തിരുവനന്തപുരം കേരളീയത്തിന് രുചി പകരാൻ ജില്ലകൾ തോറും പാചകമത്സരങ്ങളുമായി കുടുംബശ്രീ. കേരളത്തിലങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ജില്ലാ അടിസ്ഥാനത്തിലാണ് കുടുംബശ്രീ മത്സരങ്ങൾ നടത്തുന്നത്. വയനാട്, ആലപ്പുഴ ജില്ലകളിൽ മത്സരം പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മത്സരം ഇന്ന്(ഒക്ടോബർ 13) രാവിലെ 10.30ന് വഴുതക്കാട് ശ്രീമൂലം ക്ലബിൽ നടത്തും. ഒക്ടോബർ 20ന് മുമ്പ് എല്ലാ ജില്ലകളിലും മത്സരം പൂർത്തിയാക്കും.
സമസ്ത മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയം-2023ന്റെ പ്രധാന ആകർഷണമാണ് പതിനൊന്നു വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേള. മേളയുടെ പ്രചാരണാർഥം കൂടിയാണ് പാചക മത്സരം. മത്സരത്തിൽ ഒന്നാമതെത്തുന്ന യൂണിറ്റിന് 5000 രൂപയും രണ്ടാമതെത്തുന്ന യൂണിറ്റിന് 2500 രൂപയും സമ്മാനമായി ലഭിക്കും.
കുടുംബശ്രീയിൽ അഫിലിയേറ്റ് ചെയ്ത് കാറ്ററിങ്ങ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്‌ക്കുന്ന യൂണിറ്റുകളാണ് പാചകമത്സരത്തിൽ പങ്കെടുക്കുന്നത്. ഇത്തരത്തിൽ നൂറ്റൻപതോളം യൂണിറ്റുകൾ പങ്കെടുക്കും.
ഓരോ ജില്ലയുടേയും രുചി വൈവിധ്യങ്ങൾക്കനുസൃതമായി മൂന്നു വിഭവങ്ങളാണ് മത്സരാർത്ഥികൾ തയാറാക്കേണ്ടത്. പാചകത്തിനാവശ്യമായ പാത്രങ്ങളും മറ്റുപകരണങ്ങളും യൂണിറ്റുകൾ തന്നെ കൊണ്ടു വരണം. വിഭവങ്ങൾ തയാറാക്കുന്നതിനായി യൂണിറ്റുകൾ നൽകുന്ന പട്ടിക പ്രകാരമുള്ള പച്ചക്കറികൾ, മത്സ്യം, മാംസം, കറി പൗഡർ, എണ്ണ, മസാല തുടങ്ങിയ ചേരുവകകൾ മത്സരത്തിന് അര മണിക്കൂർ മുമ്പ് സംഘാടകർ നൽകും. കൂടാതെ വിഭവങ്ങൾ അലങ്കരിക്കാൻ ആവശ്യമായ പഴങ്ങളും പച്ചക്കറികളും ആവശ്യമെങ്കിൽ പ്രത്യേകമായ ചേരുവകളും പാചകത്തിന് ഗ്യാസ് അടുപ്പും നൽകും. വിഭവങ്ങളുടെ രുചിക്കു പുറമേ അതിലെ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവും ഗുണങ്ങളും കണക്കിലെടുത്താണ് വിജയികളെ നിശ്ചയിക്കുക. പാചകമത്സരത്തിന്റെ ഫലപ്രദമായ നടത്തിപ്പിനായി ഓരോ ജില്ലയിലും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അധ്യക്ഷനായ സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: