എ.ജയകുമാര്‍
ഡോ.എ.പി.ജെ. അബ്ദുല്‍ കലാം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനതയ്ക്ക് ഏറ്റവും സുപരിചിതമായ പേരാണ്. ഭാരതത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഈ ബാലന് വിശ്വപൗരനായി മാറിയത് നിസ്വാര്‍ത്ഥ ജീവിതവും കഠിന പ്രയത്നവും കൊണ്ടാണ്. ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് സാധാരണ വിദ്യാഭ്യാസം നേടിയ ഒരാള്‍ ഭാരതത്തിന്റെ പരമോന്നത പദവിയും (രാഷ്ട്രപതി), ഏറ്റവും വലിയ ബഹുമതിയും (ഭാരതരത്നം) നേടുന്നത് ആദ്യമായാണ്.
ആകാശത്തെ പറവകളെ കണ്ട് പറക്കാന്‍ മോഹിച്ച കലാം, പറന്നുയര്‍ന്നത് പറവകള്‍ക്കും മേലെയാണ്. യുവാക്കളെ കണ്ണുതുറന്നു സ്വപ്നം കാണാന്‍ പഠിപ്പിച്ച കലാം അവിശ്വസനീയമായ സ്വപ്നങ്ങളുടെ രാജകുമാരനായി. സാധാരണക്കാരുടെ സ്വാമിയും, കുട്ടികള്‍ക്ക് അവരുടെ സ്വന്തം രാഷ്ട്രപതിയും, ഭരണകര്‍ത്താക്കള്‍ക്ക് ഭാവിയുടെ കണക്കെഴുത്തുകാരനും ആയിരുന്നു കലാം. കാടിനെക്കുറിച്ചും കടലിനെക്കുറിച്ചും പറയുമ്പോള്‍ തന്നെ കാമരൂപവും കൈലാസവും മനഃപാഠമാക്കിയ മഹായോഗി. മാതാ അമൃതാനന്ദമയീ ദേവിയുടെയും സ്വാമി നാരായണ്‍ ട്രസ്റ്റിന്റെ പ്രമുഖ് സ്വാമിയുടെയും പാദാരവിന്ദങ്ങളില്‍ ശിരസ്സമരുമ്പോഴും, ലാഹോറില്‍ ചെന്നുപതിക്കുന്ന ഗൈഡഡ് മിസ്സൈലുകളുടെ സാങ്കേതികത്തികവും അതേ ശിരസ്സിലാഴുന്ന തികഞ്ഞ ദേശഭക്തന്.
ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാരും തത്വചിന്തകന്മാരുമായ ആര്ക്കിമെഡീസ്, അരിസ്റ്റോട്ടില്‍, ഗലീലിയോ, ലിയോനാര്‍ഡോ ഡാവിഞ്ചി, ജോണ്‍സ് കെപ്ലര്‍, ബെഞ്ചമിന്‍ ഫ്രാങ്കഌന്‍ എന്നീ വ്യക്തികളുടെ സംഭാവനകള്‍ നാം പരിശോധിച്ചാല്‍ കാഴ്ചപ്പാടിലും ചിന്തകളിലും ഡോ. അബ്ദുള്‍ കലാം അവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനായ ഒരു ശാസ്ത്രജ്ഞന് ആയിരുന്നു എന്നു മനസ്സിലാകും.
വിദേശീയര്‍ പ്രകൃതിയെ നോക്കികണ്ടതും അവയെ പഠിച്ചതും മനുഷ്യന്റെ ഇന്ദ്രിയ ശക്തികള്‍ക്ക് പരശതം വര്‍ദ്ധന ഏകുവാനായിരുന്നു. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകള്‍ കണ്ടുപിടിച്ചത് മനുഷ്യന്റെ ഭൗതികശേഷിയുടെ അളവ് കൂട്ടുവാന്‍ മാത്രമായിരുന്നു. എന്നാല്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അറിയുവാനും, അവ മനുഷ്യജീവന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുവാനും ലോകജനതയോട് അഭ്യര്‍ത്ഥിച്ച മഹാനായ ശാസ്ത്രജ്ഞനാണ്.
ശാസ്ത്രബോധമുള്ള ഒരു ജനത, വികസന കാഴ്ചപ്പാടുള്ള ഒരു ഭരണകൂടം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവ സമൂഹത്തിന്റെ കാര്യക്ഷമതയും കഴിവും ഉപയുക്തമാക്കുക. ഇവ മൂന്നുമായിരുന്നു കലാമിന്റെ സങ്കല്‍പ്പത്തിലെ വികസിത രാഷ്ട്രത്തിലേക്കുള്ള കുതിപ്പിന് ഭാരതത്തിന് ആവശ്യമായി വേണ്ടത്. ഇവയെല്ലാം ഭാരതത്തിനായി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ജൈത്ര യാത്രയായിരുന്നു കലാമിന്റെ ജീവിതം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ അദ്ദേഹം എഴുതി. ”എന്റെ ജീവിതത്തിന്റെ ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഭാരതത്തിന്റെ ഭൂരിഭാഗവും ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ പിന്നിലാണെന്ന് വ്യക്തമാണ്. സമ്പദ്വ്യവസ്ഥയുടെ പ്രധാന അംശങ്ങളും ഭൂരിഭാഗം ജനസംഖ്യയും ഇന്ന് നമ്മുടെ കാഴ്ചപ്പാടിന്റെ അഭാവം മൂലം ദുരിതമനുഭവിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ ചരിത്രമഹത്വം നമുക്ക് എങ്ങനെ പുനരുജ്ജീവിപ്പിക്കാനാകും? വലിയ തോതില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന യുവപ്രതിഭകളെ നമുക്ക് എങ്ങനെ ഉണര്‍ത്താനാകും? ദശലക്ഷങ്ങള്‍ മാത്രം ജനസംഖ്യയുള്ള, ഏതാനും വര്‍ഷത്തെ പഴക്കമുള്ള രാജ്യങ്ങള്‍ക്ക് ഭാരതത്തിന്റെയും ഈ മഹത്തായ നാഗരിതയുടെയും ഭാവി നിര്‍ണയിക്കാന്‍ കഴിയില്ല.” അടുത്ത 15 വര്‍ഷം അദ്ദേഹം തന്റെ ഈ ചിന്തകള്‍ക്ക് സമാധാനം കാണുവാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു.
നാല്പതു വര്‍ഷത്തോളം ആണവോര്‍ജം, ബഹിരാകാശം, പ്രതിരോധം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷവും അദ്ദേഹത്തിനു ഭാരതത്തിന്റെ അന്നത്തെ സ്ഥിതിയില്‍ വേദനയും ദുഃഖവും ഉണ്ടായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 50 വര്‍ഷം പിന്നിട്ടിട്ടും ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ വികസനം എന്ന ദൗത്യം നിര്‍വഹിക്കുവാന്‍ ആളുകളെ കണ്ടെത്തുന്നതിലാണ് പ്രശ്നമെന്നും അദ്ദേഹം വിശ്വസിച്ചു. രാഷ്ട്രത്തിന്റെ വികസനം എന്ന ദൗത്യം നിര്‍വഹിക്കാന്‍ ആളുകളെ കണ്ടെത്തുന്നതിലാണ് പ്രശ്നം. വികസിത ഭാരതത്തിന്റെ ഈ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മൂന്നുതരം ആളുകള്‍ ആവശ്യമാണ്-പുണ്യ ആത്മ (സദ്ഗുണമുള്ള ആളുകള്‍), പുണ്യ നേതാ (സദ്ഗുണമുള്ള നേതാക്കള്‍), പുണ്യ അധികാരി (സദ്ഗുണമുള്ള ഉദ്യോഗസ്ഥര്‍).
1998 മെയ് 11 ബുദ്ധ പൗര്‍ണമി ദിവസം ലോക ചരിത്രത്തില്‍ ഭാരതം അത്ഭുതം സൃഷ്ടിച്ച ദിവസം ആയിരുന്നു. ഡോ. കലാമിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ നടന്ന ആണവവിസ്ഫോടനം. ലോകം ഏറെയും ഉറങ്ങുമ്പോള്‍ ഭാരതത്തിന്റെ ആണവയുഗം ഉദയം ചെയ്യുകയായിരുന്നു. ഭാരതത്തിന്റെ ആണവ വിസ്ഫോടന വിജയം ലോക ഭൂപടത്തില്‍ രാഷ്ട്രത്തെ കരുത്തുറ്റ ശക്തിയാക്കി മാറ്റുകയായിരുന്നു.
ഡോ. കലാം ഒരിക്കലും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാറില്ലായിരുന്നു. ഭാരത രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഈ പതിവ് തെറ്റുമെന്ന് വന്നു. അതിനാല്‍ ആ ദിവസം അദ്ദേഹം ദല്‍ഹിയില്‍ നിന്ന് ദൂരയുള്ള എവിടേക്കെങ്കിലും സന്ദര്‍ശിക്കുമായിരുന്നു. അങ്ങനെയിരിക്കെ റംസാന് കാലത്ത് രാഷ്ട്രപതി നടത്തുന്ന പാര്‍ട്ടി സല്‍ക്കാരത്തിന് ക്ഷണിക്കേണ്ടത് തലസ്ഥാനനഗരിയിലെ പ്രമുഖരെയും സമ്പന്നരെയും ഒക്കെയാണ്. ആയിരങ്ങള്‍ പട്ടിണികിടക്കുന്ന തന്റെ നാട്ടില്‍ സമ്പന്നര്‍ക്ക് എന്തിനാണ് ഇത്തരം ആര്‍ഭാടങ്ങളും സല്‍ക്കാരങ്ങളും എന്ന ചിന്തയായിരുന്നു കലാമിന്. സാധാരണ ചെലവാക്കുന്ന 22 ലക്ഷം രൂപയും അതിനോട് ഡോക്ടര്‍ കലാമിന്റെ വകയായി കുറച്ചു തുകയും കൂടി ചേര്‍ത്ത് ദല്‍ഹിയിലെ അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്തു. സത്യത്തില്‍ സര്‍ക്കാര്‍ ആഘോഷങ്ങളും പണച്ചെലവുകളും രാഷ്ട്രപതി ഭവനില്‍ അവസാനിപ്പിച്ചത് ഡോ. കലാമാണ്.
ഏതൊന്നിലും വേണ്ട അദമ്യമായ വിശ്വാസം ഡോ. കലാമിന്റെ സ്വഭാവസവിശേഷതയായിരുന്നു. അതുകൂടാതെ ഡോ.കലാമിന്റെ ജീവിതത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പാഠം നമ്മുടെ ഭാവനകളുടെ അനന്തമായ സാധ്യതയാണ്. ഒരു ചെറിയ പട്ടണത്തില്‍ താമസിക്കുന്ന താഴ്ന്ന ഇടത്തരം കുടുംബത്തിലെ ഒരു ചെറുപ്പക്കാരന് ആശ്രയിക്കാന്‍ കുടുംബ സ്വാധീനമോ സമ്പത്തോ ഇല്ലായിരുന്നു. അദ്ദേഹം ജന്മനാല് ഒരു പ്രതിഭയായിരുന്നില്ല. എന്നാല്‍ തന്റെ ഭാവനയുടെ ശക്തിയാല്‍, തന്റെ തലമുറയിലെ ഏറ്റവും പ്രഗത്ഭരായ ഭാരതീയരില്‍ ഒരാളായി അദ്ദേഹം മാറി. ഒന്നും തന്റെ പഠനത്തെയോ നേട്ടങ്ങളെയോ പരിമിതപ്പെടുത്തിയില്ല. സ്വന്തം ഭാവനയിലൂടെ എല്ലാം അദ്ദേഹത്തിന് സാധ്യമാണെന്ന് തോന്നി. അങ്ങനെ അദ്ദേഹം സൃഷ്ടിച്ച മിസൈലുകളുടെ സഞ്ചാരപഥം പോലെ വിസ്മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്രയും.
ഈ ലേഖകന്റെ ജീവിതത്തിലും ഏറെ അടുത്തു പെരുമാറുകയും ഒപ്പം ഒത്തിരി സഞ്ചരിച്ചിട്ടുള്ളതുമായ ഒരു ശാസ്ത്രജ്ഞന് ഡേ. കലാം ആണ്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ നല്കിയ കലാം ശാസ്ത്രലോകത്തു എന്റെ മാര്‍ഗദര്‍ശിയായിരുന്നു.
ഭോപ്പാലില്‍, കൊല്‍ക്കത്തയില്‍, ബാരമതിയില്‍, ബാംഗ്ലൂരില്‍, ദല്‍ഹിയില്‍, ഹൈദരാബാദില്‍, കൊച്ചിയില്‍, നാഗ്പൂരില്‍, ഇന്‍ഡോറില്‍, ഉജ്ജയിനിയില്‍… അങ്ങനെ എത്രയെത്ര വേദികളില്‍ ഞാനദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി, ഒരു പുഞ്ചിരിക്കായി, ഒരു സ്പര്ശനത്തിനായി കാത്തിരുന്നിട്ടുണ്ട്. ഇന്നദ്ദേഹത്തിന്റെ തൊണ്ണൂറ്റി രണ്ടാം ജന്മദിനമാണ്. ഭാരതത്തോടൊപ്പം ലോകജനതയും ഓര്‍ക്കുന്ന പുണ്യദിനം. കുതിച്ചുയരുന്ന ഭാരതത്തിന് ഊര്‍ജ്ജദായകമാണ് കലാമിന്റെ ജീവിതം.
ഭാരതത്തിനകത്തും പുറത്തുനിന്നുമായി 48 സര്‍വകലാശാലകള്‍ ആണ് ഓണററി ഡോക്ടറേറ്റ് നല്കി കലാമിനെ ആദരിച്ചത്
1980 ആദ്യത്തെ തദ്ദേശീയ ഉപഗ്രഹവിക്ഷേപണ പേടകം സല്‍വ-3 യുടെ പ്രൊജക്റ്റ് ഡയറക്ടര്‍
1981 പദ്മഭൂഷണ്‍
1989 ഭാരതത്തിന്റെ ആദ്യത്തെ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം
1990 പദ്മവിഭൂഷണ്
1992 രക്ഷാമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ്
1997 ഭാരതരത്നം
1998 പൊഖ്റാന്‍ 2 ന്റെ മുഖ്യ സംയോജകന്‍
1999 പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍
2002 ഭാരത രാഷ്ട്രപതി (രാഷ്ട്രപതി ഭവന് അലങ്കരിച്ച ആദ്യ അവിവാഹിതനും ശാസ്ത്രജ്ഞനുമായ ഒരാള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: