ഹൈക്കോടതി കൊളീജിയം ഭിന്നത മൂലം മൂന്നുപേര്‍ പുറത്ത്
ന്യൂദല്‍ഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ചു ജുഡീഷ്യല്‍ ഓഫീസര്‍മാരെ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. ഹൈക്കോടതി കൊളീജിയത്തിലെ ഭിന്നത മൂലം പട്ടികയിലെ ചിലരെ ഒഴിവാക്കിയാണ് സുപ്രീം കോടതി കൊളീജിയം തീരുമാനം.
കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ബി. സ്‌നേഹലത, കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജോണ്‍സണ്‍ ജോണ്‍, തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗിരീഷ്, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സി. പ്രതീപ് കുമാര്‍, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ എന്നിവരെയാണ് ഹൈക്കോടതിയിലേക്കു നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീം കോടതി കൊളീജിയമാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശിപാര്‍ശ കൈമാറിയത്.
ഹൈക്കോടതി കൊളീജിയം സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയം തീരുമാനം. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഹൈക്കോടതി കൊളീജിയത്തിലെ ഭിന്നത വിവാദമായിരുന്നു.
വിരമിച്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മണികുമാറും പിന്നീട് ചീഫ് ജസ്റ്റിസായ എസ്.വി. ഭട്ടിയും ശിപാര്‍ശ ചെയ്തവരില്‍ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ പി.കെ. വിന്‍സന്റിന്റെ കാര്യത്തില്‍ കൊളീജിയത്തിലെ അംഗവും നിലവില്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അതിശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പി.കെ. വിന്‍സന്റിനെ ഹൈക്കോടതിയിലേക്ക് ഒരു കാരണവശാലും ഉയര്‍ത്തരുതെന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മുന്‍ സിജെഎം സി. കൃഷ്ണകുമാറിനേയും സുപ്രീം കോടതി കൊളീജിയം സ്ഥാനക്കയറ്റത്തിനു പരിഗണിച്ചില്ല.
മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. സെയ്തലവിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കണമെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പ്രത്യേക കൊളീജിയം ശിപാര്‍ശയായി സുപ്രീം കോടതിക്ക് കൈമാറിയെങ്കിലും ഇതും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം പരിഗണിച്ചില്ല.
ശേഷിക്കുന്ന പേരുകളില്‍ ഹൈക്കോടതി കൊളീജിയവുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് സുപ്രീം കോടതി തീരുമാനം. ജൂഡീഷ്യല്‍ സര്‍വീസില്‍ സീനിയറായ ചിലരെ ഹൈക്കോടതി കൊളീജിയം സ്ഥാനക്കയറ്റ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അതിന് മതിയായ കാരണങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുപ്രീം കോടതി കൊളീജിയം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: