എം.ആര്‍. മണിബാബു
തളിപ്പറമ്പ്(കണ്ണൂര്‍): ശമ്പള കുടിശികയുടെ രണ്ടാം ഗഡു പിഎഫില്‍ ലയിപ്പിക്കുന്നത് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ നീട്ടിവച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു വന്നതോടെ ജീവനക്കാര്‍ കടുത്ത ആശങ്കയില്‍. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്നു സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഉത്തരവു വന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിവിധ സര്‍വകലാശാലകളുടെ ജീവനക്കാരുടെയും ശമ്പള കുടിശിക പിഎഫില്‍ ലയിപ്പിക്കുന്നതാണ് നീട്ടിയത്. മൂന്നും നാലും ഗഡുക്കളുടെ കാര്യത്തിലും ജീവനക്കാര്‍ ആശങ്കയിലാണ്.
ഒക്‌ടോബര്‍ 10ന് ധനകാര്യവകുപ്പ് പുറപ്പെടുവിച്ച 151/2023/(42)/ധന ഉത്തരവിലാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്. ഒക്‌ടോബര്‍ ഒന്നിന് ശമ്പളകുടിശികയുടെ രണ്ടാം ഗഡു പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്ന നേരത്തെയുള്ള ഉത്തരവ് റദ്ദാക്കിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ജൂലൈ ഒന്നിന് സര്‍ക്കാര്‍ ജീവനക്കാരുടേയും, അദ്ധ്യാപകരുടേയും, സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ജീവനക്കാരുടെയും ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയിരുന്നു. അന്ന് മുതല്‍ 2021 ഫെബ്രുവരി 28 വരെയുള്ള ശമ്പള കുടിശിക നാലു ഗഡുക്കളായി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്.
എന്നാല്‍ 2023 ഏപ്രില്‍ ഒന്നിന് ലയിപ്പിക്കേണ്ട ആദ്യഗഡു സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവച്ചു. 2023 മാര്‍ച്ച് 30ന് ഇറക്കിയ 31/2023/(34)/ധന ഉത്തരവ് പ്രകാരമാണ് ക്രെഡിറ്റ് ചെയ്യുന്നത് നീട്ടിവച്ചത്. രണ്ടാമത് ഗഡു 2023 ഒക്‌ടോബര്‍ ഒന്നിന് പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. മൂന്നാമത് ഗഡു 2024 ഏപ്രില്‍ ഒന്നിനും അവസാന ഗഡു 2024 ഒക്‌ടോബര്‍ ഒന്നിനും ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്നും ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്നു.
സര്‍വീസില്‍ തുടരുന്ന ജീവനക്കാരുടെ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നതോടൊപ്പം പെന്‍ഷന്‍കാര്‍ക്കും നാല് ഗഡുക്കളായി കുടിശിക പണമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതും ഇപ്പോള്‍ കിട്ടാത്ത അവസ്ഥയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: