മാറനല്ലൂര്‍: തട്ടിപ്പു പുറത്തുവരികയും നിക്ഷേപകര്‍ സമരരംഗത്തേക്കെത്തുകയും ചെയ്തതോടെ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ചേരിതിരിഞ്ഞ് പരസ്പരം ആരോപണമുന്നയിക്കുന്നു. ജീവനക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമം തുടങ്ങിയതോടെ നിക്ഷേപകര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.
ദീര്‍ഘകാലം ബാങ്കിലെ സെക്രട്ടറിയായിരുന്ന വനിതയുടെയും മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്റെയും പക്ഷം പിടിച്ചാണ് ജീവനക്കാര്‍ ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തുന്നത്. ഭാസുരാംഗന്‍ അനുചരന്മാരെയും ബന്ധുക്കളെയും നിയമിച്ചപ്പോള്‍ ഇതിന്റെ തണല്‍പിടിച്ച് മുന്‍ സെക്രട്ടറി മകനെയും ബന്ധുക്കളെയും നിയമിച്ചു. ഇങ്ങനെ കയറിക്കൂടിയവര്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ബാങ്കിന്റെ രഹസ്യരേഖകള്‍ ചോര്‍ത്തി നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഭാസുരാംഗന്റെ അഴിമതിക്ക് കുടപിടിച്ചവര്‍ അതിന്റെ മറവില്‍ ബാങ്കിനെ കൊള്ളയടിച്ചു എന്നും ഒരു വിഭാഗം ആരോപിക്കുന്നു. നിക്ഷേപകര്‍ക്കു മുന്നില്‍ ചേരിതിരിഞ്ഞ് നാടകം കളിക്കുന്ന ഇവര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഒറ്റക്കെട്ടായി നിലപാടെടുക്കുന്നത് ജീവനക്കാരുടെ നിലപാടുകളെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്.
ബാങ്കിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോഴും നേതൃത്വം നല്‍കുന്നത് ഭാസുരാംഗന്റെ ഇഷ്ടക്കാരാണ്. ജീവനക്കാരുടെ കുടിശിക അടക്കണമെന്ന അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശം ഭൂരിഭാഗം ജീവനക്കാരും അവഗണിച്ച മട്ടാണ്. ഈ നിര്‍ദേശം വന്നതോടെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി നിലപാടെടുക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ജീവനക്കാര്‍ക്ക് ശമ്പള കുടിശിക ഉണ്ടെന്നാണ് വിവരം. അഡ്മിനിസ്‌ട്രേറ്റര്‍ അധികാരമേറ്റിട്ട് ഒരു മാസം മാത്രം ആയിരിക്കേ ശമ്പളം കിട്ടാത്തതിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് ഇടതുപക്ഷ അനുകൂല ജീവനക്കാര്‍.
ജീവനക്കാരെ സമരരംഗത്തേക്കിറക്കുന്നതില്‍ ഭാസുരാംഗനും പങ്കുള്ളതായാണ് പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: