കൊച്ചി: ജീവനക്കാരിക്ക് പ്രസവാവധി അനുവദിക്കാതെ ബുദ്ധിമുട്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന കേരള സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡി.എസ്. സന്തോഷ് കുമാറിന് പ്രൊമോഷന്‍ നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്‌ക്കകം ഡി.എസ്. സന്തോഷ് കുമാറിന് ജോയിന്റ് രജിസ്ട്രാര്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കാനും
ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടു. പ്രൊമോഷന്‍ നിഷേധിച്ചത് ചൂണ്ടിക്കാട്ടി ഡി.എസ്. സന്തോഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ തീരുമാനം.
കേരള സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ഹര്‍ജിക്കാരന്‍ തന്റെ കീഴിലുള്ള സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രസവാവധിക്ക് അപേക്ഷ നല്‍കി എന്ന പേരില്‍ ഇവരെ വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചെന്ന പരാതിയിലാണ് അന്വേഷണം നേരിടുന്നത്. ജീവനക്കാരിയെ പ്രസവം കഴിഞ്ഞ് എട്ടാം ദിവസം വിളിച്ചു വരുത്തി വിശദീകരണം തേടിയ സംഭവത്തില്‍ വ്യപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സന്തോഷ് കുമാറിന് മറ്റൊരു കാമ്പസിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഇതിനു പിന്നാലെ കഴിഞ്ഞ 22 ന് സംഭവത്തില്‍ സബ് കമ്മിറ്റിക്കു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാന്‍ ജോയിന്റ് രജിസ്ട്രാര്‍ സന്തോഷ് കുമാറിന് മെമ്മോ നല്‍കി. ഇതു പ്രകാരം വിശദീകരണവും നല്‍കി. ഈ ഘട്ടത്തില്‍ സന്തോഷ് കുമാറടക്കമുള്ളവരുടെ പ്രൊമോഷന്‍ പരിഗണിച്ച സര്‍വകലാശാല സിന്‍ഡിക്കേറ്റ് അന്വേഷണം നടക്കുന്നെന്ന കാരണത്താല്‍ പ്രൊമോഷന്‍ നടപടി മരവിപ്പിച്ചു. ഇതിനെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന ആശങ്കയില്‍ പ്രൊമോഷന്‍ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: