കൊച്ചി : തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ചിട്ടകള്‍ കാറ്റില്‍പ്പറത്തി അഹിന്ദുവായ സ്ത്രീയുടെ പ്രവേശനത്തിന് ഒത്താശ ചെയ്ത് ആചാര ലംഘനത്തിന് കൂട്ടുനിന്ന ക്ഷേത്രം ജീവനക്കാരിയായ സിപിഎം പ്രവര്‍ത്തകയ്ക്കെതിരെ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സെക്രട്ടറി വി ആര് രാജശേഖരന് എന്നിവര്‍ ആവശ്യപ്പെട്ടു.
അല്‍പ്പശി ഉല്‍സവത്തിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ചരിത്ര പ്രസിദ്ധമായ ശ്രീപത്നാഭ സ്വാമി ക്ഷേത്രത്തില്‍ ആചാര ലംഘനം സംഭവിച്ചിരിക്കുന്നത്. ആചാര ലംഘനം സംഭവിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം തന്ത്രിയ്ക്ക് മണ്ഡപത്തിലെ ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
പ്രായ്ശ്ചിത്ത നടപടികള്‍ നടത്തി ദ്രവ്യകലശം, മണ്ണുനീര് കോരല്‍ എന്നിവ വീണ്ടും നടത്തേണ്ട സാഹര്യമാണുണ്ടായിരിക്കുന്നത്. ഇത് ഏറെ ഗൗരവതരമാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി.എച്ച്.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരിയായ സി.ഐ.ടി.യു പ്രവര്‍ത്തകയുടെ സഹായത്തോടെയാണ് മണക്കാട് സ്വദേശിനിയായ മുസ്ലീം വനിത ക്ഷേത്രത്തില്‍ പ്രവേശിച്ചതെന്ന് വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തണമെങ്കില്‍ തങ്ങള്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മുലം നല്‍കണം.
ഇതൊന്നും പാലിക്കപ്പെടാതെയാണ് മുസ്ലീം വനിതയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഒരുക്കി നല്‍കിയതെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പകരം ആചാരങ്ങളെക്കുറിച്ച് ബോധ്യമുള്ള ഹിന്ദുമത വിശ്വാസികളെ മാത്രമെ ക്ഷേത്രങ്ങളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടുള്ളുവെന്നും വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: