കോഴിക്കോട്: മാതൃഭൂമി ഡയറക്ടറും സിനിമാ നിര്‍മാതാവും വ്യവസായിയും എഐസിസി അംഗവുമായ പി.വി ഗംഗാധരന്‍(80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. പി.വി.എസ് ആശുപത്രി ഡയറക്ടര്‍, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടര്‍, ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍, പി.വി.എസ് നഴ്സിങ് സ്‌കൂള്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍, പിവി.എസ് ഹൈസ്‌കൂള്‍ ഡയറക്ടറുമാണ്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടു ഡസനിലധികം സിനിമകളുടെ നിർമ്മാതാവാണ്. നിർമാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ അധ്യക്ഷനായിരുന്നു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കി.
വാർത്ത (1986). ഒരു വടക്കൻ വീരഗാഥ (1989), തൂവൽ കൊട്ടാരം (1996), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), അച്ചുവിന്റെ അമ്മ (2005), നോട്ട്ബുക്ക് (2006) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചിരുന്നു.
പൊതുദർശനം കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ നടക്കും. സംസ്ക്കാരം നാളെ വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ നടക്കും. പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതരായ പി.വി സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: