ഒരു പഞ്ചായത്തു പ്രസിഡന്റുപോലും വിളിച്ചില്ലെന്ന പി.ആര്. ശ്രീജേഷിന്റെ സങ്കടം. അതുകൊണ്ടെന്തെങ്കിലും നഷ്ടം നേരിട്ടതുകൊണ്ടല്ല. കായികലോകത്തോടുള്ള കേരളത്തിന്റെ അവഗണന തുറന്നുകാട്ടാനായിരുന്നു. അതിന് മുഖ്യമന്ത്രിയുടെ മറുപടിയാണ് രസകരം. കായികതാരങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നായിരുന്നു അത്. പക്ഷെ ഇക്കുറി അത് കാണാത്തതാണ് ശ്രീജേഷിനെ സങ്കടപ്പെടുത്തിയത്. മുഖ്യമന്ത്രി അടിയന്തിരാവസ്ഥക്കാലം ഓര്‍മ്മിച്ചുകാണും. അടിയന്തിരാവസ്ഥയിലാണല്ലൊ സിപിഎം യുവാക്കളെ ഓടാന്‍ പഠിപ്പിച്ചത്. 100 മീറ്റര്‍ 200 മീറ്റര്‍ ഓട്ടമത്സരത്തിന് യുവാക്കളെ സജ്ജരാക്കുകയായിരുന്നു അന്ന് ഡിവൈഎഫ്ഐക്കാരുടെ മുഖ്യപണി. ടി.പി. ദാസനായിരുന്നു അന്ന് സംഘടനയുടെ സെക്രട്ടറി.
ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും സംഘടനാ കോണ്‍ഗ്രസിന്റെയും സോഷ്യലിസ്റ്റ് സംഘടനകളുടെയും പ്രവര്‍ത്തകര്‍ സമരം ചെയ്ത് ജയിലിലേക്ക് പോകുമ്പോള്‍ അതിനെ പരിഹസിക്കുന്ന പണിയായിരുന്നു ഡിവൈഎഫ്ഐക്ക്. ഇന്ദിരാഗാന്ധിയുടെയും കരുണാകരന്റെയും പോലീസിന് അന്ന് കണ്ണില്‍ ചോരയുണ്ടായിരുന്നില്ല. ആദ്യമാദ്യമൊക്കെ സമരം ചെയ്യാന്‍ സിപിഎം ചെറുപ്പക്കാര്‍ രംഗത്തിറങ്ങിയതാണ്. പക്ഷേ ഒരു പ്രഭാതത്തില്‍ അവര്‍ ഉള്‍വലിഞ്ഞു. നമ്പൂതിരിപ്പാടടക്കം. അടിയന്തിരാവസ്ഥ തീരാന്‍ പോകുന്നില്ല എന്ന ചിന്തയായിരുന്നു അവര്‍ക്ക്. ലോക്സംഘര്‍ഷസമിതി നേതാക്കളോട് നമ്പൂതിരിപ്പാട് തുറന്നുപറയുകയും ചെയ്തു. കരുണാകരന്റെ പോലീസ് അറസ്റ്റ് ചെയ്ത ഉടന്‍ വിട്ടയച്ചപ്പോള്‍ പിണറായി വിജയനടക്കമുള്ളവര്‍ക്ക് പൊതിരെ തല്ലുകിട്ടി. മിസ തടവുകാരനുമാക്കി. സിപിഎം അഖിലേന്ത്യാ നേതൃത്വം ഇന്ദിരാഗാന്ധിയെ ദ്രോഹിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു. ബസവ പുന്നയ്യയായിരുന്നു ദല്ലാള്‍.
ഇഎംഎസിനെ ജയിലിലടച്ചില്ലെങ്കില്‍ കരുണാകരമുന്നണിക്ക് പുനര്‍ജയം കിട്ടില്ലായിരുന്നു. ഇഎംഎസിന് ജയില്‍ മോരില്‍ വെള്ളം കൂടിപ്പോയി എന്ന് പറഞ്ഞാല്‍പ്പോലും നേട്ടമായേനെ. ഏതായാലും ഇഎംഎസ്സും എകെജിയും ജയിലില്‍ കിടന്നിട്ടില്ല. ഡിവൈഎഫ്ഐക്കാര്‍ ഓട്ട മത്സരത്തിലുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അടിയന്തിരാവസ്ഥയില്‍ അച്യുതമേനോന് പറഞ്ഞതുപോലെയായി. ‘ബോണസിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥ’ എന്ന നിലപാട് ജനങ്ങള്‍ അംഗീകരിച്ചു. അന്ന് ഡിവൈഎഫ്ഐക്കാരുടെ ഓട്ടമത്സരത്തെ പ്രോത്സാഹിപ്പിച്ചതല്ലാതെ കായികതാരങ്ങളെ പിന്നീട് പ്രോത്സാഹിപ്പിച്ചതായി കണ്ടില്ല.
അതിലൊന്നുമല്ല കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇന്നത്തെ പരാതി. അവര്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. പാര്‍ലമെന്റ് അംഗത്വം ഒഴിഞ്ഞാല്‍ വീട് ഒഴിഞ്ഞുകൊടുക്കുന്നത് എന്ത് ഏര്‍പ്പാടെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ ചോദ്യം. പണ്ടൊക്കെ പാര്‍ലമെന്റ്അംഗത്വം ഒഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടാലും വസതിവിട്ടുകൊടുക്കണ്ടത്രേ. ഇപ്പോള്‍ ആ ഏര്‍പ്പാട് പറ്റില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന് ചൊടിവരുന്നത്.
ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വാര് റൂം പ്രവര്‍ത്തിക്കുന്നത് പണ്ട് ഒരു എംപിക്ക് അനുവദിച്ച മുറിയിലാണത്രെ. അതിപ്പോള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടത് അനീതി എന്നാണ് കണ്ടെത്തല്‍. 18 വര്‍ഷമായി ഉപയോഗിച്ചുവരുന്ന വാര്‍റൂം ഒഴിയുന്നതെങ്ങനെ എന്നാണ് കെ.സി. വേണുഗോപാലിന്റെ ചോദ്യം. ദല്‍ഹിയില്‍ സര്‍ക്കാര്‍ വക മന്ദിരം ഒഴിയാന്‍ കോണ്‍ഗ്രസിന് വഴിയില്ലെന്നോ? ‘മറുഞാണില്ലാത്തവന്‍ വില്ലാളിയല്ലെന്ന്’ പറഞ്ഞമാതിരിയായി കോണ്‍ഗ്രസിന്റെ അവസ്ഥ. ദില്ലി ജിആര്‍ജി റോഡിലെ കെട്ടിടം ഒഴിയണമെന്നാണ് നിര്‍ദ്ദേശം. നയരൂപീകരണം, തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, അച്ചടക്ക നടപടി ആലോചിക്കല്‍ അങ്ങനെ കഴിഞ്ഞ 18 വര്‍ഷമായി നിര്‍ണ്ണായക തീരുമാനങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തിനൊപ്പം പിറവിയെടുത്തിരുന്നത് ഇവിടെ വച്ച് കൂടിയായിരുന്നു. ആളുകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ പാര്‍ട്ടി ആസ്ഥാനത്തേക്കാള്‍ രഹസ്യാത്മകമായി ചര്‍ച്ചകള്‍ നടത്താനാകുമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളില്‍ പരിഹാസ വാക്കായും വാര് റൂം ഉപയോഗിക്കപ്പെട്ടു. എംപിമാരുടെ പേരിലെടുത്തിരുന്ന വസതി ഒടുവില്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭ എംപി പ്രദീപ് ഭട്ടാചാര്യക്കായിരുന്നു അനുവദിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഒഴിയാന്‍ നോട്ടീസ് നല്കി. നിയമസഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ നവംബര്‍ വരെ തുടരാന്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു.
പുതുതായി രാജ്യസഭയിലെത്തിയ കാര്‍ത്തികേയ ശര്‍മ്മയുടെ പേരില്‍ വസതി അനുവദിച്ച് തുടര്‍ നീക്കങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തടയിട്ടു. അഞ്ച് വര്‍ഷം മുന്‍പ് എഐസിസി ആസ്ഥാനത്തിനും ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഔദേ്യാഗിക വസതിയില്‍ നിന്ന് രാഹുലിനെ പടിയിറക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ തന്ത്രപ്രധാന കേന്ദ്രത്തിനും ബിജെപി സര്‍ക്കാര്‍ പൂട്ടിട്ടിരിക്കുന്നത്. എന്നാണ് കോണ്‍ഗ്രസ് വിലാപം
ദല്‍ഹിയില്‍ വാര്‍റൂം ഒഴിയേണ്ടതാണ് വലിയ പ്രശ്നമാക്കി എടുക്കുന്നതെങ്കില്‍ തെലുങ്കാനയില്‍ പ്രശ്നം വേറെയാണ്. 4 മാസമായി കോണ്‍ഗ്രസിന്റെ തീരുമാനമറിയിക്കാന്‍ കാത്തിരിക്കുകയാണ് വൈ.എസ്. ശര്‍മിള. ആന്ധ്ര മുന്‍മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകളാണവര്‍. കോണ്‍ഗ്രസില്‍ ലയിക്കാം. അല്ലെങ്കില്‍ സഖ്യത്തില്‍ മത്സരിക്കാം എന്നവര്‍ പാടിക്കൊണ്ടേയിരുന്നു. ഉപഗുപ്തന് കേസുപോലെ സമയമായില്ലപോലും സമയമായില്ലപോലും. ശര്‍മിളയുടെ മനസ്സില്‍ ക്ഷമയാകെ കെട്ടു. ഒരു മറുപടിയും കിട്ടുന്നില്ല എന്നതാണ് പരിഭവം. ലയനത്തിനായി സോണിയയും രാഹുലും ചര്‍ച്ചയും നടത്തിയതുമാണ്. എന്നാല്‍ തെലങ്കാന പാര്‍ട്ടിയാണ് പാര. ഏതായാലും തനിച്ചു മത്സരിക്കാനാണവര്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: