ജ്ഞാനവാസിഷ്ഠത്തിലൂടെ
(ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച)
ഇത്തരമായീടുന്നു നിശ്ചയമെന്നു പറഞ്ഞ പക്ഷിനായകനോട് പിന്നെയും ഞാന്‍ ചോദിച്ചു, ‘ജ്ഞാനവിജ്ഞാനവാനായി, വീരനായി, യോഗയോഗ്യമാനസഗതിയായി വാണുകൊണ്ടീടും ഭവാന് മൂന്നുലോകത്തും എന്തെന്തത്ഭുതങ്ങളെ ഓര്ത്തീടുന്നെ’ന്നുകേട്ട പക്ഷീന്ദ്രന്‍ പറഞ്ഞു, ‘കല്ലുകള്‍, മരങ്ങള്‍ എന്നിവയും വളരെയുള്ള വള്ളികള്‍ പുല്ലുകള്‍ എന്നിവയും തീരെ ഇല്ലാതെയും പര്വതവനവൃക്ഷസഞ്ചയഹീനയായും ഭൂമിയെ പണ്ടു കണ്ടിട്ടുള്ളത് ഇന്നു ഞാനോര്‍ക്കുന്നു. പതിനായിരത്തോരാണ്ട് അതിയായിട്ടു ഭസ്മം ഭൂമിയില്‍ നിറഞ്ഞിരുന്നതും ഞാന്‍ ഓര്‍ത്തീടുന്നു. പണ്ടൊരു ചതുര്യുഗത്തില് ഈ ഭൂമിയഖിലവും വന്കാടായിരുന്നത് ഇന്നു ഞാനോര്‍ക്കുന്നു. മറ്റൊരു ചതുര്യുഗത്തില് ഈ പാരിലെങ്ങും വലിയപര്വതങ്ങള് നിറഞ്ഞിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. ഒരു ചതുര്യുഗത്തില് ഭൂമി അഗസ്ത്യമുനി ഇല്ലാതിരുന്നതുകൊണ്ട് ഒരേയൊരു വിന്ധ്യാപര്വതമായിരുന്നത് ഞാന്‍ കണ്ടതിപ്പോള്‍ നന്നായിട്ട് ഓര്‍ക്കുന്നു. മദ്യം കുടിക്കുന്ന ബ്രാഹ്മണരും മദ്യം കഴിക്കാത്ത ശൂദ്രരും സൈ്വരവൃത്തികളായ പതിവ്രതമാരുമുള്ള ഒരു സര്‍ഗ്ഗം (സൃഷ്ടികാലം) ഞാനുള്ളിലോര്ത്തീടുന്നു. ചന്ദ്രസൂര്യാദികളുടെ ജന്മവും പുരന്ദരോപേന്ദ്രന്മാരുടെ മര്യാദയും ഹിരണ്യാക്ഷനെന്ന അസുരന് ഭൂമിയെ ബലംപ്രയോഗിച്ചു കൊണ്ടുപോയതും നാരായണന് പന്നിയായിവന്ന് അതു വീണ്ടെടുത്തതും രാജകല്പനയും നാലുവേദങ്ങളെ ശ്രീപതി മത്സ്യമായി വീണ്ടതും പെട്ടെന്ന് മന്ദരപര്‍വതത്തെ പുഴക്കിയെടുത്തതും അമൃതത്തിനായി പാല്ക്കടല് കടഞ്ഞതും ഗരുഡന് ചിറകില്ലാത്തവനായിരുന്നതും സമുദ്രങ്ങളുണ്ടായി വന്നതും ഞാനോര്‍ക്കുന്നു.
അല്പംമുമ്പ് കഴിഞ്ഞവകളെയോര്ത്താല് ബാലന്മാര്ക്കും ഉള്ളില്‍ ഓര്‍മ്മയുണ്ടാകുമല്ലോ. ലോകത്തില്‍ പ്രശസ്തന്മാരായ ഭവാന് മുതലായ മഹാത്മാക്കള്‍ പിന്നെ ഉണ്ടായി വന്നു. അത്രിയും മരീചിയും ഭൃംഗിയും നാരദനും വൃത്രവൈരിയും ഭരദ്വാജനും പുലസ്ത്യനും വാരണാസ്യനും താരകാരിയും അതുപോലെ ഗൗരിയും ഭാരതിയും ലക്ഷ്മിയും ഗായത്രിയും ഇങ്ങനെ ഈ സര്ഗ്ഗത്തിങ്കല് വളരെപ്പേരുണ്ടായി, എല്ലാരെയും ഓര്ത്തിട്ടന്തുകാര്യം? ബ്രഹ്മപുത്രനായ ഭവാന്റെ ഈ ജന്മം എട്ടാമത്തേതായിട്ടുള്ളതാണെന്നറിഞ്ഞാലും. എട്ടാമതായ ഈ ജന്മത്തിങ്കല്‍ നാമിങ്ങനെ കണ്ടുമുട്ടുമെന്ന് ഞാന്‍ മുമ്പേതന്നെ ഓര്‍ത്തിട്ടുണ്ട്. അങ്ങ് ഒരുകാലം ആകാശത്തുനിന്നുണ്ടായി. ഒരുകാലത്ത് വെള്ളത്തില്നിന്നുണ്ടായി. ഒരിക്കല്‍ ഭവാന് പര്‍വതത്തില്‍നിന്ന് ഉണ്ടായിവന്നിട്ടുണ്ട്.
ഒരിക്കല്‍ ബൃഹദ്ഭാനുവില്നിന്നുണ്ടായിവന്നു. ഈ ഭൂമി അഞ്ചുവട്ടം ഏകസമുദ്രത്തില് മുങ്ങി. അക്കാലങ്ങളിലൊക്കെ കൂര്മ്മത്താല് ഉദ്ധരിക്കപ്പെട്ടു. പന്ത്രണ്ടുവട്ടം ക്ഷീരസാഗരം കടഞ്ഞതായി എന്റെ അന്തരംഗത്തില്‍ ഞാനിപ്പോല്‍ ഓര്‍ക്കുന്നു. അസുരനാകുന്ന ഹിരണ്യാക്ഷന് മൂന്നുവട്ടം പാതാളലോകത്തേക്ക് ബലാല് ഭൂമിയെ കൊണ്ടുപോയതോര്‍ക്കുന്നു ഞാന്‍. ശ്രീനാരായണന് ആറുവട്ടം ഭാര്‍ഗവരാമനായി, സാനന്ദം കലികളില്‍ നൂറുവട്ടം ബുദ്ധനായിവന്നു. ശ്രീപരമേശ്വരന് ത്രിപുരന്മാരെ മുപ്പതുവട്ടം ഒന്നുപോലെ ദഹിപ്പിച്ചു. ദക്ഷപ്രജാപതി ചെയ്തീടുന്ന യാഗത്തെ ശങ്കരന് രണ്ടുവട്ടം തകര്‍ത്തുകളഞ്ഞു. മഹേശ്വരന് ക്രുദ്ധനായി ഭവിച്ചിട്ട് പത്ത് ഇന്ദ്രന്മാരെ കൊന്നതും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അസ്ത്രത്തിനുവേണ്ടി തപസ്സുചെയ്യുന്ന അര്‍ജ്ജുനനോട് അത്യുഗ്രമായി എട്ടുവട്ടം മഹേശ്വരന് യുദ്ധംചെയ്തിട്ടുണ്ട്. മനുഷ്യരുടെ ബുദ്ധി മാമുനേ! യുഗംപ്രതി വര്‍ദ്ധിച്ചും ചുരുങ്ങിയും വന്നീടുന്നതുമൂലം വേദത്രയിയുടെ അംഗങ്ങളും പാഠങ്ങളും അതുപോലെ ക്രിയയും പലവിധമായിവന്നത് ഞാനോര്‍ക്കുന്നു. പല പാഠങ്ങളായും അര്ത്ഥങ്ങളൊന്നായിട്ടും പുരാണങ്ങള്‍ യുഗംപ്രതി കൂടുന്നു. ‘
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: