തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കുക്ക് തസ്തിക ബ്രാഹ്മണര്‍ക്കു മാത്രമെന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ഷേത്രം കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലാണ് ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന നിര്‍ദേശം. മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി കുക്കിനെ നിയമിച്ചപ്പോഴും ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നു അപേക്ഷിക്കാന്‍ അവസരം. അന്ന് അത് വലിയ വിവാദമായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയിരുന്നില്ല.
ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടും എന്നതായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം. എന്നാല്‍ പിന്നീട് നിയമനത്തിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. നിയമന പ്രക്രിയകളില്‍ റൊട്ടേഷന്‍ പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനിടെയാണ് ബ്രാഹ്മണര്‍ മാത്രം കുക്ക് തസ്തികയില്‍ അപേക്ഷിച്ചാല്‍ മതിയെന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വിജ്ഞാപനം.
ദേവസ്വത്തില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് രണ്ട് ദിവസം മുമ്പാണ് വിജ്ഞാപനം ഇറങ്ങിയത്. മലയാളം വായിക്കാനും എഴുതാനുമറിയാവുന്ന ശാരീരികക്ഷമതയുള്ള ഹിന്ദു ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അബ്രാഹ്മണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാനാവില്ല.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് റഗുലേഷന്‍ ചട്ടപ്രകാരമാണ് ദേവസ്വം ബോര്‍ഡിന് കീഴില്‍ നിയമനങ്ങള്‍ നടക്കുന്നതെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. 1983 ലാണ് എംപ്ലോയീസ് റഗുലേഷന്‍ ചട്ടമുണ്ടാക്കിയത്. പിന്നീട് 2015ലും 2016 ലും ചെറിയ ചില ഭേദഗതികള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ അതില്‍ ഉണ്ടായിട്ടില്ല.
ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിച്ചാല്‍ മാത്രമേ ചട്ടത്തില്‍ ഭേദഗതി വരുത്താനാവൂ. സമിതി ദേവസ്വം കമ്മിഷണറോട് ആവശ്യപ്പെടുന്നതനുസരിച്ച് കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കും. എന്നാല്‍ മുന്‍ നിയമനങ്ങള്‍ വിവാദമായപ്പോഴും സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മിണ്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: