കൊച്ചി: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്കുന്നില്ലെന്ന ഹര്‍ജിയില്‍ കെടിഡിഎഫ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിക്ഷേപകര്‍ വേണമെങ്കില്‍ വന്ന് കാലുപിടിക്കട്ടെ, ഞങ്ങള്‍ പണം സൗകര്യമുള്ളപ്പോള്‍ തരും എന്ന കെടിഡിഎഫ്സിയുടെ നിലപാട് അനുവദിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചു കിട്ടാത്തതിനെത്തുടര്‍ന്ന് നല്കിയ ഹര്‍ജികളിലാണ് വിമര്‍ശനം. ലക്ഷ്മിനാഥ് ട്രേഡ് ലിങ്കിന് 30 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കാനുള്ളത്. 12 ശതമാനം പലിശ സഹിതം തുക തിരിച്ചു കിട്ടണമെന്നാണ് ആവശ്യം. കൈടിഡിഎഫ്സി വിശദീകരണത്തിന് മൂന്നാഴ്ച കൂടി സമയം തേടിയെങ്കിലും രണ്ടാഴ്ച
നല്കി ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.
ഇന്നലെ ഹര്‍ജി വീണ്ടും വന്നപ്പോള്‍ വിശദീകരണത്തിന് കെടിഡിഎഫ്സി സമയം ചോദിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. പണം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ 20 ദിവസമായി നടപടിയെടുത്തില്ല. പലിശ സഹിതം മൂന്നു മാസത്തിനകം നല്കാനാവുമോ? നിക്ഷേപം സ്വീകരിച്ചവര്‍ ഇപ്പോള്‍ പണം തിരിച്ചുനല്‍കാന്‍ സമയം ചോദിക്കുന്നു. സര്‍ക്കാരിന് നിയന്ത്രണമുള്ള സ്ഥാപനമാണെന്ന് ഓര്‍ക്കണം. എന്നിട്ടും പണം നല്കാനാവുന്നില്ലെന്നു പറയുന്നത് വിചിത്രമാണ്. മറ്റു നിക്ഷേപങ്ങളുടെ കാര്യത്തിലെന്നപോലെ ഇവരുടെ കാര്യത്തില്‍ പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
നിക്ഷേപകര്‍ തങ്ങളുടെ കടക്കാരാണെന്ന തരത്തിലാണ് കെടിഡിഎഫ്സി പെരുമാറുന്നത്. നിങ്ങളാണ് ശരിക്കും കടക്കാരെന്ന ബോധ്യം വേണം. ഇവര്‍ക്ക് വേണ്ടത് നിങ്ങളുടെ ദയയല്ല, നിങ്ങളെ വിശ്വസിച്ചു നിക്ഷേപിച്ച പണമാണ്. സര്‍ക്കാരിന്റെ ഗ്യാരന്റിയുള്ളതിനാലാണ് കെടിഡിഎഫ്സിയില്‍ പണം നിക്ഷേപിച്ചത്. ഇത് ലംഘിക്കപ്പെട്ടാലുള്ള അവസ്ഥ എന്താണെന്ന് അറിയാമോ? ഹര്‍ജിക്കാര്‍ കെഞ്ചേണ്ട കാര്യമെന്താണ്? അവകാശമാണ് അവര്‍ ചോദിക്കുന്നത്, ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ ആലോചിക്കാതെ പണം നിക്ഷേപിക്കുന്നതെന്തിനാണെന്ന് ഹര്‍ജിക്കാരെയും കഴിഞ്ഞ തവണ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: