കൊൽക്കത്ത: നിരോധനാജ്‌ഞ ലഘിച്ച് രാജ്ഭവനുമുന്നിൽ പന്തൽകെട്ടി ഗവർണർ ഡോ സിവി ആനന്ദബോസിനും കേന്ദ്രസർക്കാരിനുമെതിരെ അഞ്ചുദിവസം ധർണ നടത്തുകയും അധിക്ഷേപകരമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്ത തൃണമൂൽ കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പൊടുന്നനെ ഗവർണറെ പുകഴ്‌ത്തി ട്വിറ്ററിൽ പങ്കുവെച്ച സന്ദേശം പശ്ചിമബംഗാളിൽ വിസ്മയമുണർത്തി. പ്രാദേശിക മാധ്യമങ്ങളെല്ലാം സ്‌ക്രീൻ ഷോട്ടോടെയാണ് നിമിഷങ്ങൾ കൊണ്ട് വൈറലായ ആ സന്ദേശം വൻ പ്രാധാന്യത്തോടെ വാർത്തയാക്കിയത്. ദേശീയതലത്തിലും ഇത് ചർച്ചാവിഷയമായി
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ കേന്ദ്രവിഹിതം വൈകുന്നതിൽ പ്രതിഷേധിച്ചാണ് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ രാജ്ഭവൻ വളയലും ധർണയും പ്രസംഗപരമ്പരയുമൊക്കെ സംഘടിപ്പിച്ചത്. ഗവർണറെ സെമിന്ദാർ എന്നുവരെ വ്യക്തിപരമായി ആക്ഷേപിച്ച് തൃണമൂൽ നടത്തിയ പ്രക്ഷോഭത്തിന്റെ അഞ്ചാം നാൾ മന്ത്രിമാരുൾപ്പെട്ട നിവേദകസംഘം രാജ്ഭവനിലെത്തി ഗവർണറെ കണ്ടതോടെ പിരിമുറുക്കം അയഞ്ഞു.
ഏറെ സൗഹൃദത്തോടെ അവരെ സ്വീകരിച്ച ഗവർണർ 24 മണിക്കൂറിനുള്ളിൽ വിവരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പു നൽകി. മുൻ നിശ്ചയപ്രകാരം അന്ന് വൈകിട്ട് ഡൽഹിക്ക് തിരിച്ച ഗവർണർ പിറ്റേന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചർച്ച നടത്തി എന്ന വാർത്ത പുറത്തുവന്നതോടെയാണ് അഭിഷേക് ബാനർജി ട്വിറ്ററിൽ ഗവർണറെ പുകഴ്‌ത്തി പോസ്റ്റിട്ടത്. വന്നു, കണ്ടു, കീഴടങ്ങി എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന
“ബംഗാളിലെ ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നം ഉടനടി അഭിസംബോധന ചെയ്‌തതിന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിന് എന്റെ ഹൃദയംഗമമായ നന്ദി. പ്രത്യേകിച്ചും, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലുൾപ്പെട്ട 21 ലക്ഷത്തിലധികം വ്യക്തികളുടെ ശരിയായ അവകാശങ്ങൾക്കായി അദ്ദേഹത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ അഭിനന്ദനമർഹിക്കുന്നു.” എന്നായിരുന്നു സന്ദേശം.
അപ്പോഴും മാധ്യമങ്ങൾക്കും നിഷ്പക്ഷരായ ജനങ്ങൾക്കും മനസ്സിലാകാത്ത ഒരു കാര്യം, എന്തിനായിരുന്നു 144 വ്യവസ്ഥ ലംഘിച്ചുള്ള ഈ അഞ്ചുദിവസത്തെ ധർണ നാടകം എന്നതാണ്.
ഒക്ടോബർ നാലിനാണ് നിവേദനം നൽകാൻ സമയം ചോദിച്ചുകൊണ്ട് തൃണമൂൽ എം.പി രാജ്ഭവനിലേക്ക് ഈമെയിലിൽ അപേക്ഷ അയച്ചത്. പിറ്റേന്നാൾ സമയംഅനുവദിക്കണമെന്നായിരുന്നു അഭ്യർത്ഥന. ഉടൻ തന്നെ രാജ്ഭവൻ മറുപടി നൽകി. ഗവർണർ കേരളത്തിലാണ്. അവിടെ നിന്ന് സിലിഗുരിയിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് പോവുകയാണ്. മടങ്ങിവന്നാലുടൻ നേരിൽകാണാം. അല്ലെങ്കിൽ നിവേദനം സ്വീകരിക്കാൻ മുതിർന്ന ഒരു പ്രതിനിധിയെ നിയോഗിക്കാം. അതുമല്ലെങ്കിൽ ഏഴിന് ഡാർജിലിംഗിൽ രാജ്ഭവനിൽ കാണാം.
ആദ്യം ഈ മൂന്നിനും നിഷേധാത്മക നിലപാട് സ്വീകരിച്ച തൃണമൂൽ ഒടുവിൽ മൂന്നംഗസംഘത്തെ നിവേദനവുമായി ഡാര്ജിലിംഗിലേക്കയച്ചു. ഗവർണർ നിവേദനം സ്വീകരിക്കുകയും കേന്ദ്രസർക്കാറിന്റ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സൗഹൃദത്തോടെ മടങ്ങിയ സംഘം കൊൽക്കത്തയിൽ മടങ്ങിയെത്തിയപ്പോൾ നിലപാട് മാറ്റി. കൊൽക്കത്ത രാജ്ഭവനിൽ വെച്ച് അഭിഷേക് ബാനർജിയുൾപ്പെട്ട സംഘത്തെ കാണണമെന്നാവശ്യപ്പെട്ട്. അതുവരെ ധർണ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഡാർജിലിംഗിൽ നിന്ന് മടങ്ങിയെത്തിയ ഗവർണർ വീണ്ടും സമയം അനുവദിച്ചു. ഗവർണറെ സെമിന്ദാർ എന്ന് വിളിച്ച അഭിഷേക് ബാനർജിയും ‘രക്തരക്ഷസ്’ എന്നു പരോക്ഷമായി വിശേഷിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയും നിവേദക സംഘത്തിലുണ്ടായിരുന്നു. നിവേദകസംഘത്തെ കാണാൻ ഒരിക്കൽ പോലും വിസമ്മതിക്കാത്ത ഗവർണർക്കെതിരെ എന്തിനായിരുന്നു രാജ്ഭവനുമുന്നിൽ അഞ്ചുദിവസത്തെ രാപ്പകൽ സമരമെന്നതാണ് ആർക്കും മനസ്സിലാകാത്തത്.
അക്രമ – പ്രളയ ബാധിത പ്രദേശങ്ങളും ദുരിതബാധിതരുടെ വീടുകളും മറ്റും സന്ദർശിച്ച് ജനകീയ ഗവർണർ എന്ന് പേരെടുക്കുകയും സർവകലാശാല വൈസ്ടു ചാൻസലർ നിയമത്തിൽ സുശക്തമായ നിലപാടെടുക്കുകയും ചെയ്ത ആനന്ദബോസ് ഭരണകൂടത്തിന് ഒരു നിത്യ തലവേദനയായി മാറിയതിന്റെ പരോക്ഷപ്രതികരണമാവാം ഇതിലൂടെ പ്രകടമാകുന്നതെന്ന് സാമൂഹിക നിരീക്ഷകരും അക്കാദമിക വൃന്ദവും മാധ്യമപ്രവർത്തകരും വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: