കൊട്ടാരം വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി എംഎല്‍എയും എംപിയുമായ ദിയാ കുമാരിയെ ഇത്തവണ രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏല്‍പ്പിക്കുന്നത് പുതിയ ദൗത്യം. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്നാണ് ദിയ കുമാരിയുടെ വരവ്. 2013ല്‍ ബിജെപിയില്‍ ചേര്‍ന്ന ദിയ അതേ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങിയപ്പോള്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് കിരോരി ലാല്‍ മീണ പാര്‍ട്ടിയെ വെല്ലുവിളിച്ച് സവായ് മാധോപൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച ഘട്ടം. മീണ സമുദായത്തിന് വളരെ മുന്‍തൂക്കമുള്ള സവായ് മാധോപൂരില്‍ കിരോരി ലാലിനെ നേരിടാന്‍ അമ്പേ പുതുമുഖമായ ദിയാ കുമാരി എത്തിയത് പലര്‍ക്കും അത്ഭുതമായിരുന്നു.
അക്കാലത്ത് സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പിന്നീട് രാഷ്ട്രീയ നിരീക്ഷകനായി പ്രശസ്തനായ അനില്‍ ഷെഖാവത്ത് കിരോരി-ദിയ പോരാട്ടത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ; രാജകുടുംബത്തിലെ പിന്‍ഗാമിയായ മഹാരാജ സവായ് മാധോ സിങ് ഒന്നാമന് പണികഴിപ്പിച്ച നഗരം എന്നതിനപ്പുറം സവായ് മധോപൂരുമായി ദിയയ്ക്ക് എന്തു ബന്ധം എന്നാണ് അന്ന് പലരും ചോദിച്ചത്. മീണ സമുദായത്തിനുള്ള മുന്‍തൂക്കം കിരോരിക്ക് ഗുണമാവും എന്നായിരുന്നു ഉറപ്പ്.
രാജ്പുത് സമുദായത്തിന് കാര്യമായ വേരോട്ടവുമില്ല, എന്നാല്‍ ദിയയുടെ പ്രചരണ രീതികള്‍ എല്ലാവരേയും അമ്പരിപ്പിച്ചു. സമുദായങ്ങളെയൊന്നും നോക്കാതെ എല്ലാവരിലേക്കും ദിയ ഇറങ്ങിച്ചെന്നു. ഗുജ്ജര്‍, മുസ്ലിം, ബ്രാഹ്മണര്‍, വൈശ്യ, ജാട്ട് സമൂഹങ്ങളിലേക്ക് ദിയ ബിജെപി പ്രചരണം നയിച്ചു.
രാജകുടുംബത്തിലെ ഒരാളായല്ല സാധാരണക്കാരിയായുള്ള ദിയയുടെ സമീപനം സ്ത്രീ വോട്ടര്‍മാരെ സ്വാധീനിച്ചു. മുപ്പത്തേഴു ശതമാനം വോട്ടു നേടി ദിയ വിജയിച്ചു. എല്ലാ സമുദായങ്ങളിലേക്കും ചെന്ന് അവരിലൊരാളായി മാറാന്‍ ദിയക്കു കഴിഞ്ഞതാണ് ആ വിജയത്തിന് കാരണം, അനില്‍ ശെഖാവത്ത് വിലയിരുത്തുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്സമന്ദ് മണ്ഡലം പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ പോരിനിറങ്ങിയതും ഈ അമ്പത്തിരണ്ടുകാരി. വീണ്ടും സംസ്ഥാനരാഷ്ട്രീയത്തിലെത്തി വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് ഇത്തവണ പാര്‍ട്ടി ആവശ്യപ്പെട്ടത്. മണ്ഡലം ഏതായാലും വിജയമുറപ്പിച്ചോളൂ എന്നാണ് ദിയ പാര്‍ട്ടിക്ക് നല്കിയ ഉറപ്പ്.
മാന്‍ സിങ് രണ്ടാമന്റെ മകള്‍ പദ്മിനി ദേവിയുടെ മകളാണ് ദിയ. അച്ഛന് 1971ലെ ഇന്ത്യ – പാക് യുദ്ധത്തിലെ പോരാട്ടത്തിന് മഹാവീര്‍ ചക്ര നല്കി രാജ്യം ആദരിച്ച ബ്രിഗേഡിയര്‍ ഭവാനി സിങ്. അച്ഛന്റെ പോരാട്ടവീര്യം മകള്‍ക്കും കിട്ടിയിട്ടുണ്ട്.
സമൂഹത്തെ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കാന്‍ മുത്തശ്ശി ഗായത്രീ ദേവി മുന്‍കൈയെടുത്ത് നടപ്പാക്കിയിരുന്ന നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദിയയെ സ്വാധീനിച്ചിട്ടുണ്ട്. വളരെ ക്ഷമയോടെ എല്ലാവരേയും കേള്‍ക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള കഴിവാണ് ദിയയെ വ്യത്യസ്തയാക്കുന്നതെന്നാണ് രാജ്സമന്ദ് മണ്ഡലത്തിലെ വോട്ടറായ തിമ്മി കുമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: