ന്യൂദല്‍ഹി: ഇസ്രായേല്‍-ഹമാസ് പോരാട്ടം കടുക്കുന്നതിനിടെ ഭാരതീയരെ സുരക്ഷിതമായെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന് അജയ് ആരംഭിച്ചു. ആദ്യ വിമാനം ഇന്നു പുലര്‍ച്ചെ എത്തും. വിദ്യാര്‍ഥികളടക്കമുള്ള 230 പേരാണ് വിമാനത്തില്‍.
ഭാരത സമയം രാത്രി 12ന് ടെല്‍അവീവിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഹമാസ് ഭീകരര്‍ ഈ വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി റോക്കറ്റാക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ഉപയോഗിച്ച് ഈ മിസൈലുകളെല്ലാം നശിപ്പിക്കുകയായിരുന്നു.
മലയാളി വിദ്യാര്‍ഥികളും ആദ്യസംഘത്തിലുണ്ട്. ഇവരെ ദല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ നാട്ടിലെത്തിക്കും. മലയാളികളെ വീടുകളിലെത്തിക്കാന്‍ ദല്‍ഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം ആരംഭിച്ചു.
ഓപ്പറേഷന് അജയ്യുടെ തയാറെടുപ്പുകള്‍ വിലയിരുത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഭാരതീയരുടെ രജിസ്ട്രേഷന് ടെല്‍അവീവിലെ എംബസി വഴി വ്യാഴാഴ്ച തുടങ്ങി. മടങ്ങിയെത്താനാഗ്രഹിക്കുന്നവര്ക്ക് എല്ലാ സഹായവും നല്കാന് വിദേശകാര്യ മന്ത്രാലയ സംഘം ടെല്‍അവീവിലുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ ഒരു ഭാരതീയനു പോലും ജീവന് നഷ്ടമായിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥീരികരിച്ചു.
18,000 ഭാരതീയര്‍ ഇസ്രായേലിലുണ്ട്. ഇതില്‍ 1000 പേര് വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളെയും സ്ത്രീകളെയും മടക്കിയെത്തിക്കുന്നതിലാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. ഭാരത അംബാസഡര്‍ സഞ്ജീവ് സിംഗഌഎല്ലാ സഹായവുമേകി രക്ഷാദൗത്യത്തിന് നേതൃത്വം നല്കുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഓപ്പറേഷന് അജയ് രക്ഷാദൗത്യം പ്രഖ്യാപിച്ചത്.
ആശങ്ക വേണ്ട: വി മുരളീധരന്
ന്യൂദല്‍ഹി: ഇസ്രായേലിലെ സ്ഥിതിഗതികളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഓപ്പറേഷന് അജയ് ആരംഭിച്ചിട്ടുണ്ട്. മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംബസി വഴി രജിസ്റ്റര്‍ ചെയ്ത് ഭാരതത്തിലെത്താം. ഇതിനായി പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഭാരതീയര്‍ക്ക് എല്ലാ സഹായവുമായി വിദേശകാര്യ മന്ത്രാലയവും ഭാരത എംബസിയും എപ്പോഴുമുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: