇറാന്‍, സിറിയ, ലബനന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാവട്ടെ റഷ്യന്‍ പിന്തുണയോടെ നിലനില്‍ക്കുന്നു.
സിറിയന്‍ ആഭ്യന്തര കലാപ സമയത്ത് ബാഷര്‍-അല്‍-അസദ് ഭരണകൂടത്തെ നിലനിര്‍ത്തുവാന്‍ റഷ്യ ശക്തമായ പിന്തുണയാണ് നല്‍കിയത്. റഷ്യയും ഇറാനും തമ്മില്‍ സൈനിക സഹകരണം നിലവിലുണ്ട്. ഇറാനാണ് ഹമാസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്. ഇറാന്‍ നല്‍കുന്ന സഹായങ്ങളാണ് ഇസ്രായേല്‍ അക്രമത്തില്‍ നിന്നും അകലം പാലിക്കുവാന്‍ സൗദിയെ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. എന്നാല്‍ ഹമാസിന്റെ അക്രമണത്തെ കുറിച്ചു റഷ്യയ്‌ക്ക് അറിവുണ്ടായിരുന്നതിന് തെളിവില്ല. റഷ്യയുടെതൊ ചൈനയുടേതോ ആയ ആയുധങ്ങള്‍ ഹമാസ് ഉപയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ റഷ്യയ്‌ക്ക് ഹമാസുമായി ബന്ധമുണ്ടെന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഹമാസ് സംഘം റഷ്യ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളെപോലെ ഹമാസിനെ ഒരു ഭീകരവാദ സംഘടനയായി റഷ്യ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ഇവയ്‌ക്ക് പുറമെ വെസ്റ്റ് ബാങ്കിലെ പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ഉടന്‍ റഷ്യ സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷത്തില്‍ റഷ്യയ്‌ക്ക് ചില നേട്ടങ്ങളുമുണ്ട്. റഷ്യ -ഉക്രൈന്‍ യുദ്ധത്തിന്‍ മേല്‍ നിലനില്‍ക്കുന്ന അന്താരാഷ്‌ട്ര ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് തിരിക്കുവാനും പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രൈന് നല്‍കുന്ന ആയുധങ്ങളുടെ അളവില്‍ കുറച്ച് ഭാഗം ഇസ്രായിലിലേക്ക് വഴിതിരിച്ചു വിടുവാനും ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം റഷ്യയ്‌ക്ക് സഹായകരമാകുന്നുണ്ടെന്നത് വാസ്തവമാണ്. ഇതുവഴി രണ്ട് യുദ്ധങ്ങളില്‍ പിന്തുണ നല്‍കുന്ന അമേരിക്കയുടെ ശക്തി അളക്കുവാനും റഷ്യയ്‌ക്ക് സാധിക്കുന്നു. മേഖലയില്‍ അമേരിക്ക നടത്തുന്ന തരത്തില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുവാനും റഷ്യയ്‌ക്ക് ആഗ്രഹമുണ്ട്. ഇതിലൂടെ മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ പരാജയമാണെന്ന് തെളിയിക്കുവാനും റഷ്യ ശ്രമിച്ചു കഴിഞ്ഞു.
അമേരിക്കയാവട്ടെ കൂടുതല്‍ റഷ്യന്‍ ഇടപെടലുകള്‍ക്ക് ഇടം കൊടുക്കാതിരിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനായി സമാധാന ഉടമ്പടികള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും രൂപം നല്‍കുന്നു. അതിനൊരുദാഹരണമാണ് ഇന്ത്യ, ഇസ്രായേല്‍, യുഎഇ, യുഎസ്എ (ഐ2 യു 2) എന്നീ രാജ്യങ്ങള്‍ അംഗങ്ങളായിട്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കൂട്ടായ്മ. ഇത് കൂടാതെ വര്‍ഷങ്ങളായി ഇസ്രായേലും സൗദിയും തമ്മിലുണ്ടായിരുന്ന ശത്രുതയും കുറഞ്ഞു വന്നിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്നു വന്നിരുന്ന ശ്രമങ്ങള്‍ വിജയം കണ്ടിരുന്നുവെന്ന് വേണം പറയുവാന്‍. മാത്രമല്ല 1979 ല്‍ ഈജിപ്തും 1994 ല്‍ ജോര്‍ദാനും കൂടാതെ 2020 ലെ അബ്രഹാം ഒത്ത് തീര്‍പ്പ് വ്യവസ്ഥയിലൂടെ യുഎഇ, ബഹ്‌റൈന്‍, മൊറൊക്കോ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളും ഇസ്രായേലുമായുള്ള സാമ്പത്തികവും രാഷ്‌ട്രീയവും നയതന്ത്രവുമായ ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി ഇസ്രായേലിന്റെ മേഖലയിലെ ഒറ്റപ്പെടല്‍ അവസാനിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന യുദ്ധം സമാധാന ശ്രമങ്ങളെയെല്ലാം തകിടം മറിക്കുവാന്‍ കഴിവുള്ളതാണ്.
നിലവില്‍ ഇസ്രായേലും ലബനനും തമ്മിലും സംഘര്‍ഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഹിസ്ബുള്ളയെന്ന ഷിയ ഭീകരവാദ ഗ്രൂപ്പാണ് ഇസ്രായേലുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ നടത്തുന്നത്. ഹിസ്ബുള്ളയ്‌ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ്. മറ്റൊന്ന് റഷ്യന്‍ സഖ്യ കക്ഷിയായ സിറിയയാണ്. സിറിയയുടെ രണ്ട് വിമാനത്താവളങ്ങള്‍ ഇസ്രായേല്‍ സേന ബോംബിട്ട് നശിപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും സിറിയ മുഖേനെ ഹമാസിന് ലഭിക്കുന്നത് തടയുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. വിമാനത്താവളം ആക്രമിച്ചതിന് പുറകെ റഷ്യന്‍ പ്രസിഡന്റ് വളാദമിര്‍ പുടിന്‍ ഇസ്രായേലിനെതിരെ രംഗത്തെത്തിയത് റഷ്യന്‍ താല്പര്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടായത് കൊണ്ടാണ്. ഖത്തറിന്റെ ഇരട്ട മുഖമാണ് മറ്റൊന്ന്. ഒരു വശത്ത് ഇസ്രായേലുമായി ബന്ധം നിലനിര്‍ത്തുകയും മറുവശത്ത് ഗാസ മുനമ്പിന് സാമ്പത്തിക സഹായം നല്‍കി ഹമാസിനെ പിന്തുണയ്‌ക്കുന്നു. ഒപ്പം അല്‍-ജസിറ ചാനല്‍ ഉപയോഗിച്ചു ഇസ്രായേല്‍ വിരുദ്ധവും ഇസ്ലാം അനുകൂലവുമായ വാര്‍ത്തകള്‍ ലോകമാസകലം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അക്കാരണത്താല്‍ തന്നെ യുദ്ധം തുടങ്ങിയതിനു ശേഷം ചാനലിനെ ഇസ്രായേലില്‍ നിരോധിക്കുകയുണ്ടായി.
ഇസ്രായേലിന്റെ പ്രധാന ശക്തികളിലൊന്ന് അമേരിക്കയാണ്. അമേരിക്കയിലെ ജൂതലോബി എന്നറിയപ്പെടുന്ന ഒരു സമ്മര്‍ദ്ദവിഭാഗമാണ് ഇതിന്റെ അടിസ്ഥാനം. ബിസ്സിനസുകാരും സമ്പന്നരുമടങ്ങുന്ന ഈ സമൂഹത്തിന്റെ സമ്മര്‍ദം ഇസ്രായേല്‍ അനുകൂല തീരുമാനങ്ങളെടുക്കുവാന്‍ യുഎസ് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നു. നിലവിലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഒരു ജൂത വംശജനാണ്. ‘അമേരിക്കയുള്ളിടത്തോളം കാലം ഇസ്രായേലിന് വേണ്ടി എന്തും ചെയ്യും’ എന്ന് യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ഇസ്രായേലില്‍ പറന്നിറങ്ങി അദ്ദേഹം പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളം ദൃഢമാണെന്നുള്ളതിന് തെളിവാണ്. ഹമാസ് അനുകൂല പ്രചരണങ്ങള്‍ നീക്കം ചെയ്യുമെന്ന് സാമൂഹിക മാധ്യമായ ഫേസ്ബുക്കും പ്രഖ്യാപിച്ചു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഒരു ജൂത വംശജനാണ്. ഇത്തരത്തില്‍ നിരവധി അതി സമ്പന്നരായ സ്വാധീന ശക്തികള്‍ അമേരിക്കയില്‍ ജൂത മതസ്ഥര്‍ക്കുണ്ട്. ഇസ്രായേലില്‍ ആക്രമണം നടന്നയുടനെ യുഎസ് നാവികസേനയുടെ ഏറ്റവും വലുതും അത്യാധുനികവുമായ ആണവ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തില്‍ ആറ് യുദ്ധക്കപ്പലുകളുടെ സേനയെയാണ് ബൈഡന്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ നാല് കപ്പലുകളടങ്ങിയ സേന പുറപ്പെടുകയും ചെയ്തത് ഇസ്രായേലിനെ ആക്രമിച്ചാല്‍ അമേരിക്ക ഇടപെടുമെന്ന സൂചന ഹമാസിനും അവരെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും നല്‍കുന്നതിനാണ്. നിലവില്‍ ആയുധങ്ങള്‍ കൈമാറ്റത്തിനും ഇന്റലിജന്‍സ് സര്‍വേകള്‍ നടത്തിയും ആക്രമണങ്ങളുടെ മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കിയും ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
രാജ്യ താല്പര്യത്തെയും അന്താരാഷ്‌ട്ര നിയമങ്ങളെയും അടിസ്ഥാനമാക്കി ഒരു സന്തുലിതമായ നിലപടാണ് ഭാരതം ഈ വിഷയത്തിലെടുത്തത്. തുടക്കത്തില്‍ ഇസ്രായേലില്‍ നടത്തിയ ഭീകരവാദത്തെ തള്ളിപ്പറഞ്ഞു കൊണ്ട് ഇസ്രായേലിന് പ്രധാനമന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരയാണ് ഭാരതവും. എന്നാല്‍ മനുഷ്യാവകാശങ്ങളെ പരിഗണിച്ചു കൊണ്ട് ഒരു രാജ്യം ലഭിക്കുവാനുള്ള പലസ്തീന്‍ ജനതയുടെ അവകാശത്തെയും പിന്തുണച്ചു. അറബ് രാജ്യങ്ങളുമായുള്ള മികച്ച ബന്ധം നിലനിര്‍ത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇസ്രായേലിലുണ്ടായ ഭീകരക്രമണത്തെക്കുറിച്ച് ചൈന മൗനം പാലിച്ചു. റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധമാണ് ഇത്തരത്തില്‍ നിലപാടെടുക്കാന്‍ രാജ്യത്തെ പ്രേരിപ്പിച്ചത്. പാലസ്തീന്‍ അനുകൂല പ്രകടനങ്ങളും അക്രമങ്ങളും കലാപങ്ങളും മറ്റ് രാജ്യങ്ങളില്‍ അരങ്ങേറുവാനുള്ള സാഹചര്യങ്ങളും ലോക രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ഫ്രാന്‍സ് പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചു.
അക്രമം നടത്തുവാന്‍ ഹമാസിന് സഹായകരമാവുന്ന അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കുകയും വീണ്ടും ആക്രമണം ആരംഭിക്കാനുള്ള സൈനിക ശേഷിയെ മൊത്തത്തില്‍ ഇല്ലാതാക്കുകയെന്നതാണ് കരയുദ്ധ പ്രഖ്യാപനത്തിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. ഹമാസിനെ ഇല്ലാതാകുന്നതിലൂടെ മേഖലയില്‍ ഇടയ്‌ക്കിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുറയ്‌ക്കാമെന്ന് ഇസ്രായേല്‍ കരുതുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഭാരതത്തെ പോലെയുള്ള രാജ്യങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുന്ന വിവിധ സമാധാന ശ്രമങ്ങള്‍ക്ക് ഇത് അനുകൂലമായ സാഹചര്യമൊരുക്കും. ഇതുതന്നെയാണ് അമേരിക്കയും കരുതുന്നത്. അതിനൊപ്പം തന്നെ ഒരു വലിയ യുദ്ധമായി മാറാതെ നോക്കേണ്ടതുമുണ്ട്. അത് ലക്ഷ്യം വെച്ചു കൊണ്ടാണ് യുദ്ധക്കപ്പലുകള്‍ ബൈഡന്‍ ഭരണകൂടമയച്ചത്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ യുദ്ധം നീണ്ടു പോവുകയും ഹമാസിനെ ഇല്ലാതാക്കുകയും പകരമായി സമാധാന ശ്രമങ്ങളുടെ ഭാഗമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള ശ്രമങ്ങളും ഭാവിയില്‍ ഉണ്ടാകുമെന്ന സൂചനയുമാണ് ലഭിക്കുന്നത്.
(ന്യൂദല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: