ജി. രാമന് നായര്‍
ബിജെപി ദേശീയസമിതി അംഗം
നമ്മുടെ നാടിന്റെ വര്‍ത്തമാനകാല മാധ്യമ രംഗത്ത് ജന്മഭൂമിയുടെ സജീവ സാന്നിധ്യം അനിവാര്യമാണ്. പത്രധര്‍മ്മത്തിന്റെ പരിപാവനതയും വാര്‍ത്തകളോട് സത്യസന്ധമായ പ്രതിബദ്ധതയും നിലനിര്‍ത്തുന്ന മലയാളത്തിലെ ഏക ദിനപ്പത്രമായി ജന്മഭൂമി വേറിട്ടുനില്ക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ സംശുദ്ധി നിലനിര്‍ത്തി വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ദൗത്യം തുടക്കം മുതല്‍ ജന്മഭൂമി അനുവര്‍ത്തിച്ചുവരികയാണ്. സ്വേച്ഛാധിപത്യശക്തികള്‍ പത്രസ്വാതന്ത്ര്യത്തിനെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോഴും ജനഹിതം ഉയര്‍ത്തിപ്പിടിച്ചു നിര്‍ഭയം നേരിട്ട ചരിത്രമാണ് ജന്മഭൂമിയുടേത്. അതുകൊണ്ടുതന്നെ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാതെ സത്യത്തിന്റെ പാതയില്‍ ജനങ്ങളുടെ ശബ്ദമായി കൂടുതല്‍ കരുത്താര്‍ജിച്ചു ജന്മഭൂമി നിലകൊള്ളുന്നു.
മാധ്യമലോകത്തെ പല പ്രമുഖ സ്ഥാപനങ്ങളും പത്രപ്രവര്‍ത്തകരും സ്വാര്‍ത്ഥലാഭത്തിനും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ഈ മേഖലയുടെ പവിത്രത കളങ്കപ്പെടുത്തി അതിനെ മലീമസമാക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദേശവിരുദ്ധ ശക്തികളുമായി ഒത്തുചേര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കുട പിടിക്കാനും അഴിമതി, സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ സാമൂഹ്യ തിന്മകളെ വെള്ളപൂശിക്കാണിക്കാനും ശ്രമിക്കുന്ന ഭീകര പത്രപ്രവര്‍ത്തനമാണ് പല മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം കൈവരിച്ച നേട്ടങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍, അന്താരാഷ്ട്ര തലത്തില്‍ നാം നേടിയ നേട്ടങ്ങള്‍ ഇവയൊന്നും ജനങ്ങളില്‍ എത്തിക്കുവാന്‍ ഒട്ടുമിക്ക മാധ്യമങ്ങളും ശ്രദ്ധ കാണിക്കുന്നില്ല. നമ്മുടെ ചുറ്റുപാടും നിലനില്‍ക്കുന്ന ഈ മാധ്യമ ഭീകരതയുടെ നടുവിലാണ് ആശ്വാസത്തിന്റേയും പ്രകാശത്തിന്റേയും ഒരു തുരുത്തായി ‘ജന്മഭൂമി’ നിലകൊള്ളുന്നത്.
ജന്മഭൂമി അതിന്റെ പേരന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെ നമ്മുടെ നാടിന്റെ പ്രശ്നങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും വികസന സ്വപ്നങ്ങളും രാജ്യപുരോഗതിക്കായി നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളും സര്‍വ്വോപരി സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങളും വിശ്വാസ സംരക്ഷണത്തിന്റെ പ്രാധാന്യവുമെല്ലാം ജനങ്ങളില്‍ എത്തിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ആശ്വാസം. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, മൂല്യച്യുതിക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച് രാജ്യസ്നേഹവും ദേശാഭിമാന ബോധവും വളര്‍ത്തി, നാടിന്റെ പുരോഗതിയുടെ നേര്‍ച്ചിത്രങ്ങള്‍ ജനങ്ങളില്‍ എത്തിച്ചു. ജനങ്ങളുടെ പത്രമായ ജന്മഭൂമി കൂടുതല്‍ പ്രചാരമുള്ള പത്രമായി മാറ്റാനുള്ള പരിശ്രമങ്ങളില്‍ നമുക്കും പങ്കാളിയാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: