ലഖ്‌നൗ: പദ്മ പുരസ്‌കാര ജേതാക്കളുള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് പുകയില പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിലേക്ക് നയിക്കുന്നുവെന്ന ഹര്‍ജിയില്‍ പാന്‍ മസാല കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. വിമല്‍ പാന്‍ മസാല, കമല പസന്ദ്, പാന്‍ ബഹാര്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വസെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു.
2022 സപ്തംബറിലെ ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടിയായാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്റെ ബെഞ്ചിന് മുമ്പാകെ കേന്ദ്രം റിപ്പോര്‍ട്ട് നല്കിയത്. ഗുട്ക പരസ്യം സംബന്ധിച്ച് ഉയര്‍ന്ന പരാതി പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്ന് അപേക്ഷിച്ച് അഭിഭാഷകനായ മോത്തി ലാല്‍ യാദവാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പാന്‍ മസാല കമ്പനികള്‍ക്കും ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കും വ്യവസ്ഥകള്‍ പ്രകാരം പിഴ ചുമത്തും.
2022 ഒക്ടോബര്‍ 15ന് ഇന്ത്യന്‍ ഗവണ്‍മെന്റ് കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തീരുമാനമെടുത്തിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആരോപിച്ചു. പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ബന്ധപ്പെട്ട അധികാരികള്‍ കോടതിയെ അറിയിച്ചില്ലെന്നും യാദവ് പറഞ്ഞു.
ഈ വര്‍ഷം ആഗസ്തില്‍ ഈ വിഷയത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്‌ക്കും സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) സെക്രട്ടറി നിധി ഖാരെയ്‌ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
തിങ്കളാഴ്ച, കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും സബ് സോളിസിറ്റര്‍ ജനറലുമായ എസ്.ബി. പാണ്ഡെ, ഹര്‍ജിക്കാരന്റെ പ്രാതിനിധ്യം 2023 സപ്തംബര്‍ 15 ന് തീര്‍പ്പാക്കിയതായും പാന്‍ മസാല കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയതായും കോടതിയെ അറിയിച്ചു. കൂടുതല്‍ വാദം നവംബര്‍ 29 ന് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: