ന്യൂദല്‍ഹി: ജാതി സെന്‍സസ് വിഷയം ഉയര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തെ പിന്നാക്ക ജനവിഭാഗം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നല്‍കുന്ന പിന്തുണയാണ് പ്രതിപക്ഷ സഖ്യമായ ഐഎന്‍ഡിഐഎയുടെ അസ്വസ്ഥതയ്‌ക്ക് കാരണം. രാജ്യത്തെ സംവരണ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചെത്തിയ ജനപ്രതിനിധികളില്‍ ബഹുഭൂരിപക്ഷവും ബിജെപി യുടേതാണെന്നതും ഐഎന്‍ഡിഐഎയെ പ്രതിസന്ധിയിലാക്കുന്നു.
പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ രാംനാഥ് കോവിന്ദിനെയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ദ്രൗപദി മുര്‍മുവിനെയും രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തിച്ചത് ബിജെപിയാണ്. രാജ്യത്തെ ലോക്സഭാംഗങ്ങളിലും നിയമസഭാംഗങ്ങളിലും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ബിജെപി ജനപ്രതിനിധികളുടെ എണ്ണവും ഏറെ വലുതാണ്. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം നല്‍കിയ പാര്‍ട്ടിയും ബിജെപിയാണ്. ലോക്സഭയില്‍ 543 അംഗങ്ങളില്‍ 412 പേര്‍ ജനറല്‍ സീറ്റുകളില്‍ വിജയിച്ചെത്തുന്നവരാണ്. 84 പട്ടികജാതി സംവരണ സീറ്റുകളും 47 പട്ടികവര്‍ഗ്ഗ സീറ്റുകളുമാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 282 ബിജെപി എംപിമാര്‍ വിജയിച്ചപ്പോള്‍ അവരില്‍ 67 പേര്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചെത്തിയവരായിരുന്നു. 2019ല്‍ ബിജെപി എംപിമാരുടെ എണ്ണം 303 ആയി ഉയര്‍ന്നപ്പോള്‍ സംവരണ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച് എംപിമാരായെത്തിയ ബിജെപിയുടെ പിന്നാക്ക വിഭാഗം നേതാക്കളുടെ എണ്ണം 77 ആയി ഉയര്‍ന്നു. 46 പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംപിമാരും 31 പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള എംപിമാരുമാണ് ബിജെപിക്കുള്ളത്. 2014ല്‍ എസ്‌സി വിഭാഗം എംപിമാര്‍ 40 പേരും എസ്ടി വിഭാഗം എംപിമാര്‍ 27 പേരുമായിരുന്നു ബിജെപിയില്‍ നിന്ന് വിജയിച്ചത്.
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യത്തെ പിന്നാക്ക ജനവിഭാഗം സമ്പൂര്‍ണ്ണമായും കൈവിട്ടതിന്റെ കണക്കുകളാണ് 2014ലേയും 2019ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്നത്. 2014ല്‍ 44 എംപിമാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചപ്പോള്‍ ഇതില്‍ പന്ത്രണ്ട് പേരാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുണ്ടായത്. എന്നാല്‍ 2019ല്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ എണ്ണം 52 ആയി ഉയര്‍ന്നപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ സംവരണ സീറ്റുകളിലെ വിജയം കേവലം ഒന്‍പതിലേക്കൊതുങ്ങി. പട്ടികജാതിക്കാരായ അഞ്ച് എംപിമാരും പട്ടികവര്‍ഗ്ഗക്കാരായ നാലു പേരുമാണ് കോണ്‍ഗ്രസിനുള്ളത്. 2014ല്‍ പന്ത്രണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ എംപിമാരുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്നാക്ക ജനവിഭാഗ പിന്തുണയും 2019ല്‍ വന്‍തോതില്‍ ഇടിഞ്ഞു. വെറും അഞ്ച് പേരാണ് നിലവിലെ ലോക്സഭയില്‍ തൃണമൂലിനുള്ളത്.
രാജ്യത്തെ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുടെയെല്ലാം പട്ടികജാതി എംപിമാരുടെ എണ്ണം കൂട്ടിയാലും ബിജെപി മത്സരിപ്പിച്ചു വിജയിപ്പിച്ച പട്ടികജാതി എംപിമാരുടെ എണ്ണമാണ് കൂടുതല്‍. യുപി, ബീഹാര്‍ മേഖലയിലെ പട്ടികജാതി സംവരണ സീറ്റുകളില്‍ ബഹുഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളിലും ബഹുഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. ഭാരതത്തിലെ പിന്നാക്ക ജനവിഭാഗം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നല്‍കുന്ന പിന്തുണയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: