തൃശ്ശൂര്‍: ലോകം എന്നാല്‍ കേരളം മാത്രമല്ല. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് അവാര്‍ഡിനായി ഇനി സിനിമകള്‍ അയക്കുന്നില്ല എന്ന് പ്രശസ്ത സംവിധായകന് ഡോ. ബിജു.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിലും അവാര്‍ഡ് നിര്‍ണയത്തിലും അവിഹിത ഇടപെടലുകള്‍ നടക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ മേളയില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത് ജൂറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ടായി. പ്രശസ്തരായ പല ഫിലിം മേക്കര്‍മാരും തിരുവനന്തപുരം ചലച്ചിത്രോത്സവ നടത്തിപ്പിലെ ക്രമക്കേടുകളും അവിഹിത ഇടപെടലുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംവിധായകന് ബിജുവും നിസഹകരണം പ്രഖ്യാപിക്കുന്നത്.
ബിജു ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ. ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇനി മുതല്‍ സിനിമകള്‍ അയക്കുന്നില്ല എന്ന തീരുമാനം എടുക്കുകയാണ്. ഐഎഫ്എഫ്കെയില് ന്യൂ മലയാളം സിനിമ വിഭാഗത്തില്‍ നിന്നും പുറന്തള്ളുകയും പിന്നീട് അതേ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഐഎഫ്എഫ്കെയില് ഫെസ്റ്റിവല്‍ കാലിഡോസ്കോപ് വിഭാഗത്തില്‍ സ്വാഭാവികമായും പ്രദര്‍ശിപ്പിക്കാന്‍ അക്കാദമി നിര്‍ബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകള്‍ ആയി നടക്കുന്നത്.
ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ കാലിഡോസ്കോപ് ഉള്‍പ്പെടെ ഒരു വിഭാഗത്തിലും ഐഎഫ്എഫ്കെ യിലേക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യപ്പെടുന്നില്ല. ലോക സിനിമകള്‍ കണ്ടതും പഠിച്ചതും ഐഎഫ്എഫ്കെയില് ആണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം എനിക്ക് ഏറെ ദുഃഖകരവും ആണ് . പക്ഷെ കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന ഒന്നാണ് ഈ തീരുമാനം. ഐഎഫ്എഫ്കെയിലോ ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലോ ഇനി സിനിമകള്‍ സമര്‍പ്പിക്കാനോ പ്രദര്ശിപ്പിക്കാനോയില്ല.
ഇത്തവണ കേരളീയത്തോട് അനുബന്ധിച്ചു നടത്തുന്ന ചലച്ചിത്ര മേളയില്‍ ക്ലാസ്സിക് വിഭാഗത്തില്‍ പ്രദര്‍ശനത്തിനായി ലിസ്റ്റ് ചെയ്തിരുന്ന വീട്ടിലേക്കുള്ള വഴി എന്ന സിനിമ കേരളീയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ ഏറെ വര്‍ഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന മറ്റൊരു തീരുമാനം കൂടി നടപ്പാക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഇനി മുതല്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സംവിധായകന്, തിരക്കഥ, തുടങ്ങിയ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ സിനിമ ജൂറിക്ക് മുന്‍പാകെ നല്‍കൂ.
സാങ്കേതിക പ്രവര്‍ത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമകള്‍ സാങ്കേതിക മേഖലകളില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കും. ഈ തീരുമാനങ്ങള്‍ ഇപ്പോഴെങ്കിലും എടുത്തില്ലെങ്കില്‍ വ്യക്തി എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയിലും നമുക്ക് സ്വയം ഉള്ള ആത്മാഭിമാനം ഇല്ലാതാകും. ലോകം എന്നാല്‍ കേരളം മാത്രം അല്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: