തിരുവനന്തപുരം: കേരളീയത്തില്‍ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോള്‍ നവീന ആശയങ്ങളുമായി ഫുഡ് വ്‌ളോഗര്‍മാരും. മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂടിക്കാഴ്ചയിലാണ് പ്രമുഖ ഫുഡ് വ്‌ളോഗര്‍മാര്‍ ഭക്ഷ്യമേള കൊഴുപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പങ്കുവെച്ചത്.
ഒരു സംസ്ഥാന സര്‍ക്കാര്‍ ഫുഡ് വ്‌ളോഗര്‍മാരെ ഔപചാരികമായി വിളിച്ചുകൂട്ടുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേരളീയം സ്വാഗതസംഘം കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേരളീയം ഭക്ഷ്യമേള കമ്മറ്റി ചെയര്‍മാന്‍ എ.എ. റഹീം എംപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അട്ടപ്പാടി വനസുന്ദരി മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം വരെയുള്ള കേരളത്തിന്റെ തനത് വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ തുടക്കമായിരിക്കും കേരളീയത്തിലെ 11 വേദികളില്‍ നടക്കുന്ന വ്യത്യസ്തമായ ഫുഡ് ഫെസ്റ്റ്. മാനവീയം വീഥിയില്‍ തനത് വിഭവങ്ങളുടെ പ്രത്യേക സ്റ്റാള്‍ ഒരുക്കും. കേരളീയം നടക്കുന്ന എല്ലാദിവസവും ഒരു വേദിയില്‍ ഒരു പ്രമുഖ ഫുഡ് വ്‌ളോഗറുടെ ലൈവ് ഷോയുണ്ടാകും. കൂടാതെ പൊതുജനങ്ങള്‍ക്ക് അടക്കം പങ്കെടുക്കാന്‍ കഴിയുംവിധം പാചക മല്‍സരവും നടക്കും 50 ഓളം വ്‌ളോഗര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗോത്രവിഭവങ്ങള്‍ക്ക് വേദിയൊരുക്കുക, മണ്‍മറയുന്ന വിഭവങ്ങളുടെ ചേരുവകള്‍ രേഖപ്പെടുത്തി വെക്കുക, ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് ചേരുവകള്‍ വിതരണം ചെയ്യുന്ന കേരളത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ വ്‌ളോഗര്‍മാര്‍ പങ്കുവെച്ചു. നിര്‍ദേശങ്ങള്‍ പഠിച്ച് സാധ്യമായവ ഉടന്‍ നടപ്പാക്കുമെന്ന് ചര്‍ച്ച സമാഹരിച്ചുകൊണ്ട് എ.എ. റഹീം എംപി പറഞ്ഞു. കെടിഡിസി മാനേജിംഗ് ഡയറക്ടറും ഫുഡ് കമ്മറ്റി കണ്‍വീനറുമായ ശിഖ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പ് ഡയറക്ടറും കേരളീയം സ്വാഗതസംഘം കണ്‍വീനറുമായ എസ്. ഹരികിഷോര്‍, ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയും ഫുഡ് കമ്മറ്റി കോര്‍ഡിനേറ്ററുമായ സജിത് നാസര്‍ എന്നിവര്‍ പങ്കെടുത്തു.
പതിനഞ്ചോളം കേരളീയ വിഭവങ്ങളുടെ ബ്രാന്‍ഡഡ് ഭക്ഷ്യമേള കൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിംഗ് അസോസിയേഷന്‍ എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത ഭക്ഷ്യമേളകള്‍ കൂടി കേരളീയത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: