സി വി തമ്പി
ഈശ്വരനെ അന്വേഷിക്കുന്ന മനുഷ്യന് , തേടുന്നത് എവിടെയാണ്? മറ്റുള്ളവരിലേക്ക് നോക്കി , തന്റെ ഉള്ളിലുള്ള ഈശ്വരാംശത്തെ അറിയാതെ കാലം പോക്കുന്നു. തന്നിലൂടെയല്ലാതെ ആത്മാവിനെ അറിയാന്‍ മനുഷ്യന് സാധ്യമല്ല.
ലഭിച്ചതെല്ലാം ഈശ്വര നന്മയാണ് എന്നറിയാതെ മനസ് ശാന്തി അനുഭവിക്കുന്നു. അമിതസുഖം ലഭിക്കുന്നത് പിന്നീട് ദു:ഖഹേതുവായി ഭവിക്കുന്നു. ഇവിടെയാണ് മിതത്വത്തിന്റെ പ്രസക്തി . ഈശ്വരനോട് കൂടുതല്‍ അടുക്കുന്തോറും നമ്മോടും അടുക്കും. മനുഷ്യര്‍ ഇങ്ങനെയല്ല . ആവശ്യമുള്ളപ്പോള്‍ കൂട്ടു ചേരുകയും ആവശ്യമില്ലാത്തിടത്ത് കൂട്ട് ഉപേക്ഷിക്കുകയും ചെയ്യുന്നു. തെറ്റുകളില്‍ നിന്ന് തെറ്റുകളിലെക്ക് യാത്ര ചെയ്യുമ്പോള്‍ ജീവിത തിമര്പ്പിന് ഇതു മതി എന്ന ചിന്ത ഉടലെടുക്കും.
ഒരു ദിവസം കൂടുതല്‍ സംസാരിക്കുന്നത് കാപട്യവും കളവും വഞ്ചനയുമാണ്. പരസഹായമില്ലാതെ ജീവിക്കാം എന്ന അഹംഭാവമാണ് ഇതിനു പിന്നില്‍. മനുഷ്യ ജന്മം പുണ്യജന്മമാക്കി തീര്‍ക്കാന്‍ നാം നിദാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ശാസ്ത്രപാണ്ഡിത്യം തത്വശ്രവണം ഇവയൊക്കെ ഉണ്ടെങ്കിലും ഒരാളില്‍ പരമജ്ഞാനം പ്രകാശിക്കണമെങ്കില്‍ ഈശ്വരാനുഗ്രഹം കൂടിയേ തീരൂ. ജ്ഞാനസമ്പാദനത്തിന് ഭക്തി മുഖ്യ ഉപാധിയാണ്; അല്ലെങ്കില്‍ മുക്തിയുടെ തന്നെ മറ്റൊരു രൂപം.
ഏറ്റവും അപകടകാരിയായ ഒന്നാണ് വിദ്വേഷം. അത് ശത്രുവില്‍ ഉണ്ടാക്കുന്ന മുറിവിനേക്കാള്‍ കൊണ്ടുനടക്കുന്ന മനസിനെയാണ് കൂടുതല്‍ ബാധിക്കുക. സ്വന്തം മനസിലെ തിന്മ നിറഞ്ഞ ഭാഗങ്ങള്‍ ഉപേക്ഷിക്കുക തന്നെ വേണം. എങ്കില്‍ മാത്രമെ ശാന്തമായ ചൈതന്യവും നിറഞ്ഞ സ്നേഹവും ഉണ്ടാകൂ. ദുഷ്ചിന്തകള്‍ ഉടലെടുക്കാന്‍ മനസിനെ അനുവദിച്ചു കൂടാ. എന്തെന്നാല്‍ അവ നമ്മുടെ മനസിനെ നിരന്തരം വേട്ടയാടുകയും ചൈതന്യത്തെ കെടുത്തുകയും ചെയ്യും. അസൂയയോ വിദ്വേഷമോ മനസില്‍ ഉദിക്കാതിരിക്കട്ടെ . ആദ്യം തന്നെ വികലമായ ചിന്തകള്‍ ദൂരീകരിക്കേണ്ടതും സദ്ചിന്തകള്‍, പല തുണിത്തരങ്ങള്‍ക്കിടയില്‍ നിന്ന് നമുക്ക് ഇണങ്ങിയവ തിരഞ്ഞെടുക്കുന്നതു പോലെ നാം ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ പുലര്‍ത്തേണ്ടതുണ്ട്.
മുന്ജന്മ പാപങ്ങള്‍ / കര്‍മ്മഫലങ്ങള്‍ താന്‍ തന്നെ അനുഭവിക്കുകയാണെന്ന് അറിയുന്ന നിമിഷം മനുഷ്യന് സംത്രാസം അനുഭവിക്കുന്നു. താന്‍ ചെയ്ത ദുഷ്കര്‍മങ്ങളുടെ ഫലം മനുഷ്യന് അനുഭവിക്കേണ്ടിവരും. ഇത് അറിയാത്തവര്‍ പാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമില്ല.
ചെയ്ത നന്മകളാല് മാത്രം തലമുറകളിലൂടെ സ്മരിക്കപ്പെടുന്നവര്‍ ഉണ്ട് . കരുണയും സ്നേഹവും ശാന്തിയും സമാധാനവും അവരില്‍ നിന്ന് നിരന്തരം ബഹിര്‍ഗമിക്കുന്നു. വളരെ പ്രസക്തമായ ചോദ്യം ഉത്ഭവിക്കുന്നത് ഇവിടെയാണ് ദുഖ:ങ്ങളും ദുരിതങ്ങളും നല്‍കുന്നത് ഈശ്വരന് ആണോ? വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്. സുഖം എന്നു കരുതുന്നതു തന്നെയാണ് ദു:ഖമായി മാറുന്നത്. ക്ലേശം അനുഭവിക്കാത്തവര്‍ക്ക് സുഖം തിരിച്ചറിയാന്‍ കഴിയുന്നില്ല.
യഥാര്‍ത്ഥത്തില്‍ സുഖദു:ഖങ്ങളുടെ ഒടുങ്ങാത്ത ഒരു പ്രവാഹമാണ് ജീവിതം. ഇവയെ ഒന്നായി കാണാനും ഉള്‍ക്കൊള്ളാനും കഴിയണം. അജ്ഞാനമാണ് സകല ദു:ഖത്തിനും കാരണമെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ജ്ഞാന പ്രകാശനത്തിന് നല്ല പാണ്ഡിത്യവും ശരിയായ തത്വഗ്രഹണ പാടവവും അനിവാര്യമാണ്. ഇവ ഉണ്ടെങ്കിലും ഒരാളില്‍ പരമജ്ഞാനം പ്രകാശിതമാകണമെങ്കില് പുണ്യവും ഈശ്വരാനുഗ്രഹവും കൂടിചേരണം. ഈശ്വരപ്രേമം ആകുന്ന അമൃത സമുദ്രത്തില്‍ മുങ്ങി കിടക്കുന്നവനാണ് ജ്ഞാനി. തത്വബോധം മഹിമകളെയും മഹത്തരമായ ആശയങ്ങളെയും അറിയാന്‍ പ്രേരണ നല്കുന്നു. തത്വ വിചാരം ചെയ്ത് യാഥാര്‍ഥ്യബോധം ജനിക്കുന്നിടത്താണ് ജ്ഞാനഭക്തി ഉദിക്കുന്നത്.
ഈശ്വര ചിന്തകള്‍ മനസില്‍ നിറയുമ്പോള്‍ ആരോടും വിദ്വേഷമോ വൈരാഗ്യമോ ഉണ്ടായിരിക്കുകയില്ല. നമ്മുടെ മനസമാധാനത്തിന് ഭംഗം വരുത്തുന്ന ദുഷ്ചിന്തകള്‍ മനസില്‍ ഇടം പിടിക്കരുത്. അപ്പോള്‍ സ്നേഹം പൊട്ടി വിരിയും. സ്നേഹത്തിന്റെ മുന്നില്‍ ഏതു കഠിന ഹൃദയനും മുട്ടുമടക്കും. ആ സ്നേഹമാണ് ദിവ്യഗീതം അഥവാ ഈശ്വരഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: