ഹോക്കി താരം പി.ആര്‍.ശ്രീജേഷ് പറഞ്ഞത് വലിയൊരു കാര്യമാണ്. ചിലരൊക്കെ പറഞ്ഞതും മറ്റുചിലര്‍ പറയാനാഗ്രഹിച്ചതുമായ കാര്യം. ഏഷ്യന്‍ ഗെയിംസില്‍ നിന്ന് സ്വര്‍ണമെഡലുമായി വന്നിട്ടും സ്വീകരിക്കാനോ അഭിനന്ദിക്കാനോ ഒരാളെപ്പോലും കാണാത്തതിന്റെ വേദനയാണ് ശ്രീജേഷ് പങ്കുവച്ചത്. ഏതാനും ദിവസം മുന്‍പ് ബാഡ്മിന്റന്‍ താരം എച്ച്.എസ്. പ്രണോയിയും ഇതേ രീതിയില്‍ പ്രതികരിച്ചിരുന്നു. മനം മടുത്ത് കേരളംവിട്ടു പോകാന്‍ ആലോചിക്കുന്നുവെന്നാണ് അത്ലിറ്റുകളായ എല്‍ദോ പോളും അബ്ദുള്ള അബൂബക്കറും പറഞ്ഞത്.
ഭാരതത്തിന്റെ ഏഷ്യന്‍ ഗെയിംസ് നേട്ടം രാജ്യമാകെ ആഘോഷിക്കുമ്പോഴും കേരളം മാത്രമെന്തേ ഇങ്ങനെയായിപ്പോകുന്നു! മറ്റു സംസ്ഥാനങ്ങള്‍ താരങ്ങളുടെ വിജയത്തിനു തൊട്ടുപിന്നാലെതന്നെ അവരെ നേരിട്ട് അഭിനന്ദിക്കുകയും പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും തിരിച്ചെത്തിയാലുടന്‍ അതു കൈമാറുകയും ചെയ്യുന്ന രീതി തുടങ്ങിയിട്ടു കുറച്ചുകാലമായി. വൈകി പ്രഖ്യാപിക്കുകയും പിന്നെ കൈമാറാന്‍ വൈകിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ ശൈലിയല്ല അവിടെയൊന്നുമുള്ളത്. അതിനൊക്കെ സാമ്പത്തിക ഞെരുക്കം എന്ന കാരണം പറയാം. പക്ഷേ, മെഡല്‍ നേടുകയോ മികച്ച പ്രകടനം നടത്തുകയോ ചെയ്താല്‍ ഒന്ന് അഭിനന്ദിക്കാന്‍ നമുക്കു കഴിയാതെ പോകുന്നതിനു ന്യായീകരണമില്ല. മുന്‍പു കൊടുത്തതിന്റെ കണക്കു നിരത്തുന്നത് ഇതിനു മറുപടിയാകില്ല. മുന്‍പു പാരിതോഷികം കൊടുത്തിട്ടില്ലെന്ന് ആരും പറയുന്നില്ല. അതിന് അതിന്റേതായ മൂല്യമുണ്ടെന്നതു നിഷേധിക്കുന്നുമില്ല. പക്ഷേ, ഈ നാടിന്റെ മക്കള്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്നതും മനസ്സു നിറയുന്നതും പ്രോല്‍സാഹനത്തിന്റേയും അഭിനന്ദനത്തിന്റേയും വാക്കുകള്‍ കേള്‍ക്കുമ്പോഴാണ്. കണക്കു പുസ്തകം തുറക്കുമ്പോഴല്ല. അങ്ങനെപറഞ്ഞാല്‍ കണക്കുകള്‍ വേറെയും പലതും പറയേണ്ടിവരും. കേരളത്തില്‍ ഒരു ജോലിക്കായി മോഹിച്ചു കാത്തിരുന്നു മടുത്ത് നിവര്‍ത്തിയില്ലാതെ റയില്‍വേ ഉദ്യോഗസ്ഥയായ പി.യു. ചിത്ര രണ്ട് ഏഷ്യന്‍ ചാംപ്യന്‍ ഷിപ്പുകളിലെ സ്വര്‍ണ വിജയിയാണ്. വാക്കുപറഞ്ഞ ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ പൊരിവയിലത്തു കുത്തിയിരിക്കുകയും മുട്ടിലിഴയുകയും ശയനപ്രദക്ഷിണം നടത്തുകയും ചെയ്ത കായിക താരങ്ങളുടെ കാര്യവും കണക്കിലുണ്ട്. അവരോടു കാണിച്ച നീതികേടിന്റെ കണക്കും പറയേണ്ടിവരും. ജേതാക്കള്‍ പൊടുന്നനെ പൊട്ടിമുളയ്‌ക്കുന്നതല്ല. മുള്‍വഴികളിലൂടെയാണ് ഓരോ കായിക താരവും വിജയത്തിലേയ്‌ക്കും മെഡല്‍ പ്രഭയിലേയ്‌ക്കും എത്തുന്നത്. ആ വിയര്‍പ്പിനു കണക്കുകള്‍കൊണ്ടു വിലപറയരുത്. വിജയത്തിനു പിന്നിലെ വേദന അവര്‍ക്കേ അറിയൂ. അത് ഉള്‍ക്കൊള്ളാന്‍ കായിക ലോകം ഭരിക്കുന്ന രാഷ്‌ട്രീയക്കാര്‍ക്ക് കഴിയാതെ പോകുന്നെങ്കില്‍ കുറ്റം കുട്ടികളുടേതല്ല. മനസ്സിടിക്കുന്ന പ്രതികരണമുണ്ടാകുമ്പോള്‍ പ്രതികരിക്കുന്നതിനെ കുറ്റപ്പെടുത്താനുമാകില്ല.
ഇതൊക്കെ ആരെങ്കിലും പറയണമല്ലോ. ആ ദൗത്യമാണ് ശ്രീജേഷ് നിര്‍വഹിച്ചത്. ഇതു പറയാന്‍ ശ്രീക്കു തീര്‍ച്ചയായും അര്‍ഹതയുണ്ടുതാനും. ഒളിംപിക്സിലും ഏഷ്യന്‍ ഗെയിംസിലും രാജ്യത്തിനു മെഡല്‍ സമ്മാനിച്ചതു മാത്രമല്ല ശ്രീയുടെ സംഭാവന. തകര്‍ച്ചയുടെ പടുകഴിയിലായിരുന്ന ഇന്ത്യന്‍ ഹോക്കിയെ ഉയര്‍ത്തി, ആരോടും നേര്‍ക്കുനേര്‍ പോരാടാന്‍ ആത്മധൈര്യമുള്ള ടീമാക്കി മാറ്റിയതില്‍ ഈ ഗോള്‍കീപ്പര്‍ക്കു വലിയ പങ്കുണ്ട്. അതു പരിശീലകരും സഹകളിക്കാരും അംഗീകരിക്കുന്ന കാര്യമാണ്. കളിമികവില്‍ ലോക നിലവാരത്തില്‍ നില്‍ക്കുമ്പോഴും വിജയതൃഷ്ണയും എതിരാളിയെ തകര്‍ക്കാനുള്ള പോരാട്ടവീര്യവും ആണ് ഹോക്കി അടക്കമുള്ള ഭാരത കായികരംഗത്തിനു നഷ്ടമായിരുന്നത്. അതു രണ്ടും കുത്തിവച്ച് ഭാരതത്തെ വിജയിക്കുന്ന ടീമാക്കി മാറ്റിയതും ലോകനിലവാരത്തില്‍ പ്രതിഷ്ഠിച്ചതും ശ്രീയുടെ നേതൃപാടവം തന്നെയാണ്. അതിനൊപ്പം ഏതു ടീമിന്റേയും മുന്‍നിരക്കാര്‍ ഭയപ്പെടുന്നൊരു ഗോള്‍കീപ്പറായി മാറാനും കഴിഞ്ഞു. ഇതൊന്നും ചെറിയ കാര്യമല്ല. കേരളത്തെസംബന്ധിച്ച് ഏറെ പ്രധാനം, ഇവിടെ കാര്യമായ വേരോട്ടമില്ലാത്ത ഹോക്കി പോലൊരു കളിയില്‍ കേരളത്തില്‍ത്തന്നെ കളിച്ചു വളര്‍ന്ന് രാജ്യാന്തര പ്രശസ്തനായ കളിക്കാരന്‍ എന്ന നിലയിലാണ്. അതിലേറെ പ്രധാനമാണ് കേരളത്തില്‍ത്തന്നെ തുടരണമെന്നും കളിക്കളം വിട്ടാലും കേരളത്തിലെ ഹോക്കി വളര്‍ച്ചയ്‌ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുമുള്ള മോഹത്തോടെ ഇവിടെത്തന്നെ ജോലി സമ്പാദിക്കാന്‍ ശ്രീ കാണിച്ച താത്പര്യം.
ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തിലും സ്വര്‍ണ വിജയത്തിലും ചരിത്രം കുറിച്ച് മെഡല്‍ എണ്ണത്തില്‍ നൂറും കടന്നു നില്‍ക്കുകയാണ് ഭാരതത്തിന്റെ കുട്ടികള്‍. അതില്‍ കേരളത്തിനും കാര്യമായ പങ്കുണ്ട്. രാജ്യം ആ നേട്ടത്തെ മനസ്സുകൊണ്ട് ആദരിച്ചുകഴിഞ്ഞു. കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും നിറഞ്ഞ മനസ്സോടെ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നു. ഒളിംപിക്സും ഏഷ്യന്‍ ഗെയിംസുമൊക്കെ ഇനിയും വരും. ഇതു കേരളമായതുകൊണ്ടുമാത്രം ചിലര്‍ അംഗീകരിച്ചില്ലെങ്കിലും ഭാരതം മുന്നോട്ടുതന്നെ പൊയ്‌ക്കൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: