ബെംഗളൂരു: മൈസൂരു ദസറയ്ക്ക് അത്യുജ്വലമായ തുടക്കം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് മൈസൂരുവില്‍ തുടക്കം കുറിച്ചത്. രാവിലെ 10.15ന് ചാമുണ്ഡി ഹില്‍സില്‍ നടക്കുന്ന ചടങ്ങില്‍ സംഗീതസംവിധായകന് ഹംസലേഖ ദസറ ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, മറ്റ് മന്ത്രിമാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇതിനോടകം ദസറയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നഗരത്തില്‍ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ നഗരത്തിലെ വിവിധവേദികളിലായി സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ദസറയുടെ പാരമ്പര്യ ചടങ്ങുകള്‍ക്കായി അംബാ വിലാസ് കൊട്ടാരത്തിലെ സുവര്‍ണ സിംഹാസനവും തയ്യാറായി.
ദസറയ്ക്ക് മുന്നോടിയായുള്ള എയര്ഷോ ഒക്ടോബര്‍ 23ന് നടത്തുമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മീഷണര്‍ കെ. വി. രാജേന്ദ്ര അറിയിച്ചിട്ടുണ്ട്. ബന്നിമണ്ടപ് ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടില്‍ 23ന് വൈകുന്നേരം 4 മുതല്‍ 5 വരെ ഒരു മണിക്കൂര്‍ എയര്‍ ഷോ നടക്കും. ഇതിന്റെ റിഹേഴ്സല്‍ ഒക്ടോബര്‍ 22ന് ഇതേ വേദിയില്‍ നടക്കും. നേരത്തെ, സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രതിരോധ മന്ത്രാലയം ദസറ സമയത്ത് എയര്‍ ഷോയ്ക്ക് അനുമതി നല്‍കിയിരുന്നു. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ദസറയ്ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
അതേസമയം ദസറ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 16 മുതല്‍ 22 വരെ നടത്താനാണ് ഫിലിം ഫെസ്റ്റിവല്‍ ഉപസമിതിയുടെ തീരുമാനം. ഈ കാലയളവില്‍ ഐഎന്‍എക്സിലും ഡിആര്‍സി സിനിമാസിലും മൊത്തം 112 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സിനിമകളില്‍ വാണിജ്യ ഹിറ്റുകളും കലയും ദേശീയ അവാര്‍ഡ് നേടിയ സിനിമകളും ഉള്‍പ്പെടുന്നു. ലോക ചലച്ചിത്ര വിഭാഗത്തില്‍ 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും 30 കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഒക്ടോബര്‍ 15ന് മൈസൂരു ജില്ലാ ഇന്‍ചാര്‍ജ് മന്ത്രി എച്ച്.സി. മഹാദേവപ്പ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. നിരവധി താരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യുവാക്കളുടെ കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യുവദസറ 18 മുതല്‍ 21 വരെയും സംഘടിപ്പിക്കും. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതിനാല്‍ ഇത്തവണ ചെലവ് കുറച്ചുള്ള ആഘോഷമാണ് സംഘടിപ്പിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വിജയദശമി ദിനത്തിലാണ് ഒട്ടേറെ ആനകള്‍ അണിനിരക്കുന്ന ജംബുസവാരി നടക്കുക. ദസറയോടനുബന്ധിച്ച് പ്രത്യേക പുഷ്പമേളയും നടക്കും.
ആഘോഷങ്ങള്‍ കാണാനും പങ്കെടുക്കാനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വരുംദിവസങ്ങളില്‍ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: