വിഷ്ണു അരവിന്ദ്
ലോകത്തിന്റെ ശ്രദ്ധ വീണ്ടും പശ്ചിമേഷ്യയിലേക്കെത്തിയിരിക്കുന്നു. സമീപ കാലത്തുണ്ടായതില്‍ ഏറ്റവും വലിയ സംഘര്‍ഷമാണ് മേഖലയില്‍ ഇന്ന് അരങ്ങേറുന്നത്. എന്നാല്‍ വിവിധ അറബ് രാജ്യങ്ങള്‍ പങ്കെടുത്തുകൊണ്ട് മുന്‍കാലങ്ങളിലുണ്ടായ തരത്തില്‍ ഒരു വലിയ യുദ്ധമായി ഇസ്രായേല്‍-പലസ്തീന് മാറുകയില്ലെന്ന് മേഖലയിലെ സമീപകാലത്തുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കരുതാം. എന്നാല്‍ മേഖലയിലെ പ്രശ്നങ്ങള്‍ ലോകത്തെയാകെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ലോക രാജ്യങ്ങളെ അലട്ടുന്നത്.
പശ്ചിമേഷ്യയിലെ ഭൂമിശാസ്ത്രമായി ചെറിയ രാജ്യമാണ് ഇസ്രായേല്‍. കിഴക്കുഭാഗത്ത് ജോര്‍ദാന്‍, സിറിയ, പലസ്തീന് അതോറിറ്റിയുമായും വടക്കു ഭാഗത്ത് ലെബനനുമായും തെക്കുഭാഗത്ത് ഈജിപ്തുമായും രാജ്യം അതിര്‍ത്തി പങ്കിടുന്നു. ഇതില്‍ മെഡിറ്ററേനിയന്‍ കടലില്‍ ഇസ്രായേലിനും ഈജിപ്തിനും ഇടയിലുള്ള ഇടുങ്ങിയ കരയാണ് ഗാസ മുനമ്പ്. ഇവിടെയാണ് നിലവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായേല്‍ സൈന്യത്തിന്റെ തിരിച്ചടികൂടിയായപ്പോള്‍ ഇരു ഭാഗത്തുനിന്നും കൊല്ലപ്പെട്ടവരുട സംഖ്യ ഏറുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ഒരു വിഭാഗം കൂടിയാണ് പാലസ്തീനിയന്‍ ജനത. എന്നാല്‍ തടവിലാക്കപ്പെട്ട ഇസ്രായേലിയന്‍ സ്ത്രീകളോടടക്കം ഹമാസ് നടത്തുന്ന മനുഷ്യത്വ രഹിതമായ നടപടികളിലൂടെ അവരുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണിപ്പോള്‍.
ആദ്യകാലത്ത് ഒട്ടോമന്‍ ഭരണത്തിലും പിന്നീട് ബ്രിട്ടീഷ് ഭരണത്തിലും കീഴിലായിരുന്ന ഗാസ മുനമ്പ് ഇപ്പോള്‍ വെസ്റ്റ് ബാങ്കിനൊപ്പമുള്ള രണ്ട് പലസ്തീന് പ്രദേശങ്ങളിലൊന്നാണ്. ഇതില്‍ ഇസ്രായേലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് വെസ്റ്റ് ബാങ്ക്. ഗാസയെക്കാള്‍ വളരെ വലുതായ ഈ പ്രദേശത്തിന്റെ കിഴക്കു ഭാഗത്ത് ചാവുകടലും ജോര്‍ദാനും തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നിവിടങ്ങളില്‍ ഇസ്രായേലും അതിര്‍ത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണത്തിനു ശേഷം 1948-ല്‍ ജൂത രാഷ്ട്രമായ ഇസ്രായേല്‍ സ്ഥാപിതമായതു മുതല്‍ 1967 വരെ ഗാസ മുനമ്പ് ഈജിപ്തിന്റെ അധീനതയിലും വെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ അധീനതയിലുമായിരുന്നു.
എന്നാല്‍ ഇസ്രായേലും അറബ് രാജ്യങ്ങളുമായി 1967 ലുണ്ടായ ‘ആറ് ദിവസ’ത്തെ യുദ്ധത്തില്‍ (Six day war) ഗാസയും വെസ്റ്റ് ബാങ്കും ഇസ്രായേല്‍ പിടിച്ചെടുത്തു. പിന്നീട് 2005 വരെ ഗാസ മുനമ്പ് ഇസ്രായേലിന്റെ അധീനതയിലായിരുന്നു. ഈ കാലയളവില്‍ 21 ഓളം ജൂത താമസ സ്ഥലങ്ങള്‍ ഇസ്രായേല്‍ ഇവിടെ സ്ഥാപിച്ചു. എന്നാല്‍ അന്താരാഷ്ട്ര സമാധാന ഉടമ്പടികള്‍ പ്രകാരം പ്രദേശത്തിന്റെ നിയന്ത്രണം പലസ്തീന് അനുകൂല മുസ്ലിങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തു. ഇന്ന് ഏകദേശം 362 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 2 ദശലക്ഷത്തിലധികം പലസ്തീനികള്‍ ഇവിടെ താമസിക്കുന്നു. ഈ പ്രദേശങ്ങളിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് ഹമാസ്. 1987-ല്‍ ഗാസയിലും വെസ്റ്റ്ബാങ്കിലും നടത്തിയ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് സംഘടന സ്ഥാപിതമായത്. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഒരു ശാഖയായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ സംഘടന. 2006 ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഗാസയില്‍ ഹമാസ് അധികാരം പിടിച്ചെടുക്കുന്നത്.
രണ്ട് പതിറ്റാണ്ടായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. ഈ ഗവണ്മെന്റിനെ പലസ്തീനിയന്‍ അതോറിറ്റിയെന്നറിയപ്പെടുന്നു. പലസ്തീനിയന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇസ്രായേലുമായി ഉണ്ടാക്കിയ ഓസ്ലോ (Oslo Peace Accords) സമാധാന ഉടമ്പടികള്‍ക്കെതിരെ എതിര് ശബ്ദമുയര്‍ത്തിയാണ് ഹമാസ് ഗാസയില്‍ അധികാരത്തിലേറിയത്. എന്നാല്‍ പിന്നീട് ഗാസയില്‍ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടില്ല. ഇസ്രായേലിനെതിരെ നിരന്തരമായി ആക്രമണം അഴിച്ചു വിടുന്ന ഹമാസിന്റെ നയങ്ങളുടെ ഫലമായി യുഎസ്, യുകെ, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്, ലബനന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിന്റെ ശക്തി. സംഘടനയ്ക്ക് ആവശ്യമായ ആയുധവും പണവും പരിശീലനവും രാഷ്ട്രീയ പിന്തുണയും നല്‍കുന്നത് ഈ രാജ്യങ്ങളാണ്. ഇതു കൂടാതെ ഗസയിലെയും വെസ്റ്റ് ബാങ്കിലെയും പകുതിയിലധികം ജനങ്ങള്‍ ഹമാസിനെ തങ്ങളുടെ രക്ഷകരായി കാണുന്നുവെന്ന് പല സര്‍വ്വേകളും ചൂണ്ടി കാട്ടുന്നു. ഈ ജനപിന്തുണയാണ് ഇസ്രായേലിനെ ആക്രമിക്കുവാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എല്ലാ തവണകളില്‍ നിന്നും വ്യത്യസ്തമായി ലോക രാജ്യങ്ങള്‍ എല്ലാം തന്നെ ഹമാസിന്റെ ഇപ്പോഴത്തെ പ്രവൃത്തിയെ തള്ളിക്കളഞ്ഞു.
ഭാരതത്തെ സംബന്ധിച്ചിടുത്തോളം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ വിവിധ താല്പര്യങ്ങളുണ്ട്. ആദ്യകാലത്ത് ഭാരതത്തിന്റെ ഇന്ധനത്തിന്റ പ്രധാന സ്രോതസ്സായിരുന്നു അറബ് രാജ്യങ്ങള്‍. ദശലക്ഷക്കണക്കിന് ഭാരതീയരും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നു. ഒപ്പം കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയ താല്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുവാന്‍ 1991 വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ യാസര്‍ അറഫത്തിന്റെ പലസ്തീന് ലിബറേഷന്‍ ആര്‍മി (ജഘഛ) യെ 1974 ല്‍ തന്നെ അംഗീകരിച്ചിരുന്നു. മഹാനായ അംബേദ്കര്‍ ഇസ്രായേല്‍-പലസ്തീന് വിഷയത്തില്‍ നെഹ്റുവിനെ ഉപദേശിച്ചതു പോലെ തന്നെ ‘മതപരമായ ഒരു പരിഗണയും’ ഈ വിഷയത്തില്‍ ഭാരതത്തിന്റെ അഭിപ്രായം പറയുവാന്‍ ഇന്ന് തടസ്സമാവുന്നില്ല. മാത്രമല്ല 2008 -09 കാലഘട്ടത്തില്‍ 24 ഓളം രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന എണ്ണ ഇന്ന് 39 ഓളം രാജ്യങ്ങളില്‍ നിന്നാണ് ഭാരതം ഇറക്കുമതി ചെയ്യുന്നത്. പൂര്‍ണ്ണമായും അറബ് രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇന്നില്ല.
എന്നാല്‍ പലസ്തീനെ പൂര്‍ണ്ണമായി തള്ളുന്ന നയം ഭാരതം എടുക്കുന്നില്ല. വിവിധ സാമ്പത്തിക സഹായങ്ങളും രാഷ്ട്രീയ ബന്ധവും ഭാരതം പാലസ്തീനിയന്‍ അതോറിറ്റിയുമായി ഇപ്പോഴും നിലനിര്‍ത്തുന്നു. ആദ്യമായി ഒരു ഭാരത പ്രധാനമന്ത്രി ഇരു രാജ്യത്തും കാലുകുത്തുവാന്‍ നരേന്ദ്ര മോദിയുടെ കാലം വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. എന്നാല്‍ ഇതൊക്കയുണ്ടെങ്കിലും ഭീകരവാദത്തിനും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്മേല് നടത്തിയ വെല്ലുവിളികള്‍ക്കും ഭാരതത്തിന്റെ പിന്തുണ ലഭിക്കുകയില്ല. ഭാരതം പാകിസ്ഥാനില്‍ നിന്നും നേരിടുന്ന അതെ സാഹചര്യമാണ് ഇസ്രായേലും നേരിട്ടത്. ഈ പശ്ചാത്തലത്തില്‍ ആഗോള ഇസ്ലാമിക ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ നയം തന്നെയാണ് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മാത്രമല്ല അറബ് രാജ്യങ്ങളും തങ്ങളുടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായി മികച്ച ബന്ധം നിലനിര്‍ത്തുന്നു. എന്നാല്‍ മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളെ ഇസ്രായേലുമായി ബന്ധപ്പെടുത്തി കൊണ്ട് നടത്തികൊണ്ടിരിക്കുന്ന സഖ്യ സാദ്ധ്യതകളുടെ പശ്ചാത്തലത്തിലുണ്ടായ ആക്രമണം അതീവ ഗൗരവമുള്ളതാണ്. ഇത് സൗദി അടക്കമുള്ള പ്രധാന രാജ്യങ്ങള്‍ മനസ്സിലാക്കുന്നതു കൊണ്ടാണ് ഒരു വലിയ യുദ്ധമായി മാറുകയില്ലയെന്ന് ആദ്യം സൂചിപ്പിച്ചത്. എന്നിരുന്നാലും ഇപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കുവാനുള്ള നടപടികള്‍ ഇരു ഭാഗത്തു നിന്നും ലോക രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ഭാഗത്തു നിന്നും ഉണ്ടാകണം.
(ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: