അഹമ്മദാബാദ്: ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഇന്ന നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുന്നു. ഒന്നേകാല്‍ ലക്ഷത്തിലേറെ ആരാധകരെ സാക്ഷിയാക്കി, ലോകം കാത്തിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടത്തില്‍ ഭാരതം പാകിസ്ഥാനെ നേരിടാനിറങ്ങുന്നു. ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
കളിച്ച രണ്ട് കളികളും ജയിച്ചാണ് ഭാരതവും പാകിസ്ഥാനും ഇന്ന് മൂന്നാം കളിക്കിറങ്ങുന്നത്. രണ്ട് ടീമിന്റെയും ലക്ഷ്യവും മൂന്നാം വിജയം തന്നെ.
ഭാരതം ആദ്യ കളിയില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെയും രണ്ടാം കളിയില്‍ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെയും തകര്‍ത്താണ് ഇന്നത്തെ ഹെവിവെയ്റ്റ് പോരാട്ടത്തിന് കച്ചമുറുക്കുന്നത്. പാകിസ്ഥാന് ആദ്യ കളിയില്‍ നെതര്‍ലന്‍ഡ്സിനെ 81 റണ്‍സിനും രണ്ടാം കളിയില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിനും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലും. ഇതോടെ ഇന്നത്തെ മത്സരത്തിന് പ്രാധാന്യമേറിയിരിക്കുകയാണ്. റൗണ്ട് റോബിന് ക്രമത്തിലുള്ള മത്സരമായതിനാല്‍ ഓരോ മത്സരത്തിനും പ്രാധാന്യമേറെയാണ്.
എറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഭാരതവും പാക്കിസ്ഥാനും മുഖാമുഖം വന്നത്. ഈ പോരാട്ടത്തില്‍ പാകിസ്ഥാനെ 228 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഭാരതത്തിനുണ്ട്. മാത്രമല്ല ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഭാരതം പാകിസ്ഥാനോട് തോറ്റിട്ടില്ലെന്നതും രോഹിത്തിന്റെയും കൂട്ടരുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നു. ലോകകപ്പില്‍ ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഭാരതത്തിനൊപ്പമായിരുന്നു.
ഫഌറ്റ് പിച്ചാണ് അഹമ്മദാബാദിലേതെങ്കിലും മത്സരം പുരോഗമിക്കുന്തോറും അപ്രതീക്ഷിത ബൗണ്‍സ് പ്രതീക്ഷിക്കാം. ഇത് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ഇവിടെ നടന്ന 29 ഏകദിനങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോര്‍ 237 ആണ്. അതേസമയം ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്നത്തെ പോരാട്ടത്തില്‍ ഭാരതത്തിന്റെ ആത്മവിശ്വാസം ബാറ്റര്‍മാരും ബൗളര്‍മാരും മികച്ച ഫോമിലാണെന്നതാണ്. സച്ചിന് തെണ്ടുല്‍ക്കറുടെ കൂടുതല്‍ ലോകകപ്പ് സെഞ്ചുറി എന്ന റിക്കാര്‍ഡ് മറികടന്ന രോഹിത് ശര്‍മ മുതല്‍ സച്ചിന് കഴിഞ്ഞാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിരാട് കോഹ്ലിയും തുടങ്ങി ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, കെ.എല്‍. രാഹുല്‍ തുടങ്ങിയവര്‍ മികച്ച ഫോമിലാണ്. ഓസീസിനെതിരേ റണ്ണൊന്നുമെടുക്കാതെ പുറത്തെയെങ്കിലും അഫ്ഗാനെതിരേ അതിവേഗ സെഞ്ചുറി നേട്ടത്തിലൂടെ ഫോമിലാണെന്നു തെളിയിച്ചിരിക്കുകയാണ് നായകന് രോഹിത് ശര്‍മ. വിരാട് കോഹ്ലി ഓസീസിനെതിരേ 85 റണ്‍സും അഫ്ഗാനെതിരേ പുറത്താകാതെ 55 റണ്‍സും നേടിക്കഴിഞ്ഞു. കെ.എല്‍. രാഹുല്‍ ഓസ്ട്രേലിയയ്ക്കെതിരേ പുറത്താകാതെ 95 റണ്‍സ് നേടി മികച്ച ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാനുള്ള സാധ്യത 99 ശതമാനമാണെന്ന് നായകന് രോഹിത് ശര്‍മ പറഞ്ഞത് ടീമിന് ആത്മവിശ്വാസം പകരുന്നു. അങ്ങനെയെങ്കില്‍ ഗില്‍ വരുമ്പോള്‍ ഇഷാന് കിഷനാകും സ്ഥാനം നഷ്ടമാവുക. ശ്രേയസ് അയ്യരെ പുറത്തിരുത്താനുള്ള സാധ്യതയും തള്ളിക്കയാനാവില്ല. കാരണം ഹാര്‍ദിക് പാണ്ഡ്യ, ജഡേജ എന്നീ ഓള് റൗണ്ടര്‍ ടീമില്‍ തുടരും.
റണ്ണൊഴുകുന്ന പിച്ചില്‍ ഭാരതം മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരേ മൂന്നു സ്പിന്നര്‍മാര്‍ കളിച്ചിരുന്നു. ഇന്നും മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജഡേജ, അശ്വിന്, കുല്‍ദീപ് എന്നിവര്‍ ഇറങ്ങും മറിച്ച് ഒരു പേസ് ബൗളറെക്കൂടി ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അശ്വിന് പകരം ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം മുഹമ്മദ് ഷമി കളിച്ചേക്കും.
അതേസമയം പാക് നായകന് ബാബര്‍ അസം ഫോമിലേക്കുയരാത്തത് അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍നിന്ന് 15 റണ്‍സ് മാത്രമാണ് അസമിന് നേടാനായത്. ഭാരതത്തിനെതിരായ താരത്തിന്റെ പ്രകടനവും മികച്ചതല്ല. ഒരു അര്‍ധസെഞ്ചുറി പോലും ഭാരതത്തിനെതിരെ നേടിയിട്ടില്ലാത്ത അസമിന്റെ ശരാശരി 28 മാത്രമാണ്. അതേസമയം, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ ഫോമില്‍ പാകിസ്ഥാന് വിശ്വാസമര്‍പ്പിക്കുന്നു. ശ്രീലങ്കയ്ക്കെതിരേ കൂറ്റന്‍ സ്കോര്‍ പിന്തുടര്ന്ന് പാക്കിസ്ഥാന് ജയമൊരുക്കിയത് റിസ്വാന്റെ സെഞ്ചുറിയായിരുന്നു. ബൗളിങ്ങില്‍ പാക്കിസ്ഥാന് കടലാസില്‍ കരുത്തരാണെങ്കിലും പ്രതീക്ഷയ്ക്കൊത്തുയരാന്‍ അവര്‍ക്കായിട്ടില്ല. ഷഹീന് അഫ്രീദിയും ഹാരിസ് റൗഫും നേതൃത്വം നല്കുന്ന ഫാസ്റ്റ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്റ് എത്രത്തോളം മികവ് പുലര്‍ത്തും എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ഭാരതവും പാകിസ്ഥാനും തമ്മില്‍ ഏകദിനത്തില്‍ നേര്‍ക്കു വന്നിട്ടുള്ളത് 134 മത്സരങ്ങളിലാണ്. ഇതില്‍ 73 മത്സരങ്ങളിലും വിജയം പാകിസ്ഥാനൊപ്പം നിന്നു. 56 മത്സരങ്ങളിലാണ് ഭാരതം ജയിച്ചിട്ടുള്ളത്. അഞ്ചെണ്ണം ഫലമില്ലാതെ പോയി.
സാധ്യതാ ടീം
ഭാരതം: രോഹിത് ശര്‍മ, ഇഷാന് കിഷന്/ശുഭ്്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്/മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ബുമ്ര.
പാക്കിസ്ഥാന്: അബ്ദുള്ള ഷഫീക്ക്, ഇമാം ഉള് ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്, സൗദ് ഷക്കീല്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഷബാദ് ഖാന്, മുഹമ്മദ് നവാസ്, ഹസന് അലി/മുഹമ്മദ് വാസിം, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: