കൊവിഡ് മഹാമാരിയുടെ കഷ്ടകാലത്തായിരുന്നു നാം മൊബൈല്‍ ഫോണുകളുടെ കളിയാട്ടം കണ്ടത്. നാടും നഗരവുമെന്ന ഭേദം കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍ ചിലച്ചു കളിച്ചു. പള്ളിക്കൂടത്തിലെ ക്ലാസുകളൊക്കെ സ്മാര്‍ട്ട് ക്ലാസുകളായി. കുട്ടികളുടെ കയ്യിലെല്ലാം സ്മാര്‍ട്ട് ഫോണുകള്‍ സ്ഥാനം പിടിച്ചു. കൊവിഡ് കഴിഞ്ഞിട്ടും സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികളെ വിട്ടുപോയില്ല. അവ വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ അവിഭാജ്യഘടകമായി വിശേഷിപ്പിക്കപ്പെട്ടു. അധ്യാപകരെക്കാളും മികച്ച ഗുരുക്കന്മാരായി കുട്ടികള്‍ അവയെ അംഗീകരിച്ചു. പക്ഷേ…
ഈ പോക്ക് ശരിയല്ലെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക-വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോ പറയുന്നത്. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ അരുതെന്ന് അവര്‍ പറയുന്നു. അത് കുട്ടികളുടെ മാനസികാരോഗ്യം കെടുത്തും. സാംസ്കാരിക ഭ്രംശത്തിന് വഴിതെളിക്കും. കൂടുതല്‍ സമയം മൊബൈല്‍ കാണുന്നതും കുട്ടികളുടെ പഠന നിലവാരവും വൈകാരികസ്ഥിരതയും തമ്മില്‍ നല്ലതല്ലാത്ത ബന്ധമാണുള്ളതെന്നും യുനെസ്കോ പറയുന്നു. ‘ടെക്നോളജി ഇന്‍ എഡ്യുക്കേഷന്‍: എ ടൂള്‍ ഓണ്‍ ഹൂസ് ടേംസ്’ എന്ന് വിളിപ്പേരിട്ട ഗ്ലോബല്‍ എഡ്യുക്കേഷന്‍ മോണിറ്ററിങ് റിപ്പോര്‍ട്ട് (2023) ആണ് ഇങ്ങനെ പച്ചയ്ക്ക് പറയുന്നത്-സ്മാര്‍ട്ട് ഫോണിനെ പള്ളിക്കൂടത്തിന്റെ പടികടത്തണമെന്ന്… ഇക്കഴിഞ്ഞ ജൂലൈ 26 ന് ഉറുഗ്വേയിലെ മോണ്ടി വീഡിയോയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് യുനെസ്കോ ഈ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ 15 വിദ്യാഭ്യാസ മന്ത്രിമാരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും തമ്മിലുള്ള സങ്കലനം (ഇന്റിഗ്രേഷന്‍) പഠനം മെച്ചപ്പെടുത്താന്‍ സഹായിക്കാത്ത സാഹചര്യത്തില്‍ സ്കൂളുകളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിക്കുന്നതു തന്നെയാണ് ഉചിതം എന്ന് യുനെസ്കോ പറയുന്നു. മൊബൈല്‍ ഫോണിന്റെ സാന്നിധ്യം കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുമെന്നും, അതവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നു നിരീക്ഷണമുണ്ട്. ഫോണ്‍ വേണ്ടെന്നു വച്ചാല്‍ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുമെന്നും 14 രാജ്യങ്ങളിലെ 17 ല്‍ താഴെ പ്രായമുള്ള കുട്ടികളുടെയിടയില്‍ നടത്തിയ സര്‍വേ പറയുന്നുണ്ട്. ഫോണ്‍ സ്ക്രീനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് ആനുപാതികമായി കുട്ടികളുടെ മനസ്സിന്റെ ആരോഗ്യം മോശമാകുന്നതായും, മനോ നിയന്ത്രണം കുറയുന്നതായും, വൈകാരിക സ്ഥിരതയുടെ നിലവാരം താഴേക്കു വരുന്നതായും നിരീക്ഷണമുണ്ട്. അനിയന്ത്രിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുട്ടികളുടെ ഡാറ്റ സംബന്ധിച്ച കാര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനത്തെ പോസിറ്റീവ് ആയി കാണുന്ന യുനസ്കോ രേഖ ഡിജിറ്റല്‍ വിപ്ലവത്തിന് അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. പക്ഷേ ഇക്കാര്യം നടപ്പില്‍ വരുത്തുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഡിജിറ്റല്‍ വിപ്ലവം കുട്ടികളുടെ അധ്യയന അനുഭവം മെച്ചപ്പെടുത്തുന്നതാവണം. പക്ഷേ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഒരിക്കലും അധ്യാപകന് പകരക്കാരനാവുന്നില്ലെന്ന് യുനെസ്കോ സര്‍വേ വ്യക്തമാക്കുന്നു.
പഠനത്തില്‍ ഒരു ഡിസ്ട്രാക്ഷന്‍ (ശ്രദ്ധ പതറുക) ആണ് മൊബൈല്‍ ഫോണ്‍ ഉപയോഗം. അതുകൊണ്ടുതന്നെ സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകനും നല്ല പരിചയം ഉണ്ടാവണം. എന്നാല്‍ മിക്ക രാജ്യങ്ങളിലും അത് നല്‍കുന്നില്ല എന്ന് പഠനം വ്യക്തമാക്കുന്നു. വിഷയത്തില്‍ യോഗ്യതയുള്ള അധ്യാപകന്റെ അഭാവത്തില്‍ ടെക്നോളജിയുടെ കൈവിട്ട ഉപയോഗം നിര്‍ദിഷ്ട പഠന പ്രയോജനം തീര്‍ത്തും ഇല്ലാതാക്കുമെന്ന് പറയുന്നു.
വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ(എഡ്യുടെക്) വിപണി കുതിച്ചുയരുന്നുണ്ടെങ്കിലും അതിനാനുപാതികമായി സ്കൂളുകളിലെ അടിസ്ഥാന വിദ്യാസൗകര്യങ്ങള് വര്‍ധിച്ചിട്ടില്ലെന്നും സര്‍വേ കണ്ടെത്തി. കൊവിഡ് കാലത്ത് ഇന്റര്‍നെറ്റ് കണക്ഷന് വ്യാപകമായെങ്കിലും ലോകത്തെ നാലിലൊന്ന് സ്കൂളുകളിലും ഇപ്പോഴും വൈദ്യുതി എത്തുന്നില്ല എന്നതാണ് മറ്റൊരു കണ്ടെത്തല്‍.
സാങ്കേതിക വിദ്യയില്‍ അതിദ്രുതം സംഭവിക്കുന്ന കുതിച്ചു ചാട്ടങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ചെറുതല്ലാത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് സര്‍വേയില്‍ തെളിഞ്ഞു. അധ്യാപകര്‍ക്ക് ഡിജിറ്റല്‍ നൈപുണ്യം (ഐസിടി സ്കില്‍) പകര്‍ന്നുകൊടുക്കുന്നതിന് വ്യക്തമായ സംവിധാനം ലോകത്തെ പകുതി രാജ്യങ്ങളില്‍ മാത്രമേ നിലവിലുള്ളൂവെന്നതാണ് രസകരമായ മറ്റൊരു നിരീക്ഷണം. കുട്ടികളില്‍ ഡിജിറ്റല്‍ സാക്ഷരത പകര്‍ന്നുനല്‍കേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റല്‍ പഠനത്തിനൊപ്പം കുട്ടികളില്‍ ക്രിയാത്മക ചിന്തകളും വിമര്‍ശനാത്മക നിരീക്ഷണങ്ങളും ഉണ്ടാകുന്നതിന് ശ്രദ്ധ വയ്ക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
പുഴയൊഴുകും വഴി
ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലായിരുന്നു നീം നദി ഒഴുകിയിരുന്നത്, അരനൂറ്റാണ്ട് മുന്‍പ്. ഗംഗയുടെ പോഷക നദിയായി ജനിച്ച് ബുലന്ദ്ഷഹര്‍, അലിഗഢ് എന്നീ ജില്ലകളിലൂടെ 188 കിലോമീറ്റര്‍ ദൂരം ഒഴുകി കിഴക്കന്‍ കാളിനദിയില്‍ വിലയംപ്രാപിച്ച നീം
നദി. പക്ഷേ കാലം കടന്നുപോകവേ കര്‍ഷകരും ഗ്രാമവാസികളും നദിയുടെ വഴിമാറ്റി. ചിലേടത്ത് തടയണ കെട്ടി. കുളം കുത്തി വെള്ളം ഒഴിഞ്ഞ ഭാഗങ്ങള്‍ വളച്ചുകെട്ടി കൃഷി തുടങ്ങി. അങ്ങനെ നീം നദി ഓര്‍മകളില്‍ ലയിച്ചു. നദി ഒഴുകിയ വഴികളിലെ പരിസ്ഥിതി സന്തുലനം തകര്‍ന്നു.
നാല് പതിറ്റാണ്ടിനുശേഷം നദിയെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവുമായി ഗ്രാമീണര്‍ മുന്നിട്ടിറങ്ങി. മീററ്റ് ഇന്ത്യന്‍ റിവര്‍ കൗണ്‍സില്‍ സ്ഥാപകന്‍ രമണ്‍ കാന്ത് ത്യാഗി അവര്‍ക്ക് നേതൃത്വം നല്കി. സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ഉപഗ്രഹമാപ്പിങ്ങിന്റെ സഹായത്തോടെ ‘ദതിയാന’ ഗ്രാമത്തില്‍ നദിയുടെ ഉറവിടം കണ്ടെത്തി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കൃത്യം രണ്ട് വര്‍ഷംകൊണ്ട് നദി പുനര്‍ജനിച്ചു. ഏതാണ്ട് 20 മീറ്റര്‍ വീതിയും 20 അടി താഴ്ചയുമുള്ള പുതിയ നീം നദി. ഇരുന്നൂറ് ഗ്രാമങ്ങള്‍ക്ക് ആശ്രയമായ നദി. അരനൂറ്റാണ്ടു മുന്‍പ് ഇല്ലാതായ നീം നദിയുടെ പുനര്‍ജനി പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിലും പ്രശംസിക്കപ്പെട്ടു. നാം അനുവര്‍ത്തിക്കേണ്ട നല്ല മാതൃക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: