ജയ്പൂര്‍: രാജസ്ഥാനിലെ ബാങ്ക് കവര്‍ച്ചാക്കേസില്‍ ഡോക്ടറും കൂട്ടാളിയും അടക്കം രണ്ട് പേര് അറസ്റ്റില്‍. പുറത്തുവന്നത് ലക്ഷങ്ങളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ നടത്തിയ ആസൂത്രണം. കവര്‍ച്ചയ്ക്കായി പ്രതികള്‍ ഉപയോഗിച്ചത് കളിത്തോക്കും വ്യാജ ബോബും.
ഇന്ത്യന്‍ ബാങ്കിന്റെ അജ്മേര്‍ കിഷന്‍ഘട്ട് ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ കേസിലാണ് അജ്മേര്‍ സ്വദേശികളായ കമലേഷ് (26) സുഹൃത്ത് പ്രേംസിങ് (27) എന്നിവര്‍ അറസ്റ്റിലായത്. കമലേഷ് ഡോക്ടറാണെന്നും ലക്ഷങ്ങള്‍ വായ്പയെടുത്ത് ആശുപത്രി സ്ഥാപിച്ച ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഏഴിനാണ് കിഷന്ഘട്ടിലെ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. ഹെല്‍മെറ്റ് ധരിച്ച് ബാങ്കിലെത്തിയ രണ്ടുപേര്‍ തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
പണം നല്‍കിയില്ലെങ്കില്‍ ബോംബ് വച്ച് ബാങ്ക് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. 40 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഈ സമയം കാഷ് കൗണ്ടറിലുണ്ടായിരുന്ന 3.76 ലക്ഷം രൂപ മാത്രമാണ് കിട്ടിയത്. തുടര്‍ന്ന് ഇരുവരും പണവുമായി രക്ഷപ്പെട്ടു. പ്രദേശത്തെ എണ്ണൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഡോക്ടറായ കമലേഷ് നേരത്തെ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് ആശുപത്രി സ്ഥാപിച്ചത്. ഇത് നഷ്ടത്തിലായതോടെ സാമ്പത്തിക ബാധ്യത കൂടി. ഇതോടെയാണ് പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗം തേടിയത്.
സഹായത്തിനായി സുഹൃത്തായ പ്രേംസിങ്ങിനെയും ഒപ്പംകൂട്ടി. എസി മെക്കാനിക്കായ പ്രേംസിങ്ങിനും സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. തലേദിവസമാണ് കിഷന്ഘട്ടിലെ ബാങ്കില്‍ തങ്ങളുടെ പദ്ധതി നടപ്പാക്കാമെന്ന് പ്രതികള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: