കോളജ് അദ്ധ്യാപനം ഉപേക്ഷിച്ച് ദല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുകയും സിനിമയിലെത്തുകയും ചെയ്ത മാധവന്‍നായരുടെ ജീവിതം ഒരു സിനിമാക്കഥയേക്കാള്‍ ആവേശമുള്ളതാണ്. കുടുംബ ഭദ്രതയുടെ ശീതളച്ഛായയില്‍ മയങ്ങാതെ കലാപത്തീയുമായി അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ട ജീവിതമാണ് അദ്ദേഹത്തിന്റെത്.
മലയാള സിനിമാ തറവാട്ടിലെ കാരണവര്‍ സ്ഥാനമാണ് നടന്‍ മധുവിന്. നവതിയിലെത്തിയ ആ ധന്യജീവിതത്തെ സിനിമാ സമൂഹവും പ്രേക്ഷകരും അകമഴിഞ്ഞാദരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം ജീവിച്ച അദ്ദേഹം 90-ാം വയസിലും അഭിനയ സന്നദ്ധനാണ്. 1930 ഒക്‌ടോബര്‍ 23നാണ് മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രം തിരുവനന്തപുരത്ത് ക്യാപിറ്റോള്‍ തീയറ്ററില്‍ റിലീസാകുന്നത്. ജെ.സി.ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍. വിഗതകുമാരന്‍ തീയറ്ററിലെത്തി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധു ജനിക്കുന്നത്. മലയാള വര്‍ഷം 1109 കന്നിമാസത്തിലെ ചോതി നക്ഷത്രത്തില്‍. നക്ഷത്രക്കണക്കില്‍ നാളെ അദ്ദേഹത്തിന് 90 തികയും. കോളജ് അദ്ധ്യാപനം ഉപേക്ഷിച്ച് ദല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമായില്‍ ചേരുകയും സിനിമയിലെത്തുകയും ചെയ്ത മാധവന്‍നായരുടെ ജീവിതം ഒരു സിനിമാക്കഥയേക്കാള്‍ ആവേശമുള്ളതാണ്. കുടുംബ ഭദ്രതയുടെ ശീതളച്ഛായയില്‍ മയങ്ങാതെ കലാപത്തീയുമായി അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ട ജീവിതമാണ് അദ്ദേഹത്തിന്റെത്.
കോളജ് അധ്യാപകനെന്ന സുരക്ഷിതത്വമുള്ള ജീവിതത്തിലൊതുങ്ങാതെ തന്റെ അഭിനയമോഹത്തിന്റെ പൂര്‍ത്തീകരണത്തിന് വീടുവിട്ടിറങ്ങി. ദില്ലി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സിനിമയിലേക്ക്. സിനിമയിലെത്തിയതിനെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞതിങ്ങനെ:
”സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് പുറത്തുവന്നത് സിനിമാക്കാരനായാണ്. അടൂര്‍ ഭാസിയുമായുണ്ടായിരുന്ന അടുപ്പമാണ് വഴിത്തിരിവായത്. അടൂര്‍ ഭാസിയാണ് രാമുകാര്യാട്ടിനെ പരിചയപ്പെടുത്തുന്നത്. 1962 ല്‍ മുടിയനായ പുത്രന്‍ എന്ന സിനിമയ്‌ക്ക് ലഭിച്ച അവാര്‍ഡ് സ്വീകരിക്കാനാണ് ദല്‍ഹിയില്‍ കാര്യാട്ട് എത്തുന്നത്. ദല്‍ഹി മലയാളി അസോസിയേഷന്‍ അന്ന് കാര്യാട്ടിന് സ്വീകരണം നല്‍കി. അവിടെ വച്ചാണ് പരിചയപ്പെട്ടത്. നാടകത്തില്‍ മാത്രമാണോ സിനിമയില്‍ താല്‍പര്യമില്ലേ എന്ന് കാര്യാട്ട് ചോദിച്ചു. അഭിനയത്തില്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. പാട്ടു മാത്രമേ അന്നത്തെ സിനിമിയിലുണ്ടായിരുന്നുള്ളൂ. മറ്റെല്ലാം മഹാബോറായിരുന്നു. പാട്ട് ഇന്നത്തെ അത്ര ബോറല്ല താനും.
സാങ്കേതികമായി അന്ന് മലയാള സിനിമ വളരെ താഴെയായിരുന്നു. പുതിയ സിനിമ തുടങ്ങുന്നതായി കാര്യാട്ട് പറഞ്ഞു. ഒരു റോള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചു. പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കോഴ്‌സ് കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. കോഴ്‌സ് കഴിഞ്ഞ് മദിരാശിയില്‍ ചന്ദ്രതാര സ്റ്റുഡിയോയില്‍ വരാന്‍ പറഞ്ഞു. മെയ്‌ക്കപ്പ് ടെസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. അങ്ങനെ മദ്രാസിലെത്തി മെയ്‌ക്കപ്പ് ടെസ്റ്റ് എന്ന ഔപചാരികതയ്‌ക്ക് തയ്യാറായി. ആ സമയത്താണ് നിണമണിഞ്ഞ കാല്‍പ്പാടുകളുടെ ചിത്രീകരണം മദിരാശിയില്‍ നടക്കുന്നത്. അതിന്റെ നിര്‍മ്മാതാവ് ശോഭനാപരമേശ്വരന്‍ നായര്‍ ആ ചിത്രത്തിലേക്ക് ക്ഷണിച്ചു. അങ്ങനെ അത് ആദ്യ സിനിമയായി.”
പാറപ്പുറത്തിന്റെ സാഹിത്യ സൃഷ്ടിയായിരുന്നു ‘നിണമണിഞ്ഞ കാല്പാടുകള്‍’. ശത്രു സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്ന സ്റ്റീഫന്‍ എന്ന കഥാപാത്രമായാണ് മധു അഭിനയിച്ചത്. നസീറിന്റെ കൂട്ടുകാരനായ പട്ടാളക്കാരനായി ഏതാനും രംഗങ്ങളില്‍ മാത്രം. നിണമണിഞ്ഞ കാല്‍പ്പാടുകളില്‍ സത്യനു വേണ്ടി സംവിധായകന്‍ കരുതിവച്ച വേഷമായിരുന്നു അത്. സത്യന് അസൗകര്യമുണ്ടായപ്പോള്‍ മധു ആ വേഷത്തിലേക്കെത്തി. ആദ്യ സിനിമയിലൂടെ തന്നെ മാധവന്‍നായര്‍ മധുവായി. പി.ഭാസ്‌കരനാണ് നീളമുള്ള പേരുമാറ്റി മധു എന്നാക്കിയത്. പീന്നിട് ആ രണ്ടക്ഷരം ദീര്‍ഘനാള്‍ മലയാള സിനിമയുടെ രാശിയായി.
ചെമ്മീനിലെ പരീക്കുട്ടിയുടെ വേഷമാണ് മധുവിനെ മലയാളത്തില്‍ താരമാക്കിയത്. ഇന്നും പരീക്കുട്ടിയിലെ അവശനും പരാജിതനുമായ കാമുകനെ മലയാളിക്ക് മറക്കാനാകില്ല.ചെമ്മീനിലേക്ക് ക്ഷണിച്ചപ്പോള്‍ സന്തോഷം തോന്നി. ബാബു ആയിരുന്നു നിര്‍മാതാവ്. ബാബുവിന് ഞാന്‍ പരീക്കുട്ടിയുടെ വേഷം ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അക്കാലത്തായിരുന്നു എന്റെ വിവാഹം. എനിക്കത് വിവാഹസമ്മാനം പോലെ തോന്നി. 1964ല്‍. രണ്ടു വര്‍ഷമേ ആയുള്ളൂ സിനിമയില്‍ വന്നിട്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേ ചെമ്മീനും പരീക്കുട്ടിയും മനസ്സിലുണ്ടായിരുന്നു. എന്നെങ്കിലും നടനായാല്‍ പരീക്കുട്ടിയുടെ വേഷം അഭിനയിക്കണമെന്ന് മോഹിച്ചിരുന്നു. വലപ്പാടായിരുന്നു ചെമ്മീന്റെ ഷൂട്ടിംഗ്. അവിടെ തകഴി വരുമായിരുന്നു. തകഴിക്ക് എന്നോട് വാത്സല്യമായിരുന്നു. ഇവന്‍ എന്റെ മോനാണെന്ന് ആലപ്പുഴയിലെ ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഇവനെ നടനാക്കിയത് താനാണെന്ന് പറയുമായിരുന്നു. തകഴിയുടെ ഏണിപ്പടികള്‍, നുരയും പതയും, ചുക്ക് എന്നീ നോവലുകള്‍ സിനിമയാക്കിയപ്പോഴും അഭിനയിക്കാന്‍ അവസരമുണ്ടായി. പരീക്കുട്ടിയുമായി മറ്റുകഥാപാത്രങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഏണിപ്പടികള്‍ മറ്റൊരു അന്തരീക്ഷത്തിലാണ്. നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് അതിലെ കേശവപിള്ള. ജീവിതത്തിന്റെ ഏണിപ്പടികള്‍ കയറാന്‍ സ്‌നേഹിച്ച പെണ്ണിനെ ഉപയോഗിക്കാന്‍പോലും തയ്യാറാവുന്ന കഥാപാത്രം. ചുക്കില്‍ നായകന്‍ ക്രിസ്ത്യാനിയായ കച്ചവടക്കാരനാണ്.”
മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമാകുന്നതും മലയാളി കണ്ടു. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രമെന്ന ഖ്യാതി നേടിയ, എ. വിന്‍സന്റ് സംവിധാനം ചെയ്ത ‘ഭാര്‍ഗവീനിലയ’ത്തിലെ മുഖ്യവേഷമായിരുന്നു മധുവിന്. മലയാള സിനിമയെ പൂര്‍ണമായും ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന്റെ മനോഹാരിത പഠിപ്പിച്ച പി.എന്‍.മേനോന്റെ ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ നായകവേഷവും മധുവിനു ലഭിച്ചു. മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ‘സ്വയംവരം’ എന്ന ചിത്രത്തിലും മധുവിനെ അല്ലാതെ മറ്റൊരാളെ നായകനാക്കാന്‍ അടൂര്‍ഗോപാലകൃഷ്ണനും തോന്നിയില്ല. യുദ്ധകാണ്ഡത്തിലെ പ്രസാദ്, തീക്കനലിലെ വിനോദ്, ഇതാ ഒരു മനുഷ്യനിലെ മധുസൂദനന്‍, വെള്ളത്തിലെ മാത്തുണ്ണി, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോ. രമേഷ്…..അങ്ങനെ നീളുന്ന പട്ടികയില്‍ ആധുനിക സിനിമാക്കാലത്തെയും നിരവധി കഥാപാത്രങ്ങളുണ്ട്. റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഹലോ’ എന്ന ചിത്രത്തിലെ ബഡാസാബും തോംസണ്‍ കെ.തോമസിന്റെ കാര്യസ്ഥനിലെ കൃഷ്ണവാര്യരും രഞ്ജിത് സംവിധാനം ചെയ്ത ‘സ്പിരിറ്റി’ലെ ക്യാപ്റ്റന്‍ എന്ന കഥാപാത്രവും എടുത്തു പറയേണ്ടവയാണ്.
നിര്‍മാതാവും സ്റ്റുഡിയോ ഉടമയും സംവിധായകനുമായ ആദ്യ മലയാള നായക നടനും
മധുവാണ്. മികച്ച നാടകങ്ങളും നോവലുകളും ചലച്ചിത്രങ്ങളാക്കിയതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്. മധു ആദ്യം നിര്‍മിച്ചു സംവിധാനം ചെയ്ത ‘സതി’, ജി.ശങ്കരപ്പിള്ളയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. കൈനിക്കര കുമാരപിള്ളയുടെ മാതൃകാമനുഷ്യന്‍, ‘മാന്യശ്രീ വിശ്വാമിത്രന്‍’എന്ന പേരിലും, പി.ആര്‍. ചന്ദ്രന്റെ ‘അക്കല്‍ദാമ’ അതേ പേരിലും അദ്ദേഹത്തിന്റ മിഥ്യ എന്ന നാടകം ‘കാമം ക്രോധം മോഹം’ എന്ന പേരിലും മധു ചലച്ചിത്രമാക്കി. സി. രാധാകൃഷ്ണന്റെ തേവിടിശ്ശി (പ്രിയ), ജി. വിവേകാനന്ദന്റെ ഇല കൊഴിഞ്ഞ മരം (ഒരു യുഗസന്ധ്യ) എന്നിവയും മധുവിന്റെ മികച്ച ചലച്ചിത്രങ്ങളായിരുന്നു. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍, നീതിപീഠം എന്ന പേരില്‍ ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്തപ്പോഴും നായകനായതു മധു ആണ്. ഇന്നും മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പത്മരാജന്‍-ഐ.വി.ശശി ടീമന്റെ ‘ഇതാ ഇവിടെ വരെ’യിലെ പൈലി തുടങ്ങി മധു അനശ്വരമാക്കിയത് നിരവധി കഥാപാത്രങ്ങള്‍.
ആറ് അന്യഭാഷാ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. മൂന്ന് ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴ് ചിത്രങ്ങളും. പ്രശസ്ത സാഹിത്യകാരന്‍ കെ.എ.അബ്ബാസ് സംവിധാനം ചെയ്ത സാത് ഹിന്ദുസ്ഥാനിയാണ് അതില്‍ പ്രധാനം. അതില്‍ ബംഗാളിയായ ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലായിരുന്നു അഭിനയം. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമാണത്. ഉദ്പല്‍ദത്തുമുണ്ടായിരുന്നു മറ്റൊരു വേഷത്തില്‍. ചിത്രത്തിന്റെ ടൈറ്റില്‍ കാണിക്കുമ്പോള്‍ ആദ്യപേര് മധുവിന്റെതായിരുന്നു. ബ്രിജ് എന്ന സംവിധായകന്റെ മേരെ സജ്‌ന എന്ന ചിത്രമാണ് രണ്ടാമത്തെ ഹിന്ദി ചിത്രം. ചിത്രീകരണം നീണ്ടപ്പോള്‍ മധു ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയെങ്കിലും ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ സംവിധായകന്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സാജ്പരഞ്ജ്‌പൈ സംവിധാനം ചെയ്ത ഛാഡുബാബയിലാണ് വീണ്ടും അഭിനയിച്ചത്. ടൈറ്റില്‍ റോളാണ് ചെയ്തത്.
എ.സി.ത്രിലോക് സംവിധാനം ചെയ്ത ഭാരത് വിലാസ് എന്ന തമിഴ് ചിത്രത്തില്‍ സിനിമാ നടന്‍ മധുവായി തന്നെ അദ്ദേഹം കഥാപാത്രമായി. രാജശേഖര്‍ സംവിധാനം ചെയ്ത ധര്‍മ്മദുരൈയില്‍ രജനികാന്തിനൊപ്പമായിരുന്നു അഭിനയം. സൂപ്പര്‍ ഹിറ്റായ സിനിമയില്‍ രജനിയുടെ അച്ഛനായാണ് മധു എത്തിയത്. ശിവാജിഗണേശനായിരുന്നു ഈ വേഷത്തിലെത്തേണ്ടിയിരുന്നത്. അദ്ദേഹത്തിന് അസൗകര്യമായപ്പോഴാണ് പകരം മധുവെത്തിയത്. ഒരു പെണ്‍ പയ്യന്‍ എന്ന ചിത്രത്തില്‍ ഭാനുപ്രിയയുടെ അച്ഛനായും മധു വേഷമിട്ടു.
അഭിനേതാവെന്ന നിലയില്‍ തിരക്കും പ്രശസ്തിയും ഉള്ള കാലത്തു തന്നെയാണ് സംവിധായകനായും മധു മാറുന്നത്. പ്രിയ ആയിരുന്നു ആദ്യ ചിത്രം. ചാവക്കാട്ടുകാരന്‍ എന്‍.പി.അബുവും മാഹി സ്വദേശി എന്‍.പി.അലിയും ചേര്‍ന്നാണ് പ്രിയ നിര്‍മ്മിച്ചത്. സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രിയ എടുത്തത്. ചിത്രത്തില്‍ നെഗറ്റീവ് ഇമേജുള്ള ഗോപന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മധു തന്റെ ഇമേജ് മാറ്റിമറിക്കുകയും ചെയ്തു. 1970ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഈ സിനിമയ്‌ക്കായിരുന്നു. യൂസഫലികേച്ചേരി തിരക്കഥയെഴുതി നിര്‍മ്മിച്ച സിന്ദൂരച്ചെപ്പാണ് മധുവിന്റെ രണ്ടാമത്തെ സംവിധാന സംരംഭം. 1971 ലെമികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രം കരസ്ഥമാക്കി. 12 ചിത്രങ്ങള്‍ മധു സംവിധാനം ചെയതു. മിക്കതും പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു.
സിനിമാഭിനയം നാടകത്തിന്റെ അതിഭാവുകത്വത്തിലഭിരമിച്ചകാലത്താണ് അഭിനയത്തിന്റെ വേറിട്ട വഴിയിലൂടെ മധു എത്തിയത്. ആറ് പാട്ടും അടൂര്‍ ഭാസിയുമില്ലാത്ത സിനിമയെക്കുറിച്ച് സങ്കല്‍പ്പിക്കാനാവാത്ത കാലത്താണ് മലയാള സിനിമയില്‍ മാറ്റത്തിന്റെ വിത്തുപാകി മധു എന്ന സംവിധായകനുണ്ടായത്. സിനിമയിലൂടെ വലിയ പണക്കാരനാകാനുള്ള മോഹവും അദ്ദേഹത്തിനുണ്ടായില്ല. സിനിമയില്‍ നിന്നുകിട്ടിയത് സിനിമയ്‌ക്കുവേണ്ടി തന്നെ അദ്ദേഹമുപയോഗിച്ചു. കലാപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിനുമുഖ്യം. ഒരു പക്ഷേ മധു എന്ന നിര്‍മ്മാതാവ് ഉണ്ടായിരുന്നില്ലെങ്കില്‍ നിരവധി നല്ല സാഹിത്യ സൃഷ്ടികള്‍ക്ക് ചലച്ചിത്രരൂപം ഉണ്ടാകുമായിരുന്നില്ല. നടനെന്നോ, നിര്‍മ്മതാവെന്നോ, സംവിധായകനെന്നോ ഉള്ളതില്‍ കവിഞ്ഞ് മറ്റൊരു തലത്തിലും മധു അറിയപ്പെട്ടു. പ്രസിദ്ധമായ ഉമാ സ്റ്റുഡിയോയുടെ ഉടമ എന്ന നിലയില്‍ മധു നല്‍കിയ സംഭാവനകള്‍ മറക്കാവതല്ല. നായകനായും, പ്രതിനായകനായും, നിഷേധിയായും, കാമുകനായും, കരുത്തനായും മുഖഭാവങ്ങളിലൂടെ മലയാളിയെ അതിശയിപ്പിച്ചിട്ടുണ്ട് മധു എന്ന ഭാവാഭിനയ ചക്രവര്‍ത്തി. നവതിയിലും അദ്ദേഹം അഭിനയ സന്നദ്ധനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: