തിരുവനന്തപുരം: അനന്തപുരിയിലെ നവരാത്രി ആരാധനയുടെ ഭാഗമായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് 12-ന്. ഘോഷയാത്രയിൽ കൊണ്ടു വരുന്നതിനായി ശുചീന്ദ്രത്തു നിന്നുള്ള മുന്നൂറ്റിനങ്ക വിഗ്രഹത്തെ രാവിലെ 11 മണിയോടെ പദ്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. മൂന്ന് ദിവസത്തെ യാത്രയ്‌ക്ക് ശേഷം 14-ന് വൈകിട്ട് വിഗ്രഹ ഘോഷയാത്ര തലസ്ഥാനത്തെത്തും. പദ്മതീർത്ഥക്കരയിലെ നവരാത്രി മണ്ഡപത്തിലെ 15-ന് രാവിലെ സരസ്വതി ദേവിക്ക് പൂജ വെയ്‌ക്കും.
പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവരക്കൊട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയുടെ ഭാഗമായി എത്തിക്കുന്നത്. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ സൂക്ഷിക്കുന്ന ഉടവാൾ അകമ്പടിയായി കൊണ്ടുവരും. എഴുന്നെള്ളത്തിന് മുന്നോടിയായി 12-ന് രാവിലെ കൊട്ടാരത്തിൽ ഉടവാൾ കൈമാറ്റം നടക്കും.
12-ന് പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്രയ്‌ക്ക് അന്ന് രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും 13-ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഇറക്കി ശേഷം പൂജ നടത്തും. 15 മുതൽ 24 വരെയാണ് നവരാത്രി ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: