തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടം. നഗരത്തില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ടെക്നോപാര്‍ക്കിലും കോസ്മോപൊളിറ്റന്‍ ആശുപത്രിയിലും വെള്ളം കയറി. കോസ്മോ ആശുപത്രിയുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായി. കിള്ളിയാറും തെറ്റിയാറും ആമയിഴഞ്ചാന്‍ തോടും കരകവിഞ്ഞു ചുറ്റുമുള്ള പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. തീരദേശമേഖലയിലും വെള്ളം കയറി. ഇരുപത്തിയൊന്നു ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. 875 പേരെ മാറ്റിപാര്‍പ്പിച്ചു. ആറു വീടുകള്‍ പൂര്‍ണമായും പതിനാറു വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
രാത്രിയോടെ ശക്തമായ മഴയില്‍ തിരുവനന്തപുരം നഗരപ്രദേശങ്ങളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു. എയര്‍പോര്‍ട്ട് പ്രദേശത്ത് 211 മില്ലിമീറ്ററും നഗരപ്രദേശങ്ങളില്‍ 118 മില്ലിമീറ്ററും മഴയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മഴ മുന്നറിയിപ്പ് ദിവസങ്ങളെ അപേക്ഷിച്ച്, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്രതയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് വെള്ളക്കെട്ടുണ്ടായത്. കൂടാതെ സമുദ്രജലനിരപ്പ് ഉയര്‍ന്നതിനാല്‍ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതും ജലാശയങ്ങള്‍ നിറയുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: