രോഹ്തക് (ഹരിയാന): സനാതന ധര്‍മ്മവും ഹിന്ദുത്വവും രണ്ടല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സനാതനധര്‍മ്മം അവസാനമില്ലാത്ത സത്യാന്വേഷണമാണ്. അത് ഇന്നലെയുണ്ടായിരുന്നു, ഇന്നുണ്ട്, നാളെയുമുണ്ടാകും. ലോകത്തിന്റെ ചലനം സനാതനധര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. സനാതനധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പറയുന്നവര്‍ സ്വന്തം കടയ്ക്കലാണ് മഴുവോങ്ങുന്നത്, അദ്ദേഹം പറഞ്ഞു. രോഹ്തക്കിലെ ബാബ മസ്ത്നാഥ് മഠത്തില്‍ മഹന്ത് ചന്ദ്നാഥ് യോഗി സ്മൃതി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സനാതനം എന്നത് ഹിന്ദുത്വത്തിന്റെ വിശേഷണമാണ്. അതാകട്ടെ ഹിന്ദുരാഷ്ട്രത്തിന്റെ ജീവിതമൂല്യങ്ങളാണ്. ശാശ്വതമായ സത്യം തേടിയുള്ള യാത്രയാണത്. ഹിന്ദുരാഷ്ട്ര സംസ്കൃതിയുടെ ആധാരം ധര്‍മ്മമാണ്. നാഥ് സമ്പ്രദായത്തിലെ ആചാര്യന് മഹന്ത് ചന്ദ്നാഥിന്റെ സ്മരണയ്ക്ക് മുന്നില്‍ എല്ലാ സമ്പ്രദായങ്ങളില്‍പെട്ടവരും ഒത്തുചേര്‍ന്നിരിക്കുന്നു.
ഇത്രയധികം വിഭാഗങ്ങളില്‍പ്പെട്ടവരെ ഒരേ വേദിയില്‍ ഒരുമിച്ചുകൊണ്ടുവരുന്ന ഏകതയുടെ പേരാണ് ഹിന്ദുത്വം. ഭൂമിയുടെ യജമാനന്മാരല്ല, മക്കളാണ് നാം എന്നതാണ് ഹിന്ദുരാഷ്ട്രം മുന്നോട്ടുവയ്ക്കുന്ന ആദര്‍ശം. ഭൂമി നമുക്ക് അമ്മയാണ്. രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാവം ഇതായിരിക്കണം. ഓരോരുത്തരും ഈ രാഷ്ട്രത്തിനു വേണ്ടി സ്വയം എന്തുചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ലോകത്തിന് വേണ്ടിയാണ് ഭാരതം നിലനില്‍ക്കുന്നത്. കൊവിഡ് കാലത്ത് രാഷ്ട്രം മുഴുവന്‍ ഒരൊറ്റ വ്യക്തിയെപ്പോലെ ഉണര്‍ന്നുനിന്നു. സര്‍ക്കാരും ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും അവധിയില്ലാതെ സേവനത്തില്‍ മുഴുകി. ഒരുഭേദവുമുണ്ടായില്ല, ഒരുമിച്ചുനിന്ന് നമ്മള് പൊരുതി. ലോകത്തിനാകെ ആരോഗ്യപൂര്‍ണ ജീവിതം നല്കാന് പരിശ്രമിച്ചു. സര്‍വേ ഭവന്തു സുഖിനഃ എന്നതാണ് സനാതനധര്‍മ്മത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതം വിശ്വഗുരുവാകാന്‍ 2047 വരെ കാത്തിരിക്കേണ്ടിവരില്ലെന്ന് യോഗഗുരു ബാബാ രാംദേവ് പറഞ്ഞു. ലോകമെമ്പാടും യുദ്ധത്തിന്റെ കാലമാണ്. ഭാരതം ലോകത്തെ തകര്‍ക്കാനല്ല ഒരുമിപ്പിക്കാനാണ് നിലനില്‍ക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടകയില്‍ നിന്നുള്ള നിര്‍മലാനന്ദ സ്വാമി, ചേതാനന്ദ് സ്വാമി, ഹരിദ്വാറില്‍ നിന്നുള്ള ഹല്ചിത് ആനന്ദ്, സ്വാമി ഡോ. ചിന്മയ് പാണ്ഡെ, മഹാമണ്ഡലേശ്വര്‍ സ്വാമി ധരംദേവ്, ജൈന ആചാര്യന് ലോകേഷ് മുനി, നരഹരി നാഥ്, യോഗി ഹരിനാഥ്, മഹന്ത് ലഹര്നാഥ്, ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, ഉത്തരക്ഷേത്ര പ്രചാരക് ബന്‍വീര്‍, ക്ഷേത്ര സംഘചാലക് സീതാറാം വ്യാസ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: