വാരാണസി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് പറയുന്നവര്‍ സ്വയം ഇല്ലാതാവുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്.
തോട്ടിപ്പണി ചെയ്യുമ്പോഴും ചെരുപ്പ്കുത്തി ജീവിക്കുമ്പോഴും പട്ടിണി കിടക്കുമ്പോഴും സ്വധര്‍മ്മത്തെ പ്രാണനില്‍ ചേര്‍ത്തുപിടിച്ച ഒരു സമൂഹമാണ് അതിന്റെ കരുത്ത്. സിക്കന്ദര്‍ ലോധിയുടെ കൊടുംക്രൂരതകള്ക്കിടയിലും രാമനാമം ജപിക്കുന്നതില് നിന്ന് പിന്മാറാതിരുന്ന ഒരു തലമുറയാണ് സനാതന ധര്‍മ്മത്തെ നിലനിര്‍ത്തിയത്. അതിനെ തകര്‍ത്തുകളയാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്, അദ്ദേഹം പറഞ്ഞു. വാരാണസി സമ്പൂര്‍ണാനന്ദ സംസ്കൃത സര്‍വകലാശാലാ ഗ്രൗണ്ടില്‍ ചേര്‍ന്ന ബജ്രംഗ്ദള് ശൗര്യസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേന്ദ്ര ജെയിന്.
അധിനിവേശശക്തികളെല്ലാം ശ്രമിച്ചത് ഹിന്ദുത്വത്തെ തകര്‍ക്കാനാണ്. അവര്‍ സ്വയം തകര്‍ന്നതല്ലാതെ ഈ ധര്മ്മത്തിന് ഒന്നും സംഭവിച്ചില്ല. ഭാവിയിലും അതുതന്നെയാണ് ഉണ്ടാവാന്‍ പോവുന്നത്. അഞ്ച് നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒടുവില്‍ അയോധ്യയില്‍ ഭഗവാന് ശ്രീരാമന്റെ ഭവ്യമായ ക്ഷേത്രം ഉയരുകയാണ്. കാശി വിശ്വനാഥന്റെ മണ്ണില്‍ നന്ദികേശ്വരന്റെ കാത്തിരിപ്പും അവസാനിക്കുകയാണ്. ബാബാ ഭോലെയുടെ ത്രിശൂലത്തിലാണ് കാശി നഗരം സ്ഥിതി ചെയ്യുന്നതെന്ന് പുരാണങ്ങള്‍ പറയുന്നു. നാല് ജൈന തീര്‍ത്ഥങ്കരന്മാരും സാരോപദേശം നല്കിയതും ഭഗവാന് ബുദ്ധന് ധര്‍മ്മം ഉപദേശിച്ചതും ഇതേ മണ്ണിലാണ്. സന്ത് രവിദാസും കബീര്‍ദാസും പിറന്നത് ഇവിടെയാണ്. സനാതന സംസ്കാരത്തിന്റെ പഴക്കം തെരയുന്നവരോട് പറയട്ടെ നിങ്ങള്‍ വായിക്കുന്ന ചരിത്രം പിറക്കുന്നതിന് മുമ്പ് അതിവിടെയുണ്ട്. അത് ഈ മണ്ണിന്റെ സ്വഭാവമാണ്, ജീവിതമൂല്യമാണ്, അദ്ദേഹം പറഞ്ഞു.
ഇസ്രായേലില്‍ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് ഹിന്ദു സമൂഹത്തിനും ചിലത് പഠിക്കാനുണ്ട്. എപ്പോഴും ജാഗ്രതതയോടെയും സംഘടിതവും ആയിരിക്കുക എന്ന പാഠമാണത്. ഭാരതത്തിലും ചിലര്‍ ഹമാസിനെ പിന്തുണയ്ക്കുന്നു. അവരെ രാഷ്ട്രത്തിന്റെ ശത്രുക്കളായി മാത്രമേ കാണാനാവൂ, സുരേന്ദ്ര ജെയിന് പറഞ്ഞു.
ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. സന്ത് രവിദാസ് ക്ഷേത്രത്തിലെ മഹന്ത് ഭാരത് ഭൂഷണ് മഹാരാജ്, സന്ത് സമിതി ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ, അന്നപൂര്‍ണ ക്ഷേത്രത്തിലെ മഹന്ത് ശങ്കര്‍ പുരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: