വടകര: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളില്‍ മുഖംതിരിക്കുന്ന സ്ഥലം എംപി കെ. മുരളീധരനെതിരെ യുഡിഎഫില്‍ ഭിന്നത. തിരുവനന്തപുരം കേന്ദ്രീകരിച്ച് മാത്രം നടത്തുന്ന എംപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുതല്‍ അഴിയൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ സമര്‍പ്പിച്ചതും ജനജീവിതം താറുമാറാകുന്നതുമായ പ്രശ്‌നങ്ങളില്‍ എംപി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം.
കഴിഞ്ഞദിവസം പയ്യോളിയില്‍ കോണ്‍ഗ്രസ് – മുസ്ലിംലീഗ് ഭിന്നത രൂക്ഷമായതോടെ സ്ഥലം എംപിയുടെ പേരുപോലും പരാമര്‍ശിക്കാതെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്ത എംപിക്കെതിരെ മുസ്ലിം ലീഗ് നടത്തിയ ഒളിയമ്പാണെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പറയുന്നത്.
പല പദ്ധതികളും വടകര മണ്ഡലം കേന്ദ്രീകരിച്ച് ലഭിക്കാത്ത സാഹചര്യം ആവര്‍ത്തിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും പഴിചാരി തടി തപ്പുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
വടകര, കൊയിലാണ്ടി മേഖലകളില്‍ അടിപ്പാതകളും മേല്‍പ്പാലങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ആരംഭത്തില്‍ തന്നെ നിരവധി അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നിലും തന്നെ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനോ പ്രോജക്ട് ഡയറക്ടര്‍, ജില്ലാ ഭരണാധികാരി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ എംപി ഇതേവരെ യാതൊരു ശ്രമവും നടത്താത്തതിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അമര്‍ഷം പുകയുകയാണ്.
ഇരിങ്ങല്‍ അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിപ്പാത വരുമെന്ന് എംപി അറിയിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവമാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം കേവലം രാഷ്‌ട്രീയ മുതലെടുപ്പിനാണെന്ന് പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലം എംപിയെ തള്ളിപ്പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: