കൊച്ചി: ഓപ്പറേഷന് അജയ്യുടെ ഭാഗമായി, ഇസ്രായേലില്‍ നിന്നു വന്ന ആദ്യ സംഘത്തിലെ ഏഴു മലയാളികള്‍ കേരളത്തിലെത്തി. ഇന്ത്യന്‍ എംബസിയുടെ ഫലപ്രദമായ ഇടപെടല്‍ തുണയായെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.
ഇസ്രായേല്‍-ഗാസ അതിര്‍ത്തി പ്രദേശങ്ങളിലാണ് യുദ്ധഭീതി മുഴുവന്‍. താമസിച്ചിരുന്ന ഇടങ്ങളില്‍ ആക്രമണം നേരിടേണ്ടി വന്നില്ലെങ്കിലും ആശങ്ക നിലനിന്ന സാഹചര്യത്തിലാണ് തിരിച്ചുവരവെന്നും ഇന്നലെ ഉച്ചകഴിഞ്ഞ് നെടുമ്പാശേരിയിലെത്തിയ സംഘം തുടര്‍ന്നു. നോര്‍ക്ക വഴി അഞ്ചു പേരും രണ്ടുപേര്‍ സ്വന്തം നിലയ്ക്കുമാണ് എത്തിയത്. ആദ്യ സംഘത്തിലെ ഏഴു പേരും ഇസ്രായേലില്‍ ഉപരി പഠന വിദ്യാര്‍ഥികളാണ്.
ആദ്യ ദിവസം സൈറണ്‍ കേട്ടാണ് ഉണര്‍ന്നത്. ബങ്കറുകളുള്ളതിനാല് ഭയമുïായിരുന്നില്ല. പിന്നീടു പ്രശ്നമൊന്നുമില്ലായിരുന്നു. പൊതുഗതാഗതമെല്ലാമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി ക്ലാസുകള്‍ ആരംഭിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്, കൊച്ചിയിലെത്തിയ കൊല്ലം സ്വദേശി ഗോപിക വ്യക്തമാക്കി. വീട്ടുകാരുടെ ആശങ്ക കാരണമാണ് തിരികെയെത്തിയതെന്നും നിലവില്‍ പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തിരികെ പോകാനാണ് തീരുമാനമെന്നും കൊച്ചിയിലെത്തിയവര്‍ പറയുന്നു.
കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി എം.സി. അച്ചുത്, കൊല്ലം കിഴക്കുംഭാഗത്തെ ഗോപിക ഷിബു, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂരിലെ ശിശിര മാമ്പറംകുന്നത്ത്, മലപ്പുറം ചങ്ങരംകുളംകാരി രാധികേഷ് രവീന്ദ്രന് നായര്‍, ഭാര്യ ടി.പി. രസിത എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍. കഴിഞ്ഞ ദിവസം രാത്രി ടെല്‍അവീവില്‍ നിന്നു പ്രത്യേക വിമാനത്തില്‍ തിരിച്ച് പുലര്‍ച്ചയോടെ ദല്‍ഹിയിലെത്തി. പിന്നീട് എഐ 831 വിമാനത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാടുകാരി നിള നന്ദ എന്നിവര്‍ സ്വന്തം നിലയ്ക്കാണ് ദല്‍ഹിയില്‍ നിന്നു നാട്ടിലെത്തിയത്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേഷന് അജയ് രക്ഷാദൗത്യവുമായി ഇസ്രായേലില്‍ നിന്ന് ഭാരതീയരെ നാട്ടിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: