വൈക്കം: പ്രാധാന്യമേറെയാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്. ഈ സ്റ്റേഷന് വികസിക്കുന്നതിനൊപ്പം അനുബന്ധ വികസന സാധ്യതകളും ഏറെയാണ്. സ്റ്റേഷന് തുടങ്ങുമ്പോള്‍ വിഭാവനം ചെയ്ത പദ്ധതികള്‍ നടപ്പാകുകയാണെങ്കില്‍ അതിന്റെ പ്രയോജനം സാധാരണക്കാരിലേക്കും എത്തും.
യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദം
കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ സംസ്ഥാന പാതയോടു ഏറ്റവും അടുത്ത ഏക സ്റ്റേഷനാണ് വൈക്കം റോഡ്. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐലന്റ് പ്ലാറ്റ് ഫോം അടക്കം 20 കോടിയോളം മുതല്‍മുടക്കില്‍ നവീകരിച്ച ആദര്‍ശ് സ്റ്റേഷനാണിത്.കോട്ടയം-എറണാകുളം, വൈക്കം-പാലാ ബസ് റൂട്ടുകളോട് ചേര്‍ന്നുള്ള സ്റ്റേഷനായതുകൊണ്ടു തന്നെ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂര്‍, പാലാ ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.വിശാലമായ പാര്‍ക്കിങ് സൗകര്യവും ഈ സ്റ്റേഷന്റെ പ്രത്യേകതയാണ്.
തീര്‍ത്ഥാടന കേന്ദ്രം
ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവുമായ വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം, മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം, ഭാരതത്തിലെ ആദ്യ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളി, കേരളത്തിലെ ഏക സ്വയംഭൂ നരസിംഹ ക്ഷേത്രമായ കോഴാ ശ്രീ നരസിംഹസ്വാമി ക്ഷേത്രം, തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം നാലമ്പലങ്ങള്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ തന്റെ ബാല്യകാലം ചിലവഴിച്ച മുട്ടുചിറ, കടുത്തുരുത്തി, ഉഴവൂര്‍, രാമപുരം പള്ളികള്‍ തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിന് വികസനം സഹായിക്കും.
വിദ്യാഭ്യാസ ഹബ്ബ്
ആപ്പാഞ്ചിറയില്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി ഗവ.പോളിടെക്നിക് കോളജ്, കുറവിലങ്ങാട് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റി, വലവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കുറവിലങ്ങാട് ദേവമാതാ കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്, കീഴൂര്‍ ഡിബി കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈക്കം, കുറവിലങ്ങാട് താലൂക്ക് ആശുപത്രികള്‍, ഉഴവൂര്‍ കെ.ആര്. നാരായണന് മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍, വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളും സ്റ്റേഷന് അടുത്തായി സ്ഥിതി ചെയ്യുന്നു. പ്രശസ്തരുടെ ജന്മസ്ഥലം മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്, സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്, പ്രശസ്ത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍, സംഗീതജ്ഞന് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ തുടങ്ങി അനവധി ആദരണീയ വ്യക്തിത്വങ്ങളുടെ ജന്മനാട് കൂടിയാണ് വൈക്കം.
ഇരട്ടപ്പാത പ്രയോജനപ്പെടുത്തണം
കോട്ടയം വഴി ഇരട്ടപ്പാത പൂര്‍ത്തിയായപ്പോള്‍ ഇതുവഴിയുള്ള വനികളുടെ വേഗം വര്‍ദ്ധിച്ചു. പഴയതുപോലെ ഇപ്പോള്‍ വണ്ടികള്‍ പിടിച്ചിടുന്നില്ല. പക്ഷേ എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ ആരംഭിച്ചപ്പോഴും കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഒരു സ്റ്റോപ്പ് പോലും പരിഗണിച്ചില്ല.
വൈക്കം റോഡ് സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. വൈക്കത്തു സ്റ്റോപ്പ് അനുവദിച്ചാല്‍ അത് വൈക്കം, കടുത്തുരുത്തി, പാലാ നിയോജകമണ്ഡലങ്ങളിലെ ആയിരങ്ങള്‍ക്ക് പ്രയോജനപ്രദമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: