തൊടുപുഴ: സിപിഎം ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ഒന്ന്. സര്‍ക്കാര്‍ ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി ബാങ്ക് പ്രസിഡന്റ് ലക്ഷങ്ങള്‍ കൊള്ളയടിച്ചു. ബാങ്കിന് ഭൂമി വാങ്ങിയ വകയില്‍ കോടികളുടെ നഷ്ടം. ഏറെക്കാലമായി പൂഴ്ത്തിവച്ചിരുന്ന സഹകരണ വകുപ്പിന്റെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു.
കരിവന്നൂരിനെ വെല്ലുന്ന കൊള്ളയാണ് ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സിപിഎം നേതാക്കള്‍ നടത്തിയത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി.എക്സ.് ആല്ബിന് വ്യാജ പട്ടയം ഉപയോഗിച്ച് രണ്ട് തവണയായി ലക്ഷങ്ങളാണ് കീശയിലാക്കിയത്. സെക്രട്ടറി എം.എസ്. സാബു ബിനാമി പേരില്‍ കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയതായും സെക്രട്ടറിയുടെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലെ പല ഇടപാടുകള്‍ക്കും ബാങ്കില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തെങ്കിലും സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന നിര്‍ദേശം ഉന്നതര്‍ ഇടപ്പെട്ട് പൂഴ്ത്തി.
2010ല്‍ ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ റദ്ദാക്കിയ പട്ടയമുപയോഗിച്ച് 2011ല്‍ വായ്പ എടുത്തും മുക്കാല്‍ സെന്റ് ഭൂമിയുടെ വ്യാജപട്ടയമുപയോഗിച്ചും 10 ലക്ഷം രൂപയാണ് പ്രസിഡന്റ് തട്ടിപ്പ് നടത്തിയത്. വസ്തു ഈടിന്മേല് വായ്പ നല്കാന് ഭൂമിയുടെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ വേണം. ഈ രേഖകള്‍ ഒന്നുമില്ലാതെ വസ്തു ഈടിന്മേല് 43.45 കോടി വായ്പ നല്‍കിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍. ഈടായി സ്വീകരിച്ച പട്ടയങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ട്. മറ്റ് ബാങ്കുകളില്‍ പണയപ്പെടുത്തിയ ഭൂമിക്ക് ചിന്നക്കനാലില്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും ഈ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ കഴിയുമോയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
സഹകരണചട്ടപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് നാലിടങ്ങളില്‍ ബാങ്ക് ഭൂമി വാങ്ങിയത്. ഒരിടത്ത് മാത്രമാണ് വസ്തു പോക്കുവരവ് ചെയ്തിട്ടുള്ളത്. സെന്റിന് 3,35,052 രൂപക്ക് 97 സെന്റ് ഭൂമി വാങ്ങിയതില്‍ 81 സെന്റ് മാത്രമാണ് ബാങ്കിന്റെ പേരില്‍ പോക്കുവരവ് ചെയ്തത്. ബാക്കി 16 സെന്റ് ഭൂമി കാണാനില്ല. ഇതിന് മറ്റൊരാള്‍ കരം അടക്കുന്നതായും ഈ ഇടപാടില്‍ മാത്രം അരക്കോടിയിലേറെ ബാങ്കിന് നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്രോള്‍ പമ്പ് നിര്‍മാണത്തിന് ഭരണ സമിതി അംഗീകരിക്കാതെ 4,60,000 രൂപ സെക്രട്ടറി കൈമാറിയിട്ടുണ്ട്. സംസ്ഥാന സഹ. ബാങ്കില്‍ നിന്ന് 65.42 കോടി രൂപ വായ്പയെടുത്താണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: