ജ്ഞാനവസിഷ്ഠത്തിലൂടെ…
(ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച)
ഇരുന്നീടിലും നടന്നീടിലും ഉണര്‍ന്നിരുന്നീടിലും നന്നായുറങ്ങിക്കിടക്കിലും സന്തതം ഈ ദൃഷ്ടിയെ കൈക്കൊള്ളുന്നതായാല്‍ ബന്ധനമൊരിക്കലും പ്രാപിച്ചീടുന്നതല്ല. ഹൃത്പത്മയന്ത്രത്തിങ്കല്‍നിന്ന് പ്രാണവായു ഉത്ഭവിക്കുന്നു, പിന്നെ ബഹിര്‍ഭാഗത്തായി ദ്വാദശാങ്കുലപര്യന്തത്തില്‍ അസ്തമിച്ചീടുന്നു എന്നറിഞ്ഞുകൊണ്ടീടുക മഹാമുനേ! എവിടെ പ്രാണന്‍ അസ്തംഗതനായി ഭവിക്കുന്നിതു അവിടെ അപാനന്‍ ഉദിച്ചുകൊണ്ടീടുന്നു. എവിടെ പ്രാണവായു ഉദിച്ചുകൊണ്ടീടുന്നു അവിടെ അപാനന്‍ അസ്തമിച്ചീടുന്നു.
ബഹിര്‍ഭാഗത്തിങ്കല്‍നിന്ന് അപാനനാകുന്ന ചന്ദ്രന്‍ പുറപ്പെട്ട് ദേഹത്തെ തണുപ്പിക്കുന്നു, പ്രാണവായുവാകുന്ന സൂര്യന്‍ ശരീരത്തെ എന്നും പാകയുക്തമാക്കുന്നു. ഓര്‍ത്താല്‍ അപാനചന്ദ്രക്കല യാതൊന്നിങ്കല്‍ ഏറ്റവം പ്രാണസൂര്യഗ്രസ്തയായീടുന്നിതു തല്‍പ്പദം അനുത്തമം പ്രാപിച്ചുകൊണ്ടീടുകില്‍ അല്പമെങ്കിലും ദുഃഖം പിന്നെ ഉണ്ടാകയില്ല. പോകയും വരികയും ചെയ്തീടുന്ന പ്രാണന്‍തന്നെയാകുന്നു സൂര്യശീതാംശുതയെ കൈക്കൊള്ളുന്നതും. പ്രാണനെ അപാനന്‍ ഭക്ഷിപ്പാന്‍ ചെല്ലുമ്പോഴും പ്രാണന്‍ അപാനനെ ഭക്ഷിപ്പാന്‍ ചെല്ലുമ്പോഴും രണ്ടിലും മദ്ധ്യസ്ഥമാകുന്ന തല്‍പ്പദം പ്രാപിച്ചുകൊണ്ട് അവന്‍ പിന്നെ ജനിച്ചീടുകയില്ലെന്നത് നിശ്ചിതമാണ്. ചിദ്രൂപന്‍, ആത്മാ, പ്രാണസംക്ഷയനികടസ്ഥന്‍ ഓര്‍ത്തീടില്‍ പരമപാനോദയസമീപഗന്‍ ഇത്തരം പ്രാണാപാനന്മാരായ വായുക്കള്‍ക്ക് മദ്ധ്യമായീടുന്ന ചിദാത്മാവിനെ ഞാന്‍ ധ്യാനിക്കുന്നു. അപാനന്‍ അസ്തമിച്ച് പ്രാണമാരുതോദയം ഭവിച്ചീടാത്ത ക്ഷണമായി അവിദ്യയുടെ സംബന്ധമില്ലാത്തതാകുന്ന ചിത്തത്ത്വത്തെ ഉള്‍ത്തടത്തില്‍ ഞാന്‍ ധ്യാനിച്ചുകൊള്ളുന്നു. ചിന്തിക്കില്‍ പ്രാണവായു അസ്തമിച്ച് അപാനനാകുന്ന വായു ഉദിച്ചീടാത്തതു യാതൊന്നിങ്കല്‍ നാസികാഗ്രഗഗനാവര്‍ത്തമായീടുന്ന ആ ചിത്തത്ത്വത്തെ ഞാന്‍ ധ്യാനിക്കുന്നു. അവിദ്യാമലം ഒട്ടുമില്ലാത്തതായി നിത്യം അവിദ്യാമലം ചേര്‍ന്നീടുന്നതുമായി സ്വാനുഭൂതൈ്യകമാനമായി സര്‍വദേവസേവ്യമാനമാകുന്ന പരം പദത്തെ ഞാന്‍ പ്രാപിച്ചു. ഇത്തരത്തിലുള്ള നല്ല പ്രാണസമാധിയാല്‍ നിര്‍മ്മലാത്മാവില്‍ ഞാന്‍ സ്വയം വിശ്രാന്തിയെ പ്രാപിച്ചു. പണ്ടുകഴിഞ്ഞതും മേലില്‍ വന്നീടുന്നതും ഓര്‍ക്കാതെ ഞാന്‍ വര്‍ത്തമാനത്തെ ആശ്രയിച്ചു കഴിയുന്നു. ‘ഞാനിതിനെ നേടി, മേലില്‍ പുത്തനായിരിക്കുന്നതിനെക്കൂടി കൈക്കലാക്കുകവേണം,’ ഈവണ്ണം ഉള്ളില്‍ ചിന്തയ്ല്ലായ്കമൂലം ചിരഞ്ജീവിയായി ഞാന്‍ ആമയംകൂടാതെ വാണീടുന്നു. ഒന്നിനെയും സ്തുതിക്കയില്ല, നിന്ദിക്കയില്ല, അതുകൊണ്ട് ഞാന്‍ അനാമയനായി കഴിയുന്നു. ശുഭപ്രാപ്തിയിങ്കല്‍ ശുഭമുണ്ടാകയില്ല, അശുഭപ്രാപ്തിയിങ്കല്‍ സന്താപമുണ്ടാകയില്ല. എന്റെ മാനസം എല്ലായ്‌പ്പോഴും സമമായി വര്‍ത്തിക്കുന്നു. അതുകൊണ്ട് ഞാന്‍ അനാമയനായി വാഴുന്നു. ഞാന്‍ നല്ലവണ്ണം വൈരാഗ്യമാര്‍ന്ന് ജീവിതം മുതലായുള്ളവ മുഴുവനും ത്യജിച്ചു.
മാമുനേ! അതുകൊണ്ട് ഞാനിങ്ങ് അല്പംപോലും ആമയംകൂടാതെകണ്ട് എപ്പോഴും വാണീടുന്നു. ഉള്ളില്‍ അല്പവും കൗതൂഹലമില്ല, നഷ്ടമായിട്ടുള്ളതില്‍ തെല്ലും ശോകമില്ല, കാംക്ഷയുമില്ല. ഇവനെന്റെ ബന്ധുവെന്നും അവന്‍ ശത്രുവെന്നും ഇവയെന്നുടെയെന്നും അവ അന്യന്റെയെന്നും മാനസ്സത്തിങ്കല്‍ ചിന്ത എനിക്കൊരിക്കലുമില്ല, ഞാനതുമൂലം ചിരഞ്ജീവിയായി വാണീടുന്നു. ആശയത്തിങ്കല്‍ എനിക്കാശയില്ല, ഞാന്‍ ലവലേശവും സദാ സമാഹിതനായീടുന്നു. മാമുനേ! അതുകൊണ്ട് ഞാനിവിടെ അല്പംപോലും ആമയംകൂടാതെ എപ്പോഴും വസിക്കുന്നു. ഞാന്‍ സുഖിയെ കണ്ടീടുമ്പോള്‍ സുഖിയായീടുന്നു, ദുഃഖിയെക്കണ്ടീടുമ്പോള്‍ ദുഃഖിയുമായീടുന്നു. ഞാനെല്ലാവര്‍ക്കും പ്രിയമിത്രമായി വാണീടുന്നു. അതുമൂലം ഞാന്‍ അല്ലല്‍കൂടാതെ ജീവിച്ചീടുന്നു. മലപോലുള്ള ധീരന്‍, ഞാനാപത്ക്കാലത്തിങ്കല്‍ ഉലകിനുള്ള മിത്രം, നല്‍സമ്പത്പ്രാപ്തിയിങ്കല്‍ നല്ലതാണ്, ആകാത്തതാണെന്നുള്ള വിചാരമില്ല, അതുമൂലം ഞാന്‍ അല്ലല്‍കൂടാതെ ജീവിക്കുന്നു. രാഘവ! കേള്‍ക്കു, ഏവം ഭൂസുണ്ഡനാകുന്ന മഹായോഗിയുടെ വാക്കുകേട്ടു ഞാനുടന്‍ പറഞ്ഞു, ‘കര്‍ണത്തിന്നമൃതമായീടുന്ന അങ്ങയുടെ ഈ വൃത്താന്തം ചിന്തിച്ചാല്‍ വിസ്മയപ്രദമാണ്. കല്യനാകുന്ന ഭവാനു കല്യാണം ഭവിക്കട്ടെ! നേരം മദ്ധ്യാഹ്നമായിരിക്കിന്നു. ഞാന്‍ സ്വര്‍ഗത്തേയ്‌ക്കായി പോകുന്നു. വെറുതെ കൂടെപ്പോന്നിട്ട് അങ്ങുന്നു ബുദ്ധിമുട്ടീടരുത്.’ എന്നിങ്ങനെ പറഞ്ഞശേഷം ഇരിപ്പിടത്തിങ്കല്‍നിന്ന് എഴുന്നേറ്റ് ഹൃഷ്ടനായി പക്ഷിപോലെ ആകാശത്തില്‍ പറന്നുപൊങ്ങി. ഒരു യോജനദൂരം ഭൂസുണ്ഡന്‍ പിമ്പേവന്നു. വളരെപ്പണിപ്പെട്ടു ഞാന്‍ അദ്ദേഹത്തെ മടക്കി അയച്ചു.
ലോകത്തില്‍ സത്തുക്കളെപ്പിരിയുന്നതുപോലെ ശോകമുണ്ടാക്കുന്നത് മറ്റൊന്നുമില്ല. പിന്നെ കൃതയുഗത്തിലും അവിടെവെച്ചു അന്നത്തേപ്പോലെതന്നെ ഞാന്‍ ഭൂസുണ്ഡനെ കണ്ടു. അദ്ദേഹത്തിന് ഒട്ടും ജരബാധിച്ചിട്ടില്ല. ഇങ്ങനെ ഉത്തമമായ ഭൂസുണ്‌ഡോദന്തം ഏറ്റവും ഉത്തമനായീടുന്ന നിന്നോടിന്നു ഞാന്‍ പറഞ്ഞു. ഉള്ളില്‍ അതിനെ വേണ്ടവണ്ണം എപ്പോഴും ചിന്തിച്ചിട്ട് യുക്തംപോലെ ആചരിച്ചാലും രാമ!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: