തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ആദ്യത്തെ സ്പൈസസ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. തൊടുപുഴ, മുട്ടം പഞ്ചായത്തിലെ തുടങ്ങനാട് 15.29 ഏക്കറിലാണ് കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് സജ്ജമായത്.
കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ ക്ലസ്റ്റര്‍ വികസന പദ്ധതിയുടെ കീഴിലാണ് പാര്‍ക്ക് വികസിപ്പിച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്ക്കരണത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങല്‍ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് സ്പൈസസ് പാര്‍ക്കിന്റെ ലക്ഷ്യം.
2021 ഒക്ടോബറിലാണ് സ്പൈസസ് പാര്‍ക്ക് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആഗസ്റ്റില്‍ പണി പൂര്‍ത്തിയായ സ്പൈസസ് പാര്‍ക്കില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നിലവിലുള്ള സ്ഥലത്തില്‍ 80 ശതമാനവും എട്ട് വ്യവസായ യൂണിറ്റുകള്‍ക്കായി നല്‍കിക്കഴിഞ്ഞു. ബ്രാഹ്മിണ്‍സ് ഫുഡ്സ് (വിപണനം വിപ്രോ), ഡിസി ബുക്ക്സ്, പരിശുദ്ധം ഗ്രൂപ്പ് എന്നിവര്‍ വ്യവസായ യൂണിറ്റില്‍ സ്ഥലം ഇതിനകം തന്നെ എടുത്തിട്ടുണ്ട്.
ആകെയുള്ള സ്ഥലത്തില്‍ ഒമ്പതേക്കറാണ് വ്യവസായ പ്ലോട്ടുകളായി സംരംഭങ്ങള്‍ക്ക് നല്‍കുന്നത്. മികച്ച റോഡ്, ശുദ്ധജല ലഭ്യത, പ്രത്യേകമായുള്ള വൈദ്യുതി ഫീഡര്‍ ലൈന്‍, സംഭരണ സംവിധാനം, സൈബര്‍ കേന്ദ്രം, വിപണന കേന്ദ്രം, കാന്‍റീന്‍, പ്രാഥമിക ശുശ്രൂഷാ കേന്ദ്രം, ശിശു പരിപാലന കേന്ദ്രം, സമ്മേളന ഹാള്‍, മലിനജലം സംസ്ക്കരിക്കുന്നതിനുള്ള പ്ലാന്‍റ്, മഴവെള്ള സംഭരണി എന്നിവയെല്ലാം പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ പത്തേക്കര്‍ സ്ഥലമാണ് കിന്‍ഫ്ര വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനു പുറമെ 7 ഏക്കര്‍ സ്ഥലത്ത് സ്പൈസസ് ബോര്‍ഡുമായി ചേര്‍ന്ന് സുഗന്ധവ്യഞ്ജന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കുമളി പുറ്റടിയിലുള്ള സ്പൈസസ് ബോര്‍ഡിന്റെ പാര്‍ക്കുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്നത്.
രാജ്യത്ത് സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന 42 മെഗാ ഫുഡ് പാര്‍ക്കുകളിലെ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത് കേരളത്തിലാണ്. കിന്‍ഫ്ര ആരംഭിച്ച മെഗാ ഫുഡ് പാര്‍ക്ക് ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: