കാസര്‍കോട്: മംഗല്പാടി പഞ്ചായത്തില്‍ ജീവനക്കാരില്ലെന്ന പരാതിയെകുറിച്ച് ചര്‍ച്ചചെയ്യാനെത്തിയ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറെ ഓഫീസിനകത്ത് പൂട്ടിയിട്ടു. ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് രാഷ്ട്രീയ ഭേദമെന്യേ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ സുരേഷിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പഞ്ചായത്ത് അംഗങ്ങള്‍ ഇല്ലാത്തില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ബിജെപി അംഗങ്ങള്‍ ബുധനാഴ്ച ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. പ്രശ്നം ഇന്നലെ 11 മണിക്കുള്ളില്‍ പരിഹരിക്കുമെന്നായിരുന്നു പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ നല്കിയ ഉറപ്പ്. എന്നാല്‍ നടപടിയൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞത്. ജീവനക്കാരെ നിയമിക്കുന്നതിനെകുറിച്ച് അഡീഷണല്‍ ഡയറക്ടര്‍ക്ക് കൃത്യമായ മറുപടി നല്‍കാനായില്ല. ബിജെപിയിലെ നാല്, മുസ്ലിം ലീഗിലെ 17, സിപിഐയിലെയും സിപിഎമ്മിലെയും ഓരോ അംഗങ്ങള്‍ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
ജീവനക്കാരെ ഇന്ന് നിയമിക്കുമെന്ന് വൈകിട്ട് 3.30 ഓടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അഞ്ച് മാസമായി ജീവനക്കാര്‍ ഇല്ലാത്തത് മൂലം പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ പോലും തടസപ്പെട്ടിരിക്കുകയാണ്. പെന്ഷന്, ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഭവന പദ്ധതി തുടങ്ങിയ നൂറു കണക്കിന് അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. മൂന്ന് വര്‍ഷമായി ഏത് ഉദ്യോഗസ്ഥനെയും ഇവിടെ ഒരു വര്‍ഷ കാലാവധി അവസാനിക്കും മുമ്പ് സ്ഥലം മാറ്റുന്ന അവസ്ഥയാണുള്ളതെന്ന് പഞ്ചായത് സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.
16 ജീവനക്കാര്‍ വേണ്ടിടത്ത് ആകെയുള്ളത് ആറ് പേര് മാത്രമാണ്. ഇതില്‍ തന്നെ ഒരു ഓഫീസ് അസിസ്റ്റന്റ് മെഡിക്കല്‍ അവധിയിലാണ്. പുതുതായി മൂന്ന് പേരെ മുനിസിപാലിറ്റികളില്‍ നിന്ന് ഇവിടേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് പഞ്ചായത്തിന്റെ സോഫ്റ്റ് വെയറിനെ കുറിച്ച് അറിയാത്തത് കൊണ്ട് നിലവിലെ ക്ലര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഒരു ജൂനിയര്‍ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ടെങ്കിലും സോഫ്റ്റ്വെയര് വശമില്ലാത്തതിനാല്‍ ഇദ്ദേഹവും പരിശീലനത്തിലാണ്. കെട്ടിട വിഭാഗത്തില്‍ കൃഷി വകുപ്പില്‍ നിന്ന് ഒരാള്‍ ഡെപ്യൂട്ടേഷനില്‍ ഇവിടെ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അനധികൃതമായി അവധിയിലാണെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: