കൊഹിമ: നാഗാലാന്‍ഡിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് – നാഗാലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് (എന്‍ഐഎംഎസ്ആര്‍) കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഇന്ന് കൊഹിമയിലെ ഫ്രെയിബാഗെയില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും സമൃദ്ധവുമായ ഇന്ത്യ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ഈ സ്ഥാപനം ശക്തി പകരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
നാഗാലാന്‍ഡിലെ ആദ്യ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ മാത്രമല്ല, അപൂര്‍വ രോഗങ്ങള്‍ക്കുള്ള ഗവേഷണത്തിനും രോഗത്തിന് പരിഹാരം കണ്ടെത്തുന്നതിനും സംഭാവന നല്‍കുമെന്നും ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഗുണമേന്മയുള്ളതും പാവങ്ങള്‍ക്കും താങ്ങാനാവുന്നതുമായ ആരോഗ്യപരിചരണം പ്രദാനം ചെയ്യുന്നതിലൂടെയും ആരോഗ്യമേഖലയില്‍ നിരവധി അവസരങ്ങള്‍ തുറന്നുകൊണ്ടും മേഖലയിലെ യുവജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്തുകൊണ്ടും പുതിയ മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വടക്കുകിഴക്കിന്റെ വികസനം അനിവാര്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും ഡോ. മാണ്ഡവ്യ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്‌ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയും. നാഗാലാന്‍ഡ് ഊര്‍ജ്ജസ്വലമായ സംസ്‌കാരവും പാരമ്പര്യവും ജനങ്ങളുടെ സമാധാനപരമായ ജീവിതരീതിയും ഉള്ള അവസരങ്ങളുടെ നാടാണെന്ന് ഡോ. മാണ്ഡവ്യ അഭിപ്രായപ്പെട്ടു.
നാഗാലാന്‍ഡിലെ ജനങ്ങള്‍ക്ക് ഇന്ന് ചരിത്രപരമായ ദിവസമാണെന്ന് മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് പ്രാപ്യമായ മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുക എന്ന ‘വിഷന്‍ 2030’ ലക്ഷ്യം കൈവരിക്കുന്നതിനുള്ള വലിയ ചുവടുവയ്‌പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: