കണ്ണൂര്‍: ഉളിക്കല്‍ ടൗണില്‍ നിലയുറപ്പിച്ച കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് ശ്രമം ആരംഭിച്ചു. ഉളിക്കല്‍ എസി റോഡിനും ലത്തീന്‍ പള്ളിക്കുമിടയിലുള്ള തോട്ടത്തിലാണ് ആന ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെനിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഉളിക്കല്‍ ടൗണ്‍. ചുറ്റും ജനവാസമേഖലയായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആനയെ വനത്തിലേക്ക് തുരത്തുന്നത് വെല്ലുവിളിയാണ്.
മൂന്ന് ഏക്കര്‍ വിസ്തൃതിയിലുള്ള കശുമാവിന്തോട്ടത്തില് ആനയെ വെടിവച്ച് മയക്കിയ ശേഷം രാത്രിയോടെ കാടുകയറ്റാനാണ് വനംവകുപ്പിന്റെ നീക്കം.
ആന വിരണ്ടോടാന്‍ സാധ്യതയുള്ളതിനാല്‍ പടക്കംപൊട്ടിച്ച് സമീപത്തെ കശുമാവിന്‍തോട്ടത്തിലേക്ക് മാറ്റാനാണ് ശ്രമം നടത്തുന്നത്. മൂന്ന് റൗണ്ട് പടക്കമാണ് വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പൊട്ടിച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉളിക്കല്‍ ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ മുതല്‍ ടൗണിലെ കടകള്‍ അടഞ്ഞുകിടക്കുകയാണ്. വയത്തൂര് വില്ലേജിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്കി. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതികള്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ആനയെ കണ്ട് ഓടിയ മൂന്നുപേര്‍ക്ക് വീണ് പരിക്കേറ്റു.
വനാതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായുള്ള ഉളിക്കലില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കാട്ടാന എത്തിയത്. രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. കര്‍ണാടക വനത്തില്‍ നിന്ന് കൂട്ടംതെറ്റിയെത്തിയ കാട്ടാനയാകാം ഇതെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: