അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇനിയങ്ങോട്ട് ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം അതായിരിക്കും. മിസ്സോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന എന്നിവിടങ്ങളിലെ ജനവിധികളായിരിക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന നിഗമനത്തില്‍ യാതൊരു ആലോചനയും കൂടാതെ എത്തിച്ചേരുന്നവരുണ്ട്. അവര്‍ ഈ തെരഞ്ഞെടുപ്പുകളെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തുകയും ചെയ്യുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപി അധികാരത്തിലുള്ളത്. മധ്യപ്രദേശിലും വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസ്സോറാമിലും. രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ബിആര്‍എസുമാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് തിരിച്ചടിയാവുമെന്ന് കരുതുന്നവരാണ് ‘സെമി ഫൈനല്‍’ വാദക്കാര്‍. എന്നാല്‍ ഇതൊരു വ്യാമോഹം മാത്രമാണെന്ന് യാഥാര്‍ത്ഥ്യബോധമുള്ളവര്‍ക്ക് അറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്ക് അധികാരത്തില്‍ വരുകയായിരുന്നു. മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള ഈ ഭരണം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെത്തിയതോടെ ഇല്ലാതാവുകയും, ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍കൂടി അധികാരത്തിലേറുകയുമായിരുന്നു. ഈ തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ്സിന് ഇനിയും കരകയറാനായിട്ടില്ല. വികസന നിര്‍ഭരവും അഴിമതിമുക്തവുമായ ഭരണം കാഴ്ചവച്ചതിലൂടെ മുഖ്യമന്ത്രി ചൗഹാന്റെ ജനപിന്തുണയും പ്രതിച്ഛായയും വര്‍ധിച്ചിരിക്കുകയുമാണ്.
രാജസ്ഥാനില്‍ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസ്ഥയും വ്യത്യസ്തമല്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് സച്ചിന് പൈലറ്റും ആജന്മശത്രുക്കളെപ്പോലെ പരസ്പരം തമ്മിലടിക്കുന്നതിനാല്‍ അസ്ഥിരതയായിരുന്നു ഭരണത്തിന്റെ മുഖമുദ്ര. ഇരുവരെയും യോജിപ്പിച്ചുകൊണ്ടുപോകാന്‍ പാര്‍ട്ടി ഹൈക്കമാന്റ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയും ചെയ്തു. ഭരണത്തെ അടിമുടി ബാധിച്ചിരിക്കുന്ന അഴിമതികളെക്കുറിച്ച് രാജിവച്ച മുന്‍ മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസ്സ് ഗെഹ്ലോട്ടിന്റെയും സച്ചിന്റെയും നേതൃത്വത്തില്‍ രണ്ട് ചേരികളായി പൂര്‍ണമായും വേര്‍തിരിഞ്ഞിരിക്കുന്നു. ജിഹാദി അക്രമങ്ങളും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയായി മാറിയ ഭരണത്തിനെതിരായ ജനരോഷം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുയോഗങ്ങളില്‍ കണ്ട വന്‍ ജനപങ്കാളിത്തം ബിജെപി അനുകൂലമായ ജനവികാരം രാജസ്ഥാനില്‍ നിലനില്ക്കുന്നു എന്നതിന് തെളിവാണ്. രാജസ്ഥാന് ബിജെപി തിരിച്ചുപിടിക്കുമെന്ന അഭിപ്രായ സര്‍വെ ഫലം ഇതിന്റെ വ്യക്തമായ സൂചനയാണ്. കോണ്‍ഗ്രസ് ഭരണമുള്ള ഛത്തീസ്ഗഡിലും ആ പാര്‍ട്ടി രണ്ടുതട്ടിലാണ്. മുഖ്യമന്ത്രി ഭുപേശ് ഭാഗേലിനെതിരായ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്ന മന്ത്രി ടി.എസ്. സിങ്ദേവിന് ഹൈക്കമാന്‍ഡിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. ഇരുവരും തമ്മിലെ പ്രശ്നം പറഞ്ഞൊതുക്കാന്‍ കേന്ദ്ര നേതാക്കള്‍ പലവട്ടം ഇടപെട്ടുവെങ്കിലും അതൊന്നും വിജയം കണ്ടില്ല. അതിശക്തമായ പ്രവര്‍ത്തനവുമായി പ്രതിപക്ഷമായ ബിജെപി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് ഇവിടെ ഭരണത്തുടര്‍ച്ച ലഭിക്കാനുള്ള സാധ്യതകളൊന്നും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നില്ല.
ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസും ബിജെപിയും ഏറെക്കുറെ നേര്‍ക്കുനേര്‍ പോരാടുന്ന തെലങ്കാനയില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ സഹോദരി ഷാര്‍മിളയെ, കര്‍ണാടക ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ സഹായത്തോടെ പാര്‍ട്ടിയിലെത്തിച്ച് നേട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കാന്‍ പോകുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു മാത്രമാണ് നേടാന്‍ കഴിഞ്ഞതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് വിജയിച്ച് ബിജെപി എതിരാളികളെ ഞെട്ടിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണത്തിനെത്തുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കര്‍ഷക ആത്മഹത്യകളുടെ സ്വന്തം നാടായി തെലുങ്കാനയെ മാറ്റിയ ചന്ദ്രശേഖര റാവുവിന് ഇത് കനത്ത തിരിച്ചടി നല്‍കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും എങ്ങനെയെങ്കിലും കടന്നുകൂടി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനുവേണ്ടി ഏതറ്റം വരെ പോകാനും ഈ പാര്‍ട്ടി മടിക്കുന്നില്ല. ജാതി സെന്‍സസിന്റെ പേരു പറഞ്ഞ് പിന്നാക്ക വിഭാഗങ്ങളെ ബിജെപിക്ക് എതിരാക്കാനാവുമോയെന്നാണ് നോക്കുന്നത്. എന്നാല്‍ മധ്യപ്രദേശിലുള്‍പ്പെടെ ഇത്തരം തന്ത്രങ്ങള്‍ ഇതിനു മുന്‍പും കോണ്‍ഗ്രസ് പയറ്റിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വിഭാഗീയ രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണ്. ജാതീയമായ വേര്‍തിരിവല്ല, വികസനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് നല്‍കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും അവര്‍ക്കറിയാം. ശിഥിലീകരണ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: