ന്യൂദല്‍ഹി: പണത്തിന്റെ കുറവ് പരിശ്രമങ്ങള്‍ക്ക് തടസമാകില്ലെന്ന് ഏഷ്യന്‍ ഗെയിംസിലെ അഭിമാന താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കായികതാരങ്ങള്‍ക്കും കായികമേഖലയ്ക്കുമായി സര്‍ക്കാര്‍ 3,000 കോടി രൂപ ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രനേട്ടം കുറിച്ച താരങ്ങളെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മുന്‍കാലങ്ങളിലും നമ്മള് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ നിരവധി വെല്ലുവിളികള്‍ മൂലം മെഡലുകളുടെ കാര്യത്തില്‍ നാം പിന്നിലായി. 2014നുശേഷം നടത്തിയ ആധുനികവല്‍ക്കരണവും പരിവര്ത്തനശ്രമങ്ങളും കായികമേഖലയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. ടോപ്സ്, ഖേലോ ഇന്ത്യ എന്നിവ ഉദാഹരണമാണ്. ഏഷ്യാഡ് സംഘത്തിലെ 125 താരങ്ങള്‍ ഖേലോ ഇന്ത്യ കാമ്പയിന്റെ കണ്ടെത്തലാണ്. അവര്‍ നേടിയത് നാല്പതിലധികം മെഡലുകളാണ്. ഖേലോ ഇന്ത്യയുടെ കീഴില്‍ 3000ലധികം കായികതാരങ്ങള്‍ക്ക് പരിശീലനം
നല്‍കുന്നുണ്ട്. ഇവര്‍ക്ക് പ്രതിവര്‍ഷം ആറു ലക്ഷം രൂപയിലധികം സ്കോളര്‍ഷിപ്പ് നല്കുന്നു. ഈ പദ്ധതിക്ക് കീഴില്‍, ഏകദേശം 2500 കോടി രൂപയുടെ സഹായം കായികതാരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. ശരിയായ ദിശയിലാണ് നമ്മള് നീങ്ങുന്നത്. നാരീശക്തിയുടെ കൂടി വിജയമാണിത്. മെഡലുകളില്‍ പകുതിയിലേറെയും വനിതകളാണ് നേടിയത്. വിജയത്തിന് തുടക്കമിട്ടത് വനിതാ ക്രിക്കറ്റ് ടീമാണ്. ബോക്സിങ്ങില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് വനിതകളാണ്. ഇതാണ് പുതിയ ഭാരതത്തിന്റെ ആത്മാവും ശക്തിയുമെന്ന് അദ്ദേഹം പറഞ്ഞു. കായികതാരങ്ങളുടെ രക്ഷിതാക്കള്‍, പരിശീലകര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും വണങ്ങുകയും ചെയ്തു.
പാരീസ് ഒളിമ്പിക്സിന് ഉത്സാഹത്തോടെ തയ്യാറെടുക്കാന്‍ അദ്ദേഹം കായികതാരങ്ങളോട് ആവശ്യപ്പെട്ടു. ഇത്തവണ വിജയത്തിലെത്താന്‍ കഴിയാത്തവര്‍ പാഠം ഉള്‍ക്കൊണ്ട് പുതിയ ശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും മോദി ആശംസകള്‍ നേര്‍ന്നു. കേന്ദ്ര യുവജന കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: