ടെല്‍ അവീവ്: ഗാസ മുനമ്പില്‍ നിന്നൊഴിഞ്ഞ് പോകാനുള്ള ഇസ്രായേലിന്റെ അന്ത്യശാസനത്തില്‍ കൂട്ടപ്പലായനം തുടരുന്നു. ഇതുവരെ 4,23,000 പേര് ഗാസയില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഹമാസിനെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വടക്കന്‍ ഗാസ വിട്ടുപോകാന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍, ഗാസയില്‍ വ്യാപക റെയ്ഡ് നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഒളിവിലുള്ള ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്.
ഹമാസിന്റെ രണ്ട് ഉന്നത കമാന്‍ഡര്‍മാരെ ഇസ്രായേല്‍ വധിച്ചു. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദ്, കമാന്‍ഡര്‍ അലി ഖ്വാദി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന, ഗാസയിലെ ആസ്ഥാനത്തേക്കായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലില്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് മുറാദായിരുന്നു. കൂടാതെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും ഇയാളായിരുന്നു.
ഹമാസിന്റെ നഖ്ബ യൂണിറ്റിന്റെ കമാന്‍ഡറാണ് അലി ഖ്വാദി. സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും ഷിന്‍ബെറ്റ് യൂണിറ്റും സംയുക്തമായി നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാളെ വധിച്ചതെന്ന് ഐഡിഎഫ് എക്സില്‍ കുറിച്ചു.
ഗാസയില്‍ വ്യോമാക്രമണം നടത്തിയ ശേഷമുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അബു മുറാദിന്റെ മരണവാര്‍ത്ത പുറംലോകമറിയുന്നത്.
ശത്രുക്കള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്താനാവില്ലെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇന്നലെ ആദ്യമായി ദുരന്തമുഖങ്ങളില്‍ നെതന്യാഹു സന്ദര്‍ശനം നടത്തി.
വെസ്റ്റ് ബാങ്ക് പ്രദേശത്തു നിന്ന് ഇതുവരെ 280 പാലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇവരെല്ലാവരും പിടികിട്ടാപ്പുള്ളികളാണ്. ഹമാസുമാസി ബന്ധമുള്ള 157 പേരും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി മാത്രം 25 ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്തു.
ലബനനുള്പ്പെടെയുള്ള അതിര്‍ത്ത് പ്രദേശങ്ങളിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴോളം ഭീകരരെ ഇസ്രായേലി സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ ഒന്‍പത് പേര് കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഇവര്‍ മരിച്ചതെന്ന് ഹമാസ് ആവര്‍ത്തിച്ചു. ഗസയിലിതുവരെ മരിച്ചവരുടെ എണ്ണം 2,215 ആയി. 8714 പേര്‍ക്ക് പരിക്കേറ്റു.
ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ അല്‍ ഖസം ബ്രിഗേഡ്സിന്റെ 1,200 അംഗങ്ങള്‍ പങ്കെടുത്തെന്ന് ഹമാസ് ഡെപ്യൂട്ടി ലീഡര്‍ സലേഹ് അല്‍ അറൗറി വെളിപ്പെടുത്തി. ഇസ്രായേലിന്റെ ഗാസ അധിനിവേശസേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ തങ്ങളുടെ ആക്രമണമെന്നും സലേഹ് അല്‍ അറൗറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: