ന്യൂ ഡല്‍ഹി. കോണ്‍ഗ്രസ് പാര്‍ട്ടി ‘നുണകളുടെ രാഷ്‌ട്രീയം കൊണ്ടുനടക്കുകയാണെ’ന്നും കോണ്‍ഗ്രസിന് സ്വന്തമെന്ന് പറയാന്‍ ആകെയുള്ളത് അഴിമതി മാത്രമാണെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കര്‍ണ്ണാടകത്തിലെ മുന്‍ (ബിജെ പി) സര്‍ക്കാരിന് 40 ശതമാനം കമ്മിഷന്‍ നല്‍കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം കളവാണെന്നും ‘പ്രസ്തുത ആരോപണമുന്നയിച്ചയാളുടെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ 42 കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തെ’ന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായ രാജീവ് ചന്ദ്രശേഖര്‍.
‘കര്‍ണ്ണാടകത്തിലെ കോണ്‍ട്രാക്ടര്‍മാരുടെ നേതാവ് ആര്‍. അംബികാപതി 2022 ജൂലൈഓഗസ്റ്റില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ആളാണ്. ബിജെപി 40 ശതമാനം കമ്മീഷന്‍ കൈപ്പറ്റുന്നുവെന്നായിരുന്നു കത്തിലെ സൂചന. തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷനുള്ള സര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹവും കൂട്ടാളികളും തെറ്റായ കഥകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാല്‍
കോണ്‍ഗ്രസിന്റെ ഈ കപട രാഷ്‌ട്രീയത്തിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 42 കോടി രൂപ കണ്ടെടുത്തത്’ കേന്ദ്രമന്ത്രി പറഞ്ഞു.
ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിരന്തരം നുണകള്‍ മെനയുകയാണെന്ന് ആരോപിച്ച അദ്ദേഹം, കോണ്‍ഗ്രസിന് ‘എന്തെങ്കിലും കാര്യത്തില്‍ ഉറപ്പുണ്ടെങ്കില്‍ അത് അഴിമതിയുടെ ഉറപ്പാ’ണെന്നും പറഞ്ഞു. ‘കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ജോഡോയെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ അംബികാപതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം ഇന്ത്യ ലൂട്ടോ യാത്രയുടെ (മോഷണ യാത്ര) വ്യക്തമായ ഉദാഹരണമാണ്’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കോണ്‍ഗ്രസിന് ഫണ്ട് കണ്ടെത്താനുള്ള ഒരു എടിഎമ്മായി സംസ്ഥാനം മാറുമെന്ന് അന്ന് തന്നെ രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘തെലങ്കാന, മദ്ധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ധനസഹായം നല്‍കുന്ന കേന്ദ്രമായി ഇന്ന് കര്‍ണാടകം മാറി’യെന്നും രാജീവ് ചന്ദ്രശേഖര്‍
പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും കൈകളിലൂടെ ഇന്‍ഡി ലൂട്ടോ യാത്രയുടെ എടിഎമ്മായി ഇന്ന് കര്‍ണ്ണാടക സംസ്ഥാനം മാറിയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ കാര്യത്തില്‍ കര്‍ണ്ണാടകം മാത്രമല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഝാര്‍ഖണ്ഡും സമാന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ‘ഇഡി സമന്‍സുകള്‍ക്കെതിരേ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരെന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതും രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനായ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വീട്ടില്‍ നടന്ന റെയിഡുകളുമെല്ലാം ഇതിനുദാഹരണങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിലെല്ലാം ജനങ്ങളുടെ ആവശ്യങ്ങള്‍ പിന്‍തള്ളപ്പെടുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: