സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നത് മാവേലി നാട് എന്ന പോലെ ആഗ്രഹമോ സങ്കല്‍പ്പമോ ആയിട്ട് നാളുകളായി. അജണ്ടകളും ഭാവനകളും ലേഖകന്റെ അഭിപ്രായവും ഒക്കെയാണ് വസ്തുതകള്‍ക്ക് പകരം നമുക്കു കിട്ടുന്നത്. നേര് നേരത്തെ അറിയിക്കുന്നവര്‍ അറിയിച്ചതു നേരാണോ എന്നറിയാന്‍ അധിക വായന നടത്തേണ്ട ഗതികേടിലാണ് കേരളത്തിലെ വായനക്കാരും പ്രേക്ഷകരും. ഇവിടെയാണ് ജന്മഭൂമി വ്യത്യസ്തമാകുന്നത്. ജന്മഭൂമിയും രാഷ്‌ട്രീയ നിലപാടുള്ള മാധ്യമ സ്ഥാപനമാണ്. അതേ രാഷ്‌ട്രീയം തന്നെയാണ് ജന്മഭൂമിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
രാഷ്‌ട്രത്തിന്റെ സര്‍വതോമുഖമായ പുരോഗതി മാത്രമാണ് ജന്മഭൂമി മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം. രാഷ്‌ട്രത്തിനെതിരായ ഏതൊരു നീക്കത്തേയും ചോദ്യം ചെയ്യുകയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ജനമദ്ധ്യത്തില്‍ തുറന്നു കാട്ടുകയുമാണ് ജന്മഭൂമിയുടെ ദൗത്യം. ആ അര്‍ത്ഥത്തില്‍ ജന്മഭൂമിയുടെ രാഷ്‌ട്രീയം ഈ നാടിന്റെ രാഷ്‌ട്രീയം തന്നെയായി മാറുന്നു.
സ്വാതന്ത്ര്യ ലബ്ധിയുടെ നൂറാം വാര്‍ഷികം 2047 ല്‍ ആഘോഷിക്കുമ്പോഴേക്കും നമ്മുടെ നാട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്‌ട്രമായി മാറണമെന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം അതിനെ അട്ടിമറിക്കാനുള്ള ശക്തികളും രാഷ്‌ട്രത്തിനുള്ളില്‍ സജീവമാണ്. അതിന് രാഷ്‌ട്രത്തിനകത്തുനിന്നും പിന്തുണ കിട്ടുന്നുണ്ടെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നതാണ് അതീവ ഗുരുതരമായ സ്ഥിതിവിശേഷം. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയുടെ ദൗത്യം ചരിത്രപരമാകുന്നത്. ദേശീയതയുടെ ശബ്ദമായ, ദേശവിരുദ്ധരുടെ പേടി സ്വപ്‌നമായ ജന്മഭൂമി കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് നാടിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതിനായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സന്ദീപ് വാചസ്പതി (ബിജെപി സംസ്ഥാന വക്താവ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: