പത്തനംതിട്ട: ശബരിമലയില്‍ വന്‍ സുരക്ഷാവീഴ്ച, ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍ നിന്നും കേബിളുകളും അനുബന്ധ ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി. 40 മീറ്റര്‍ ഉയരമുള്ള ടവറില്‍ നിന്ന് 12 വലിയ കേബിളുകളും അനുബന്ധ ഉപകരണങ്ങളുമാണ് നഷ്ടമായത്.
ശരംകുത്തിയില്‍ നിന്ന് മരക്കൂട്ടത്തേക്കുള്ള പാതയിലെ ടവറാണ് തകരാറിലാക്കിയത്. നാലു ദിവസം മുന്‍പ് ജല അതോറിറ്റി ജീവനക്കാരാണ് ഇത് കണ്ടത്. മുറിച്ചെടുത്ത കേബിളുകള്‍ വനത്തില്‍ തന്നെ കത്തിച്ച് അതിനുള്ളിലെ ചെമ്പ് ഭാഗങ്ങളാണ് കടത്തിയത്. എന്നാല്‍ ഇത് മോഷണം എന്നതിനപ്പുറം സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത്.
സുരക്ഷാ മേഖലയായ വനത്തില്‍ തമ്പടിച്ച് കേബിളുകള്‍ തീയിട്ടിട്ടും വനപാലകര്‍ അറിഞ്ഞില്ല എന്നത് ഗുരുതരമാണ്. ഇവര്‍ വനത്തിലൂടെ കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുന്നു.
തീര്‍ത്ഥാടനക്കാലത്ത് ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വനപാതയിലൂടെ സഞ്ചരിക്കാച്ചതും വേണമെങ്കില്‍ പൊന്നമ്പലമേട്ടിലും കടന്നുകയറാമെന്നതും ആശങ്ക ഉയര്‍ത്തുന്നു.
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പോലീസ്, വനംവകുപ്പുകളും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. തുലാമാസ പൂജകള്‍ക്കായി 17 ന് നട തുറക്കാനിരിക്കെയാണ് സംഭവം എന്നത് ഗൗരവതരമാണ്.
ടവറിലെ കേബിളുകള്‍ മാത്രമല്ല 2 ജി, 3 ജി കേബിള്‍ കാരിയറുകളും കാര്‍ഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്. തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ ശബരിമലയില്‍ സുരക്ഷാ സംവിധാനത്തിന് സായുധപോലീസിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യവും ശക്തമാണ്. വലിയ സുരക്ഷാവീഴ്ചയാണ് സംഭവം വെളിവാക്കുന്നതെന്നും ഹിന്ദുഐക്യവേദി ഉപാധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എസ്. സതീഷ്കുമാര്‍, സഹസംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, ക്ഷേത്ര ഏകോപന സമിതി കണ്‍വീനര്‍ അശോകന് പമ്പ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: