മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കും. ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി ആണ് ഇക്കാര്യം അറിയിച്ചത്. ഇതിഹാസതാരത്തിന്റെ കോര്‍ട്ടിലേക്കും ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളിലേക്കുമുള്ള തിരിച്ചുവരവായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നലെ രാവിലെ ഓസ്ട്രേലിയന്‍ ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കവെ അവിചാരിതമായാണ് ടൈലി നദാലിന്റെ തിരിച്ചുവരവിനെ കുറിച്ച് വ്യക്തമാക്കിയത്. 37കാരനായ നദാല്‍ ഇക്കൊല്ലം ഓസ്ട്രേലിയന്‍ ഓപ്പണിലെ പുറത്താകലോടെയാണ് കരിയറില്‍ നിന്നും ഇടവേളയെടുത്തത്. പരിക്ക് അലട്ടിയതിനാല്‍ താരത്തിന് കളിയില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ മക്കെന്‍സി മക് ഡൊണാല്ഡിനോട് പരാജയപ്പെട്ട മത്സരത്തിലാണ് നദാല്‍ ഒടുവില്‍ കളിച്ചത്.
ഇക്കൊല്ലം രണ്ടാം റൗണ്ടില്‍ പുറത്തായെങ്കിലും 2022 ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയത് നദാലായിരുന്നു. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പുരുഷ താരങ്ങളില്‍ നോവാക്ക് ദ്യോക്കോവിച്ചിന് പിന്നില്‍ രണ്ടാമതാണ് റാഫേല്‍ നദാല്‍. 22 ഗ്രാന്‍ഡ് സ്ലാമുകളാണ് നദാല്‍ നേടിയിട്ടുള്ളത്. നദാലിനെ മറികടന്നാണ് ദ്യോക്കോവിച് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം എന്ന നേട്ടത്തിലേക്ക് കുതിച്ചത്.
നദാല്‍ കോര്‍ട്ടില്‍ നിന്ന് പിന്മാറിയതിനാല് റാങ്കിങ്ങില്‍ വല്ലാതെ താഴേക്ക് ഇടിഞ്ഞിട്ടുണ്ട്. നിലവില്‍ താരം 240-ാം സ്ഥാനത്താണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: