ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ പണവാങ്ങിയെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ അത് ലജ്ജാകരവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഡാറ്റാ സെന്റര്‍ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ഒരു എംപിയാണ് ഈ പാര്‍ലമെന്ററി ചോദ്യം ചോദിച്ചതെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. ഇത് സത്യമാണെങ്കില്‍ ഇത് ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് അദേഹം എക്സ്ല് പോസ്റ്റ് ചെയ്തു.
ഈ കമ്പനി ഡാറ്റ ലോക്കലൈസേഷനായി സജീവമായും ആക്രമണോത്സുകമായും ലോബിയിംഗ് നടത്തിയിരുന്നു എന്നത് ശരിയാണ്. പാര്‍ലമെന്റ് ചോദ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഈ കമ്പനിയുടെ തലവന്‍ എന്നെ കണ്ടപ്പോള്‍ ഉപയോഗിച്ചതിന് വളരെ സാമ്യമുള്ളതാണെന്നും അദേഹം പറഞ്ഞു.
അദാനിയെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ ലോക് സഭയില്‍ ചോദിക്കുന്നതിന് ദര്ശന് ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണമായി ഉന്നയിച്ചത്.
I hv learnt from news reports that this Parliamentary Question was likely asked by a MP at the behest of a Data center company.
If true this is indeed shocking and shameful 🤮🤬
It is true that this company was actively and aggressively lobbying for Data Localization.… pic.twitter.com/slrtrNLNSy
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) October 16, 2023
ഇതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മൊയ്ത്രയെ ഉടനെ സസ്പെന്റ് ചെയ്യാനും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. പാര്‍ലമെന്റ്റി അവകാശലംഘനം, പാര്‍ലമെന്റ് അവഹേളനം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളുടെ പേരില്‍ മഹുവ മൊയ്ത്രയെ ഉടന്‍ സസ്പെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നിഷികാന്ത് ദുബെ കത്തെഴുതി.
അദാനി ഗ്രൂപ്പ് കാരണം ഹിരാനന്ദാനി ഗ്രൂപ്പിന് ഊര്‍ജ്ജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലയിലെ ബിസിനസുകള്‍ നഷ്ടപ്പെട്ടതിന്റെ പ്രതികാരമെന്നോണമാണ് ലോക് സഭയില്‍ മഹുവ മൊയ്ത്രയെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ചതെന്ന് പറയുന്നു. ഇതിനായി മഹുവ മെയ്ത്രയ്ക്ക് രണ്ട് കോടി രൂപയും വിലകൂടിയ ആപ്പിള്‍ ഐ ഫോണും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപയും നല്‍കിയിരുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: